Bigg Boss Malayalam Season 5:ബിഗ് ബോസ് ഹൗസിലെ 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പതിനേഴ് മത്സരാർത്ഥികളുമായാണ് മത്സരം ആരംഭിച്ചത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ മൂന്ന് മത്സരാർത്ഥികൾ കൂടി ഹൗസിലെത്തിയെങ്കിലും അവരിൽ രണ്ടും പേർക്ക് ഹൗസിൽ നിന്ന് മടങ്ങേണ്ടി വന്നു. എവിക്ഷൻ പ്രക്രിയയിലൂടെ ആദ്യ പതിനേഴു പേരിൽ അഞ്ച് പേരും പുറത്തു പോയി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ലച്ചുവും ഹൗസിനോടു വിടപറഞ്ഞു. അങ്ങനെ അമ്പത് ദിവസങ്ങൾ പിന്നിട്ട് 13 മത്സരാർത്ഥികളാണ് ഹൗസിലിപ്പോഴുള്ളത്. മത്സരം കടുക്കുമ്പോൾ പുതിയൊരു ട്വിസ്റ്റുമായി എത്തുകയാണ് ബിഗ് ബോസ്.
മുൻ സീസണുകളിലെ മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറും വീണ്ടും ഹൗസിലേക്ക് എത്തിയിരിക്കുകയാണ്. മത്സരാർത്ഥികൾ ഇരുവരയെും സ്വീകരിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണിപ്പോൾ ബിഗ് ബോസ്. ഇവരെ എന്തിനാണ് വീണ്ടും കൊണ്ടുവന്നതെന്ന് സംശയത്തിലാണ് പ്രേക്ഷകർ.
ഇതാദ്യമായാണ് ബിഗ് ബോസ് മലയാളത്തിന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു നീക്കമുണ്ടാകുന്നത്. മുൻപത്തെ സീസണുകളിലുള്ള മത്സരാർത്ഥികളൊന്നും ഇതുവരെ ഹൗസിലേക്ക് വീണ്ടുമെത്തിയ ചരിത്രമുണ്ടായിട്ടില്ല.
ബിഗ് ബോസ് മലയാളത്തിന്റെ എല്ലാ സീസണുകളിലേക്കും വച്ച് ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള മത്സരാർത്ഥികളാണ് റോബിനും രജിത്ത് കുമാറും. മത്സരത്തിന്റെ വിജയികളാകാൻ സാധിക്കാതെ ഇടയ്ക്കു വച്ച് പുറത്താകേണ്ടി വന്നരാണ് ഇരുവരും. സഹമത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളകു പുരട്ടി എന്ന കാരണത്താലാണ് രജിത്ത് പുറത്താകുന്നത്. റിയാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നതിനെ തുടർന്നാണ് റോബിൻ ഹൗസിനോട് വിടപറഞ്ഞത്.