Bigg Boss Malayalam Season 5: നൂറുദിവസം നിങ്ങളെ കംഫർട്ട് സോണിൽ നിന്നും വേർപ്പെടുത്തി, പുറം ലോകത്തെ വിശേഷങ്ങൾ അറിയാനുള്ള യാതൊരു വഴിയുമില്ലാതെ, വ്യത്യസ്ത സ്വഭാവമുള്ള ഒരു കൂട്ടം മനുഷ്യർക്കൊപ്പം ഒരു വീട്ടിൽ താമസിപ്പിച്ച് നിരന്തരം വെല്ലുവിളികൾ നൽകികൊണ്ടേയിരുന്നാൽ എന്തു സംഭവിക്കും? നിങ്ങൾക്കു പോലും തീർത്തും അപരിചിതനായ ഉള്ളിലെ ആ രണ്ടാമൻ പുറത്തുചാടും. ഉള്ളിലെ ശക്തിയും ബലഹീനതയും നിസ്സഹായതയുമെല്ലാം അതിന്റെ തീവ്രതയിൽ സ്വയം മനസ്സിലായി തുടങ്ങും. ഓരോ മത്സരാർത്ഥിയേയും മാനസികമായും കായികപരമായും വൈകാരികമായുമൊക്കെ പരീക്ഷിക്കുകയാണ് ബിഗ് ബോസ് എന്ന സോഷ്യൽ എക്സ്‌പെരിമെന്റ് ഷോ.
എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറം സഞ്ചരിക്കുന്ന ഷോ എന്ന രീതിയിൽ വ്യക്തിപരമായും ഏറെ പ്രിയപ്പെട്ടതാണ് ബിഗ് ബോസ്. മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ബിഗ് ബോസ് ഷോയുമായി അസോസിയേറ്റ് ചെയ്യാനുള്ള അവസരം തേടിയെത്തിയതിനെ തുടർന്നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. ഇത് മൂന്നാമത്തെ തവണയാണ് ബിഗ് ബോസ് ഹൗസ് സന്ദർശിക്കുന്നത്. അഞ്ചു മാധ്യമപ്രവർത്തകർക്കാണ് ഇത്തവണ പങ്കെടുക്കാൻ അവസരം ലഭിച്ചത്. വിവിധ മാധ്യമസ്ഥാപനങ്ങളിൽ നിന്നായി എത്തിയ രാധിക, രജനീഷ്, ജിഷ്ണു, നിർമൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒപ്പം യൂട്യൂബ് വ്ളോഗറായ രേവതിയും.
മുംബൈ ഗോരെഗാവിലെ ദാദാസാഹിബ് ഫാൽക്കെ ചിത്രനഗരി (മുംബൈ ഫിലിംസിറ്റി)യിൽ ഒരുക്കിയ ബിഗ് ബോസിന്റെ സെറ്റിലേക്ക് എത്തുമ്പോൾ സമയം രാവിലെ ഒമ്പതരയോട് അടുത്തിരുന്നു. വീടിനകത്ത് 50 ദിവസങ്ങൾ പൂർത്തിയായതിന്റെയും വീക്കൻഡ് എപ്പിസോഡിന്റെയും ആഘോഷലഹരിയിൽ നിന്നും മുക്തരാവുന്നതേയുണ്ടായിരുന്നുള്ളൂ മത്സരാർത്ഥികൾ. കേരളത്തിൽ നിന്നും ഒരു മാധ്യമസംഘം എത്തുന്നുവെന്ന അനൗൺസ്മെന്റ് ലഭിച്ചതോടെ വീടിനകത്ത് ചർച്ചകളും ആരംഭിച്ചു. ചോദ്യങ്ങളെ എങ്ങനെ നേരിടണം, എന്തൊക്കെ ചോദ്യങ്ങളാവും ഉയരുക എന്നിങ്ങനെ കൂട്ടം തിരിഞ്ഞുള്ള സംസാരം വീടിനകത്ത് സജീവമാകുമ്പോൾ മീഡിയ ഇന്ററാക്ഷന്റെ സമയപരിധിയേയും പൊതുവായ നിർദ്ദേശങ്ങളെ കുറിച്ചും ഞങ്ങളോട് സംസാരിക്കുകയായിരുന്നു ബിഗ് ബോസ് അണിയറപ്രവർത്തകർ.
