/indian-express-malayalam/media/media_files/uploads/2023/06/Aniyan-Midhun-Sruthi-Lakshmi-Bigg-Boss.jpg)
അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ഫിനാലെയ്ക്ക് ഇനി രണ്ടു ദിവസങ്ങൾ മാത്രം ബാക്കി. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ജുനൈസ്, റെനീഷ റഹ്മാൻ, സെറീന ആൻ ജോൺസൺ, ഷിജു എന്നിവരാണ് ബിഗ് ബോസ് വിജയകീരിടത്തിനായി മത്സരിക്കുന്നത്. ആരാവും ബിഗ് ബോസ് വിന്നറാവുക എന്നറിയാനാണ് പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ ഒരു ഗെറ്റ് റ്റുഗദറിന്റെ അന്തരീക്ഷമാണുള്ളത്. ഷോയിൽ നിന്നും ഇതുവരെ എവിക്റ്റ് ആയ മത്സരാർത്ഥികൾ ഓരോരുത്തരായി ഹൗസിലേക്ക് അതിഥികളായി എത്തികൊണ്ടിരിക്കുകയാണ്. ലെച്ചു, ഹനാൻ, ഗോപിക, ഏഞ്ചലീന, ശ്രുതി, അനു, മിഥുൻ, ദേവു, വിഷ്ണു, സാഗർ, മനീഷ, ഒമർ ലുലു തുടങ്ങിയ മറ്റു മത്സരാർത്ഥികളും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒത്തുചേരുമ്പോൾ മത്സരാർത്ഥികൾ പരമാവധി അടുപ്പക്കുറവും പിണക്കങ്ങളുമൊക്കെ പുറത്തുകാണിക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലരുടെ സംസാരത്തിലും പ്രവർത്തികളുമൊക്കെ അടുപ്പക്കുറവ് നിഴലിക്കുന്നുണ്ട്. ഹൗസിലെത്തിയ ഉടനെ ശ്രുതിലക്ഷ്മിയുടെ ശരീരഭാഷയിലും മിഥുനോടുള്ള അടുപ്പക്കുറവ് കൃത്യമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തുറന്നു സംസാരിക്കുകയും ചെയ്തു.
ബിഗ് ബോസ് വീടിനകത്ത് ശ്രുതി ലക്ഷ്മി ഏറ്റവും കൂടുതൽ സൗഹൃദം പങ്കിട്ടത് റിനോഷ്, അനിയൻ മിഥുൻ എന്നിവരുമായിട്ടായിരുന്നു. എന്നാൽ, ജീവിതകഥ പറയുന്ന ടാസ്കിൽ മിഥുൻ പറഞ്ഞ വ്യാജകഥ വിവാദമായതാണ് ശ്രുതിയേയും വിഷമത്തിലാക്കിയത്. വിശ്വസിച്ച സുഹൃത്തു തന്നെ കള്ളം പറഞ്ഞു എന്നതിലുള്ള വിഷമം മിഥുനോട് പ്രകടിപ്പിക്കുകയാണ് ശ്രുതി.
'എന്റെ വിശേഷങ്ങൾ അറിഞ്ഞില്ലേ. ഭയങ്കര പ്രശ്നമാണ്, അവരെന്റെ പ്രൊഫഷനെ വരെ കൈവച്ചു' എന്നാണ് മിഥുൻ ശ്രുതിയോട് പറയുന്നത്.
"എനിക്ക് നിന്നെ മനസ്സിലാവുന്നില്ല.നീ ഒരുപാട് ജനുവിൻ ആയ ഒരാളായാണ് ഞാൻ കരുതിയത്. നീ ആ കഥ എന്നോടാണ് ആദ്യം പറഞ്ഞത്, നിന്നെ ഞാൻ ഒരുപാട് വിശ്വസിച്ചിരുന്നു. അതാണെന്റെ വിഷമം. ആ ഒറ്റ കഥ കാരണം.. നീ തന്നെ ക്ലിയർ ചെയ്യേണ്ട വിഷയമാണിത്," ശ്രുതിലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ.
ഞാനെന്തായാലും ക്ലിയർ ചെയ്യും, പുറത്തിറങ്ങട്ടെ, എന്റെ വളരെ അടുത്ത സർക്കിളിലുള്ള ആളുകളോട് ഞാനെന്തായാലും അതു പറയുമെന്നാണ് മിഥുൻ പറയുന്നത്.
ജീവിതകഥ പറയുന്ന ടാസ്കിൽ ഇന്ത്യൻ ആർമിയിലെ ഒരു ലേഡി ഓഫിസറെ കുറിച്ച് മിഥുൻ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലാവുകയും മേജർ രവി ഉൾപ്പെടെയുള്ളവർ മിഥുനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. മോഹൻലാലും മിഥുൻ പറഞ്ഞ ജീവിതകഥ സത്യമാണോ എന്നു തിരക്കിയപ്പോൾ പറഞ്ഞ കഥയിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു മിഥുൻ.
എന്നാൽ, വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ മാരാറോട് മിഥുൻ സത്യം തുറന്നുപറഞ്ഞു. സന വിഷയത്തിൽ പറഞ്ഞത് കള്ളമായിരുന്നു എന്നാണ് മിഥുൻ മാരാരോട് മനസ്സ് തുറന്നത്. "നീ അസാധ്യ സ്ക്രിപ്റ്റ് റൈറ്റർ തന്നെ. നിന്നെ കൂടെ കൂട്ടിയാൽ പൊളിക്കും," എന്നാണ് ചിരിയോടെ അഖിൽ മറുപടി നൽകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.