Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. എന്റർടെയിനർ, പെർഫോമർ എന്നീ നിലകളിൽ അഖിൽ പ്രേക്ഷകരുടെ ഇഷ്ടം നേടുമ്പോഴും അഖിലിന്റെ ദേഷ്യവും സഹമത്സരാർത്ഥികളെ തല്ലാനോങ്ങുന്ന പ്രകൃതവും സ്ത്രീവിരുദ്ധമായ ചില നിലപാടുകളുമൊക്കെ ഏറെ വിമർശങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
ബിഗ് ബോസ് വീടിനകത്തെ അഖിലിന്റെയും ശോഭയുടെയും ടോം ആൻഡ് ജെറി സൗഹൃദവും സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ ഒന്നാണ്. എപ്പോഴും പോരടിക്കുന്ന രണ്ടു മത്സരാർത്ഥികളാണ് അഖിൽ മാരാരും ശോഭയും. ശോഭയും അഖിലും തമ്മിലുള്ള ഉരസലുകളെ കുറിച്ച് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘എപ്പോഴും ഫൈറ്റ് ചെയ്ത് നിൽക്കുന്ന മത്സരാർത്ഥിയാണ് ശോഭ. ശോഭയോട് ഒരിഷ്ടക്കൂടുതലുണ്ടോ?’ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു രാജലക്ഷ്മി. “ശോഭ വ്യക്തിപരമായൊക്കെ നല്ലയാളാണ്. വ്യക്തിത്വവും നല്ലതാണ്. പക്ഷേ ഹ്യൂമാനിറ്റിക് രീതിയിൽ പോവുമ്പോൾ ചിലപ്പോഴൊക്കെ മനുഷ്യത്വ വിരുദ്ധമായി പെരുമാറുന്നതായി തോന്നിയിട്ടുണ്ട്. ശോഭയുടെ ബിഗ് ബോസിലെ ഒരേ ഒരു ടാർഗറ്റ് അഖിൽ മാരാറാണ്. മാരാരുടെ അടുത്തു കൂടെ പോലും പോവാത്ത വിഷയങ്ങളിൽ പോലും അഖിൽ മാരാരാണ് ഇതിനു കാരണക്കാരൻ എന്ന രീതിയിൽ ശോഭ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.”
“എന്നെ ഒരുപാട് വേദനിപ്പിച്ച സംഭവമാണ് ആ വീട്ടിൽ നടന്ന തൈര് വിഷയം. മാരാർക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. എല്ലാ രീതിയിലുള്ള ഭക്ഷണമൊന്നും കഴിക്കാൻ പറ്റില്ല. റിനോഷും ഷിജുവേട്ടനും റെനീഷയുമൊക്കെ പറയുന്നുണ്ടായിരുന്നു മാരാർക്ക് ഡോക്ടർ നിർദ്ദേശിച്ചതാണ് തൈര് കൂട്ടി കഴിക്കുക എന്നത്. അഖിലിനു കഴിക്കാനായി എക്സ്‌ട്രാ തൈര് നൽകുന്നുണ്ട് എന്നുകൂടി ഷിജു ചേട്ടൻ പറയുന്നുണ്ടായിരുന്നു. പക്ഷേ എന്നിട്ടും അതിലു പോലും ശോഭ കയറി ഇടപെടുകയും ലഞ്ച് ടൈമിൽ മാരാർ പച്ചച്ചോറ് മാത്രം വാരി കഴിക്കുന്നതും കണ്ടു. എല്ലാവരും നിർബന്ധിക്കുമ്പോഴും ശോഭ ഒന്നും ചെയ്യാതെ അടുത്തിരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശോഭയുടെ ഭാഗത്തു നിന്ന് ഒരു വാക്കുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പുള്ളി തൈര് കൂട്ടി കഴിച്ചേനെ. അതൊക്കെ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി,” രാജലക്ഷ്മി പറയുന്നു.
അതേസമയം, ശോഭ അഖിലിന് മേക്കപ്പ് ചെയ്തു കൊടുക്കുന്ന രംഗമൊക്കെ ഒരുപാട് ആസ്വദിച്ചെന്നും രാജലക്ഷ്മി പറയുന്നു.