45 മിനിറ്റാണ് പ്രസ് മീറ്റിനു അനുവദിച്ചിരിക്കുന്ന സമയം. പുറത്തെ പൾസ് മത്സരാർത്ഥികളെ അറിയിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്നും എല്ലാവരെയും തുല്യ പ്രാധാന്യത്തോടെ തന്നെ പരിഗണിക്കണമെന്നും അകത്തു കയറുന്നതിനു മുൻപു തന്നെ ഞങ്ങൾ ആറുപേരും തീരുമാനമെടുത്തിരുന്നു. മത്സരാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകൾ, നിലപാടിലെ വൈരുധ്യങ്ങൾ, ഗ്രൂപ്പിസം, ലൗ സ്ട്രാറ്റജി, 50 ദിവസങ്ങൾക്കിപ്പുറവും ഇമേജ് കോൺഷ്യസായി പെരുമാറുന്നു- എന്നിങ്ങനെ വീടിനകത്തു നടന്ന പ്രധാനപ്പെട്ട ചില സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഞങ്ങൾക്ക് പ്രധാനമായും ചോദിക്കാനുണ്ടായിരുന്നത്.
പുറമെ നടക്കുന്ന കാര്യങ്ങൾ വീടിനകത്തുള്ളവരുമായി സംസാരിക്കാൻ പാടില്ല, വീടിനകത്ത് മൊബൈൽ ഫോണോ വാച്ചോ കൊണ്ടുപോവാൻ പാടില്ല തുടങ്ങിയ ബിഗ് ബോസ് നിയമങ്ങളൊക്കെ ഞങ്ങൾക്കും ബാധകമായിരുന്നു. അനുവദിച്ച സമയം അടുത്തപ്പോൾ, കണ്ണു മൂടി കെട്ടി ഞങ്ങളെ ആറുപേരെയും വീടിനകത്തെ ആക്റ്റിവിറ്റി ഏരിയയിലേക്ക് കൊണ്ടുപോയി.
പൊതുവെ, സംഘർഷങ്ങളിൽ നിന്നും മാറി നിൽക്കാൻ ഇഷ്ടപ്പെടുന്ന റിനോഷിനോടായിരുന്നു ആദ്യ ചോദ്യം. റിനോഷിന്റെയും മിഥുന്റെയും വീടിനകത്തെ കോഡ് ഭാഷയും പ്രേക്ഷകർക്ക് അവ്യക്തത വരുത്തുന്ന രീതിയിലുള്ള സംസാരരീതിയെ കുറിച്ചുമായിരുന്നു രാധികയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്.
“വീടിനകത്ത് ഒരു കൂട്ടുകാരനോട് സംസാരിക്കുമ്പോൾ പോലും ഒരു മത്സരാർത്ഥിയുടെ പേരു എടുത്തുപറഞ്ഞ് അഭിപ്രായം പറയാൻ റിനോഷിനു പറ്റുന്നില്ല. അങ്ങനെയാണെങ്കിൽ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ എന്തു നിലപാടാണ് റിനോഷിനുള്ളത്. ഇങ്ങനെ അടക്കം പറയേണ്ട ആവശ്യമുണ്ടോ? തുറന്നു പറയാൻ പാടില്ലേ?”
റിനോഷ്: “മറ്റുള്ളവർ കേൾക്കരുത് എന്ന രീതിയിലാണ് ഞങ്ങൾ കൂടുതലും പതുക്കെ സംസാരിക്കുന്നത്. അല്ലാതെ ആളുകൾ കേൾക്കുന്നതിൽ ഞങ്ങൾക്ക് കുഴപ്പമില്ല. ഞങ്ങൾ സംസാരിക്കുമ്പോൾ പതുക്കെ സംസാരിക്കരുത് എന്ന് ബിഗ് ബോസിൽ നിന്നും ആദ്യമൊക്കെ വാണിംഗ് വരുമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഓരോരുത്തർക്കും ഓരോ പേരു കൊടുത്ത് സംസാരിക്കാൻ തുടങ്ങിയത്. ഇവിടെ ഞങ്ങൾ ഓരോ ടാസ്ക് ചെയ്ത് രസിപ്പിക്കുന്നില്ലേ? അതുപോലെ ജനങ്ങൾക്ക് ഞങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്ന ടാസ്കാണിത്. പേരുകൾ ഞങ്ങൾ ഇടയ്ക്ക് വച്ച് മാറ്റികൊണ്ടിരിക്കുന്നു, അത് ഞങ്ങൾക്കുമൊരു രസം,” അപ്രതീക്ഷിതമായി തന്നിലേക്ക് എത്തിയ ആദ്യ ചോദ്യത്തിന് റിനോഷ് മറുപടി പറഞ്ഞു.
ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷോയിലേക്ക് എത്തുകയും എപ്പോഴും പൊളിറ്റിക്കൽ കറക്റ്റ്നെസ്സും തന്റെ നിലപാടുകളും ഉയർത്തിപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നാദിറയോടായിരുന്നു എന്റെ ചോദ്യം.
“നിലപാടുകൾ ശക്തമായി പറയുന്ന ഒരു മത്സരാർത്ഥിയായാണ് നാദിറയെ കണ്ടിട്ടുള്ളത്. പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെ കുറിച്ചൊക്കെ എപ്പോഴും സംസാരിക്കാൻ ശ്രമിക്കുന്ന ഒരാൾ. കഴിഞ്ഞ ദിവസം ജയിൽ ടാസ്കിനിടെ സാഗർ വെള്ളം തുപ്പിയതിനെ കുറിച്ചാണ് ചോദ്യം. അതു കഴിഞ്ഞിട്ട് നാദിറ പറയുന്നത് സാഗർ ആയതുകൊണ്ടാണ് ഞാൻ പ്രതികരിക്കാതിരുന്നത്. അതങ്ങനെ അംഗീകരിച്ചുകൊടുക്കാവുന്ന ഒരു കാര്യമാണോ? സ്നേഹത്തിന്റെ പുറത്ത് അത്തരം കാര്യങ്ങളെ കണ്ടില്ലെന്നു നടിക്കണമെന്നുണ്ടോ?”
നാദിറ: “ഞാൻ അത് അംഗീകരിക്കുന്നു. സാഗർ ആയതുകൊണ്ടു തന്നെയാണ് ഞാൻ ആ സമയത്ത് പ്രതികരിക്കാതിരുന്നത്. സാഗറിനെ ഒന്നു മാറ്റി നിർത്തി സ്നേഹത്തിൽ പറഞ്ഞാൽ അത് മനസ്സിലാക്കുന്ന ഒരു വ്യക്തിയാണ്. തിരുത്താൻ തയ്യാറായിട്ടുള്ള ഒരു വ്യക്തിയാണ്. ഒരു വട്ടം ഒരു തെറ്റു പറ്റിയാൽ സാഗർ അതു തിരുത്തുമെന്ന പ്രതീക്ഷയുണ്ട്. എന്റെയുള്ളിൽ സാഗറിനോട് ആ ഇഷ്ടം ഉള്ളതുകൊണ്ടു തന്നെയാണ് അങ്ങനെ പറഞ്ഞത്. എന്റെ ലൈഫിൽ വളരെ സ്നേഹിച്ച ആളുകൾ കുറവാണ്. അതുകൊണ്ട് എന്നോട് ആ സ്നേഹം വളരെ പ്യുവർ ആയി കാണിക്കുന്ന ഒരാൾക്ക് ഒരു തെറ്റുപറ്റിയാൽ ക്ഷമിക്കും, സാഗർ സോറിയും പറഞ്ഞു. എനിക്കതിന് അപ്പുറത്തേക്ക് സാഗറിനെ ട്രിഗർ ചെയ്യാൻ തോന്നിയിട്ടില്ല. അത് ഉള്ളിൽ ശുദ്ധമായ സ്നേഹം ഉള്ളതുകൊണ്ടാണ്. എനിക്കത് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.”
പലപ്പോഴും സഹമത്സരാർത്ഥികൾക്കെതിരെ കയ്യോങ്ങുകയും തല്ലുമെന്ന് വിറപ്പിച്ച് നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന അഖിൽ മാരാരോട് ആയിരുന്നു രജനീഷിന്റെ ചോദ്യം.
