Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ ഇതിനകം 44 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ബിഗ് ബോസ് വീട്ടിൽ അതിജീവനത്തിന്റെ 50 ദിവസങ്ങൾ പിന്നിടുക എന്ന നേട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് മത്സരാർത്ഥികൾ. ടാസ്കുകളും കഠിനമായി തുടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
മത്സരാർത്ഥികളുടെ വീറും വാശിയും മത്സരബുദ്ധിയുമൊക്കെ പുറത്തുചാടിക്കുന്നതാണ് ബിഗ് ബോസ് നൽകുന്ന ഗെയിമുകളും ടാസ്കുകളുമൊക്കെ. തിങ്കളാഴ്ച ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ടാസ്കും അത്തരത്തിലുള്ള ഒന്നായിരുന്നു. ഗാര്‍ഡൻ ഏരിയയില്‍ ജോമട്രിക് ആകൃതിയിലുള്ളതും വ്യത്യസ്ത വലിപ്പത്തിലുള്ളതുമായ നിരവധി കളങ്ങൾ നൽകിയിരുന്നു. ഓരോ കളത്തിനും ഓരോ നമ്പറുകളും ബിഗ് ബോസ് നൽകി. ബസര്‍ കേള്‍ക്കുമ്പോള്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ മത്സരാര്‍ഥികൾ നിരന്നു നിൽക്കുക. ബിഗ് ബോസ് ഓരോ നമ്പറുകളായി അനൗൺസ് ചെയ്യുമ്പോൾ ഓരോരുത്തരും ഓടി അതാതു നമ്പറുകൾ മാർക്ക് ചെയ്ത കളത്തിനുള്ളിൽ കയറി നിൽക്കുക എന്നതായിരുന്നു ടാസ്ക്. കളത്തിനുള്ളില്‍ നില്‍ക്കാൻ കഴിയാതെ പുറത്തുനില്‍ക്കേണ്ടി വരുന്ന മത്സരാർത്ഥികൾ ഓരോ റൗണ്ടിലും ഔട്ടാവും. ഔട്ടായവർ ഓരോരുത്തരായി നേരെ ജയിലിൽ പോവുക. മത്സരാവസാനംവരെ കളിയിൽ നിന്നും ഔട്ടാവാതെ നിൽക്കുന്ന മത്സരാർത്ഥിയെ വിജയി ആയി പ്രഖ്യാപിക്കും. ഇതായിരുന്നു ടാസ്ക്.
വർധിച്ച മത്സരബുദ്ധിയോടെയാണ് ഓരോരുത്തരും ഗെയിം കളിച്ചത്. ആദ്യ റൗണ്ടിൽ തന്നെ ഷിജു പുറത്തായി. പിന്നാലെ സാഗർ, മിഥുൻ, റെനീഷ്, സെറീന എന്നിവരും. ആളുകൾ കുറയുന്നതിനു അനുസരിച്ച് മത്സരവീര്യവും കൂടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യാവസാനം അതീവ മത്സരബുദ്ധിയോടെ കളിച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ശോഭ. പലപ്പോഴും സ്വന്തം ശരീരമോ അപകടസാധ്യതകളോ ഒന്നും കണക്കിലെടുക്കാതെ മത്സരാർത്ഥികളുടെ ശരീരത്തിലേക്ക് വലിഞ്ഞുകയറുകയും കഴുത്തിൽ കയറിയിരിക്കുകയുമൊക്കെ ചെയ്യുന്ന ശോഭയെ ആണ് പ്രേക്ഷകർ കണ്ടത്. അവസാന റൗണ്ടിലേക്ക് അടുത്തപ്പോൾ ശോഭ, അഞ്ജുസ്, അഖിൽ മാരാർ, വിഷ്ണു എന്നിവർ തമ്മിലായി പോരാട്ടം.
