Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാർത്ഥികൾ പത്താം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒപ്പം ബിഗ് ബോസ് വീടിന്റെ പുതിയ ക്യാപ്റ്റനായി ശോഭ വിശ്വനാഥ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇത് രണ്ടാമത്തെ തവണയാണ് ശോഭ ക്യാപ്റ്റനാവുന്നത്.
സൻമനസ്സുള്ളവർ സമാധാനം എന്ന വീക്കിലി ടാസ്കിൽ രണ്ടാം സ്ഥാനം നേടിയ അനിയന്‍ മിഥുന്‍ ആദ്യമേ തന്നെ നേരിട്ട് ക്യാപ്റ്റന്‍സി മത്സരത്തിലേക്ക് ഇടംപിടിച്ചിരുന്നു. ക്യാപ്റ്റൻസി ടാസ്കിൽ മിഥുനൊപ്പം മത്സരിക്കാൻ രണ്ടുപേരെ കൂടെ വീട്ടിലുള്ളവർ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. സെറീനയാണ് ഏറ്റവും കൂടുതൽ വോട്ട് നേടി ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടിയ രണ്ടാമത്തെ മത്സരാർത്ഥി. റിനോഷ്, ശോഭ എന്നിവർ ആദ്യഘട്ടത്തിൽ തുല്യവോട്ടുകൾ നേടി. വീണ്ടും നടത്തിയ പോളിൽ റിനോഷിനെ പിൻതള്ളി ശോഭ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ക്യാപ്റ്റൻസി ടാസ്കിൽ മിഥുനും സെറീനയും ശോഭയുമായിരുന്നു എതിരാളികൾ. കണ്ണുകൾ ബ്ലൈൻഡ് ഫോൾഡ് കൊണ്ടു മൂടിക്കെട്ടി പ്രത്യേകം നൽകിയ ഫ്രെയിമിനകത്തു കൂടെ ഒരറ്റം മുതൽ മറുവശം വരെ നടന്ന് ഓരോരുത്തർക്കും നൽകിയ കൊടികൾ എതിർവശത്തു നൽകിയ സ്റ്റാൻഡിൽ സ്ഥാപിക്കുക എന്നതായിരുന്നു ടാസ്ക്. ഇതിനായി ഏറ്റവും വിശ്വസ്തരെന്ന് തോന്നുന്ന ഓരോ സഹായികളെയും ഓരോ മത്സരാര്‍ഥിക്കും തെരഞ്ഞെടുക്കാമായിരുന്നു. ഇതനുസരിച്ച് സെറീന അഖിലിനെയും ശോഭ നാദിറയെയും മിഥുന്‍ റിനോഷിനെയുമാണ് തെരഞ്ഞെടുത്തത്. കണ്ണടച്ചുള്ള മുന്നോട്ടു പോക്കിനിടയിൽ മൂന്നുപേരും പരസ്പരം തട്ടി തടഞ്ഞ് വീഴാൻ പോവുന്നുണ്ടായിരുന്നു. സെറീന ഒരു തവണ അടിതെറ്റി വീഴുകയും ചെയ്തു. ടാസ്കിൽ ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ കൊടികൾ സ്ഥാപിച്ച ശോഭയെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു.
എന്നാൽ, ടാസ്കിനു അവസാനം ശോഭയുടെ പ്രകടനം വീടിനകത്ത് സഹമത്സരാർത്ഥികൾ ചർച്ച ചെയ്യുന്നതിനിടയിലാണ് കളിയിൽ കള്ളത്തരം നടന്നോ എന്ന ആശങ്ക പലരും പങ്കുവച്ചത്. അനു ജോസഫ്, റിനോഷ്, മിഥുൻ, സെറീന, മാരാർ, റെനീഷ എന്നിവരെല്ലാം ഇക്കാര്യം ചർച്ച ചെയ്യുകയുണ്ടായി. ശോഭയുടെ കണ്ണുകൾ കൃത്യമായി മൂടികെട്ടിയിട്ടില്ലായിരുന്നുവെന്നും ശോഭയ്ക്ക് ബ്ലൈൻഡ് ഫോൾഡിന് അകത്തുകൂടെ കാണാമായിരുന്നു എന്നും അതിനാലാണ് വേഗത്തിൽ ടാസ്ക് പൂർത്തിയാക്കാൻ ശോഭയ്ക്ക് കഴിഞ്ഞത് എന്നുമാണ് മറ്റുള്ളവർ വിലയിരുത്തുന്നത്.
അതേസമയം, വീടിനകത്തെ ഈ സംസാരങ്ങൾ ശ്രദ്ധിച്ച ശോഭ തനിക്ക് ക്യാപ്റ്റൻസി അവസരം സെറീനയ്ക്ക് കൈമാറാൻ ആഗ്രഹമുണ്ടെന്ന് നാദിറയോട് പറയുകയും ചെയ്തു. എന്നാൽ, ഗെയിമിൽ ശോഭയുടെ സപ്പോർട്ടറായി നിന്നിട്ടുള്ള നാദിറ, അങ്ങനെ ചെയ്യരുത് എന്നും ഞാനും കൂടി കഷ്ടപ്പെട്ട വിജയമാണിതെന്നും ശോഭയെ തിരുത്തുകയാണ്.
സോഷ്യൽ മീഡിയയിലും ഈ ക്യാപ്റ്റൻസി ടാസ്ക് ചർച്ചയായിരിക്കുകയാണ്. ശോഭയുടെ ചലനങ്ങൾ ശ്രദ്ധിച്ചാൽ ബ്ലൈൻഡ് ഫോൾഡിലൂടെ ശോഭയ്ക്ക് കാണാൻ സാധിച്ചിരുന്നു എന്ന് വ്യക്തമാവുമെന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം. എന്തായാലും ക്യാപ്റ്റൻസി ടാസ്കിൽ കള്ളത്തരം നടന്നിട്ടുണ്ടോ? എന്ന വിഷയം വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ ഉന്നയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.