“അഖിൽ പലപ്പോഴും കയ്യോങ്ങുന്നത് കാണാം. ഒരാൾക്കെതിരെ കയ്യോങ്ങുന്നത് ജനാധിപത്യവിരുദ്ധമാണ്. ബിഗ് ബോസിന്റെ നിയമങ്ങളിലും കയ്യോങ്ങാൻ പാടില്ല. കയ്യോങ്ങുന്നു, നാവ് പകുതി കടിച്ചുവയ്ക്കുന്നു, പ്രത്യേകിച്ചും സ്ത്രീകളോടാണ് അഖിലിന്റെ ഈ തരത്തിലുള്ള രോഷപ്രകടനം. ഈ കാണിക്കുന്നത് പാതി വഴിയ്ക്ക് വച്ച് നിർത്തുന്നുമുണ്ട്. അഖിൽ അപ്പോൾ കൺട്രോൾഡ് ആണെന്ന് സമ്മതിക്കേണ്ടി വരും. ഒർജിനൽ ആവുക എന്നു പറഞ്ഞാൽ കൺട്രോൾഡ് ആകുക എന്നാണോ അർത്ഥം?”
“ഞാൻ കൺട്രോൾഡ് ആയൊരു ഒർജിനലാണ്,” എന്നായിരുന്നു ചിരിയോടെ അഖിലിന്റെ മറുപടി.
വിഷ്ണുവിനെ കൂടെ നിർത്താൻ ശ്രമിക്കുന്നത് കായികപരമായി വിഷ്ണുവിനെ നേരിടാൻ കഴിയാത്തതു കൊണ്ടാണോ കയ്യൂക്കല്ലേ ഇവിടെ കാണിക്കുന്നത്? എന്ന ചോദ്യത്തെയും അഖിലിന് നേരിടേണ്ടി വന്നു.
അഖിൽ: ഞാൻ വിഷയങ്ങളെയാണ് എതിർക്കുന്നത്. അത് ആണോ പെണ്ണോ എന്നു നോക്കി ബിഗ് ബോസിൽ പെരുമാറാൻ പറ്റില്ല. ഇവിടെ ജെൻഡർ വ്യത്യാസമില്ലെന്നാണ് ഇവരും പലപ്പോഴായി പറഞ്ഞിട്ടുള്ളൊരു കാര്യം. മാനസികമായോ കായികപരമായോ ഇവിടെ ജെൻഡർ വ്യത്യാസം ഇല്ല. ഞാനാദ്യം ഒന്നു രണ്ടു തവണ പ്രശ്നം വന്നത് സാഗറിനു എതിരെയാണ്, സാഗറിനോടും ഞാൻ ഇതേ ആറ്റിറ്റ്യൂഡ് കാണിച്ചിട്ടുണ്ട്. ജുനൈസുമായും വാക്കു തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാനും വിഷ്ണുവും തമ്മിൽ വഴക്കുണ്ടായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്, പക്ഷേ ആശയപരമായ പ്രശ്നങ്ങളിലേക്ക് പോവാതിരുന്നത്, ഞങ്ങൾ വിഷയങ്ങളെ ഹ്യൂമറായി കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്. ഞങ്ങൾക്കിടയിൽ ശരിയല്ലാത്ത ഒരു വിഷയം വന്നാൽ തീർച്ചയായും ഇതുപോലെ തന്നെ പ്രതികരിക്കുമായിരിക്കും. എന്റെ കാര്യത്തിൽ മൊമന്റുകൾക്കെതിരെയാണ് റിയാക്ഷൻ സംഭവിക്കുന്നത്.”
“ഗ്രൂപ്പു പൊളിക്കാൻ വന്ന ആളാണ്. എവിടം വരെയായി?” എന്നായിരുന്നു അനുവിനോട് ജിഷ്ണുവിന് ചോദിക്കാനുണ്ടായിരുന്ന ചോദ്യം.
അനു: “ഒരു വശത്തു നിന്നും തുടങ്ങിയതേയുള്ളൂ, പൊളിഞ്ഞോളും. പതിയെ പൊളിയും. ഇനിയുള്ള ദിവസങ്ങൾ എല്ലാവരും വ്യക്തികളായി തന്നെ നിന്ന് കളിക്കേണ്ടതാണ്. ഇതിന്റെ വിജയി ഒരാളെ കാണൂ. അതിലേക്ക് എത്തുമ്പോൾ എല്ലാവരും തനിയെ കളിച്ചു തുടങ്ങും.”
മികച്ച ഗെയിമറായിട്ടും അഖിൽ മാരാറിന്റെ നിഴലായി ഒതുങ്ങിപ്പോവുന്ന വിഷ്ണുവിനോടായിരുന്നു എന്റെ അടുത്ത ചോദ്യം.