പലതവണ കളത്തില്‍ നിന്ന് പുറത്തായെങ്കിലും വിട്ടുകൊടുക്കാൻ ശോഭ തയ്യാറായിരുന്നില്ല. പലപ്പോഴും തലനാരിഴയ്ക്കാണ് പരുക്കു പറ്റാനുള്ള സാഹചര്യം ഒഴിഞ്ഞുപോയത്. ശ്രദ്ധയോടെ കളിക്കാനും അഗ്രസീവ് ആവരുത് എന്നുമൊക്കെ മറ്റു മത്സരാർത്ഥികൾ വിളിച്ചുപറഞ്ഞിട്ടും ശോഭയും അഞ്ജൂസും ചെവി കൊണ്ടില്ല. ശോഭയുടെ അപകടകരമായ ഗെയിം കണ്ട് ഷിജു പലപ്പോഴും രൂക്ഷമായി തന്നെ പ്രതികരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ അഞ്ജൂസും ശോഭയും ഗെയിമിൽ നിന്നും പുറത്തായി ജയിലിലേക്ക് ചെന്നു. അതോടെയാണ് ശോഭ- ഷിജു കലഹം തുടങ്ങിയത്. ടാസ്‍കില്‍ നിന്ന് പിൻമാറേണ്ടി വന്നതിന്റെ രോഷത്തോടെയാണ് ശോഭ ഷിജുവിനോട് സംസാരിച്ചത്. ടാസ്ക് വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമായിരുന്നില്ലെന്നും ക്യാപ്റ്റൻ കൂടിയായ ഷിജു എന്തിനാണ് തന്നെ തിരികെ വിളിച്ചത് എന്നുമായിരുന്നു ശോഭ കയർത്തു സംസാരിച്ചത്.
‘നീ തലതല്ലിയാണ് വീണത്, നിന്റെ കയ്യും കാലും ഒടിയുകയോ എന്തെങ്കിലും അപകടം പറ്റുകയോ ചെയ്യുമെന്നുള്ളതു കൊണ്ടാണ് ടാസ്കിൽ നിന്ന് ഇറങ്ങാൻ പറഞ്ഞത്. അവരോട് ഏറ്റുമുട്ടി നിനക്ക് ജയിക്കാനാകില്ലെ’ന്നും ഷിജു ശോഭയോട് വ്യക്തമാക്കി. എനിക്ക് ജയിക്കാൻ കഴിയില്ലെന്ന് പറയാൻ നിങ്ങള്‍ ആരാണ് എന്നായിരുന്നു ശോഭയുടെ മറുചോദ്യം. താൻ പറഞ്ഞ കാര്യം മനസ്സിലാകാതെ പ്രതികരിച്ച ശോഭയെ ഷിജു ഇഡിയറ്റ് എന്നുവിളിച്ചു. ഇതോടെ ശോഭ പൊട്ടിത്തെറിക്കുകയായിരുന്നു. ഇഡിയറ്റെന്ന് വീട്ടില്‍ പോയി വിളിച്ചാല്‍ മതി, സൂക്ഷിച്ചു സംസാരിക്കണമെന്ന് ശോഭ ഷിജുവിനെ താക്കീത് ചെയ്തു. ടാസ്ക് പൂർത്തിയാകുന്നതിനു മുൻപു തന്നെ പരസ്പരമുള്ള കലഹം അവസാനിപ്പിച്ച് തമ്മിൽ കൈകൊടുത്താണ് ഷിജുവും ശോഭയും ജയിൽ വിട്ടിറങ്ങിയത്.
കഴിഞ്ഞ ടാസ്കോടെ ശോഭയുടെ ഗെയിം പ്ലാനിനെ പ്രേക്ഷകരും വിമർശിക്കുന്നുണ്ട്. മത്സരബുദ്ധി നല്ലതാണെങ്കിലും ശോഭ അതിരുവിടുന്നുവെന്നാണ് ബിഗ് ബോസ് വൈറൽ കട്ടുകൾക്കു താഴെ പ്രേക്ഷകരുടെ പ്രതികരണം. സ്വന്തം ജീവനെയും മറ്റുള്ളവരെയും ഒരുപോലെ അപകടത്തിലാക്കുന്നതാണ് ശോഭയുടെ ഗെയിം പ്ലാൻ എന്നാണ് പ്രേക്ഷകർ വിമർശിക്കുന്നത്.