തനിയെ നിന്ന് കളിച്ച് നൂറു ദിവസം നിന്ന് വിജയിയാവുക എന്നതാണോ അതോ ഗ്രൂപ്പു കളിച്ച് എങ്ങനെയെങ്കിലും 100 ദിവസം നിൽക്കുക എന്നതാണോ വിഷ്ണുവിന്റെ ലക്ഷ്യം?
വിഷ്ണു: എനിക്ക് ഇതിനകത്തു മുൻപോട്ടു പോവാൻ ഒരു ഗ്രൂപ്പിന്റെയും ആവശ്യമില്ല. നിങ്ങൾ ഗ്രൂപ്പ് എന്നുദ്ദേശിച്ചത് ഷിജു ചേട്ടനെയും അഖിൽ മാരാറേയും ആണെന്ന് എനിക്ക് നന്നായിട്ടറിയാം. ആശയപരമായി ഞങ്ങൾ എതിർത്തുനിന്നു സംസാരിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. തെറ്റുകൾ കണ്ടാൽ ഞാൻ എതിർക്കാറുണ്ട്. ഗ്രൂപ്പ് അല്ല, എന്റെ വേവ് ലെങ്ത്തിൽ ഞാൻ പറയുന്ന കാര്യങ്ങൾ മനസ്സിലാവുന്നത് ഇവർക്കു രണ്ടുപേർക്കും ആയിരിക്കും. ഇതിനകത്ത് എന്തു ഗ്രൂപ്പ് കളിച്ചാലും നമുക്ക് നോമിനേഷനിൽ ഒരാളെ ഗെയ്റ്റിനു അടുത്തുവരെ മാത്രമേ എത്തിക്കാനാവൂ. ബാക്കി തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് എനിക്കറിയാം. ഇവരുമായുള്ള സൗഹൃദമാണെങ്കിൽ കൂടി അതു മാറ്റാൻ ഞാൻ തയ്യാറല്ല.”
നിർമൽ: എതിരഭിപ്രായങ്ങൾ വന്നുകഴിഞ്ഞാൽ റെനീഷ ആദ്യം പറയുന്ന കാര്യം സോറി പറ, സോറി പറ എന്ന സംഗതിയാണ്. അത് ഒരാൾ ഫീൽ ചെയ്തു പറയുന്നതും വെറുതെ പറയുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ? നിർബന്ധിച്ചു പറയിക്കേണ്ട ഒരു സംഗതിയാണോ സോറി?
റെനീഷ: ഒരിക്കലുമല്ല. ആരോടും നേരിട്ട് ചെന്നിട്ട് സോറി പറയാൻ ഞാൻ പറയില്ല. എന്റെ കാഴ്ചപ്പാട് എന്താണ് എന്ന് ആ വ്യക്തികളെ പറഞ്ഞു മനസ്സിലാക്കാൻ നോക്കും. എന്നിട്ട് സോറി പറയണമെന്നു തോന്നുന്നുണ്ടെങ്കിൽ പറയാൻ പറയും. വേണമെങ്കിൽ കേൾക്കട്ടെ, വേണ്ടെങ്കിൽ വേണ്ട. നമ്മളിവിടെ ആരെയും നന്നാക്കാൻ വേണ്ടി വന്നവരല്ലല്ലോ.
ബിഗ് ബോസ് വീടിനകത്തെ ടോം ആൻഡ് ജെറി എന്നറിയപ്പെടുന്ന മത്സരാർത്ഥികളാണ് ശോഭയും മാരാരും. പലപ്പോഴും മാരാരോട് തന്റെ വിയോജിപ്പുകൾ തുറന്നു പറയുന്ന ശോഭ ചിലപ്പോഴൊക്കെ ഗെയിമിന്റെ മുന്നോട്ടുപോക്കിനായി ഡബ്ബിൾ സ്റ്റാൻഡ് സ്വീകരിക്കുന്നുണ്ടോ എന്നതായിരുന്നു ശോഭയോടുള്ള എന്റെ അടുത്ത ചോദ്യം.
ശോഭ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഒരു മത്സരാർത്ഥിയാൽ വല്ലാതെ ബുള്ളി ചെയ്യപ്പെടുന്നു എന്ന്. ഒരേ സമയം ബുള്ളി ചെയ്യപ്പെടുന്നു എന്നു പറയുകയും മറ്റു ചിലപ്പോൾ ടാസ്കിലെ മുന്നോട്ട് പോക്കിന് വേണ്ടി അതെ ആളുടെ ബിഹേവിയർ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. ഉദാഹരണം: കളം ടാസ്കിനിടെ അഖിൽ കാണിച്ചൊരു ചേഷ്ട. ഇത്തരം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതാണോ? അതോ ഡബ്ബിൾ സ്റ്റാൻഡ് എടുക്കുന്നതാണോ?
ശോഭ: നമ്മൾക്ക് എത്രമാത്രം ആശയങ്ങളിൽ വിയോജിപ്പിച്ചുണ്ടെങ്കിലും ഒരു സുഹൃത്ബന്ധം എല്ലാവരുടെ ഇടയിലുമുണ്ട്. നമുക്ക് ഉള്ളിൽ നിന്ന് അങ്ങനെയൊരു ഗ്രഡ്ജ് ഇല്ല എന്നാണ് എന്റെ വിശ്വാസം. ഫൺ ടാസ്ക് വരുമ്പോൾ അത് ആ രീതിയിലേ എടുക്കാറുള്ളൂ. കുറച്ച് ലിമിറ്റ് വിട്ടുപോവുമ്പോൾ ഞാനത് സ്റ്റോപ്പ് ചെയ്യാറുണ്ട്. അതിനെ ഡബ്ബിൾ സ്റ്റാൻഡ് എന്നു വിളിക്കാൻ പറ്റില്ല.
രേവതി: വ്യക്തിഗത ടാസ്കിൽ നന്നായി പെർഫോം ചെയ്യുന്നതു കണ്ടിട്ടുണ്ട്. പക്ഷേ ഗ്രൂപ്പ് ടാസ്ക് വരുമ്പോൾ ശോഭയ്ക്ക് ആളുകളെ കോർഡിനേറ്റ് ചെയ്ത് കളിക്കാൻ പറ്റുന്നില്ല. എന്തുകൊണ്ടാണ് ശോഭയ്ക്ക് അത് പറ്റാത്തത്, ഒന്നുകിൽ ശോഭയ്ക്ക് ആരെയും വിശ്വാസമില്ല കൂടെ നിർത്താൻ, അല്ലെങ്കിൽ അവർക്കാർക്കും വിശ്വാസമില്ല?
ശോഭ: ഈ പറഞ്ഞത് ടാസ്കിനെ കുറിച്ചാണ്. ടാസ്കിനപ്പുറം വീടിനകത്ത് വ്യക്തികൾക്കിടയിൽ തന്നെ ഗ്രൂപ്പുകൾ ഫോം ചെയ്തിട്ടുണ്ട്. അവർക്ക് എളുപ്പം ഗ്രൂപ്പായി കളിക്കാൻ എളുപ്പമാണ്. എനിക്ക് അത്തരത്തിൽ ഗ്രൂപ്പുകളില്ല. ഉള്ളിലുള്ളത് പുറത്തേക്കും പ്രതിഫലിപ്പിക്കുന്നതാവും. ഇപ്പോൾ 50 ദിവസം കഴിഞ്ഞു, ഇനി ഞാൻ എന്റെ ഗെയിം പ്ലാനിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും.
മിഥുൻ വിഷ്ണുവിനെ മനപൂർവ്വം അറ്റാക്ക് ചെയ്യുമെന്ന് വെല്ലുവിളിച്ചതും ജുനൈസിന് സൗഹൃദങ്ങളിൽ പോലുമുള്ള ട്രസ്റ്റ് ഇഷ്യുവും നോമിനേഷനിൽ വരുമ്പോഴുള്ള അമിതമായ ഉത്കണ്ഠയും സെറീന- സാഗർ ലവ് ട്രാക്കും ഷിജുവിന്റെ പക്ഷപാതം കാണിക്കലുമെല്ലാം ചോദ്യശരങ്ങളായി മത്സരാർത്ഥികളെ തേടിയെത്തി. 50 മിനിറ്റോളം നീണ്ടുപോയ പ്രസ് മീറ്റ് അവസാനിച്ച് ഞങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും, വീടിനകത്ത് പ്രസ്സ് മീറ്റിന്റെ അനന്തരഫലമെന്ന രീതിയിൽ വഴക്കുകൾ ആരംഭിച്ചിരുന്നു. തങ്ങൾക്കു നേരെ ഉയർന്ന പ്രധാന വിമർശനങ്ങളെ എങ്ങനെയാണ് മത്സരാർത്ഥികൾ നേരിടുകയെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.