Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ 40 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച നടന്ന മിഷൻ എക്സ് ടാസ്ക്കിന്റെ പശ്ചാത്തലത്തിലാണ് അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് മത്സരാർത്ഥികളെ നോമിനേറ്റ് ചെയ്തത്. അനു, വിഷ്ണു, ഷിജു എന്നിവരെയാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മത്സരാർത്ഥികൾ തിരഞ്ഞെടുത്തത്. ഇവരിൽ ടാസ്ക്കിൽ വിജയിച്ച് ഷിജു ക്യാപ്ണാവുകയും ചെയ്തു. ഷിജുവിന്റെ പിറന്നാൾ ദിവസം കൂടിയായിരുന്ന ഇന്നലെ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല സമ്മാനമാണ് ക്യാപ്റ്റൻസി എന്ന് പ്രേക്ഷകരും ഹൗസ് അംഗങ്ങളും ഒരു പോലെ പറയുന്നു. ഹൗസിലെ അംഗങ്ങൾ ഷിജുവിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി.
മത്സരത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മത്സരാർത്ഥി കൂടിയാണ് ഷിജു. നാൽപ്പതുകളിലായിട്ടും ഷിജു വളരെ ഊർജസ്വലനായി ഗെയിമുകൾ നേരിടുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. തന്റെ ജീവിതത്തിലെ അവസാനത്തെ കച്ചിതുരുമ്പാണ് ബിഗ് ബോസെന്നും ഇതിൽ തനിക്ക് വിജയിച്ചേ മതിയാകൂയെന്നും ഷിജു ഒരിക്കൽ സഹമത്സരാർത്ഥി റിനോഷിനോട് പറഞ്ഞിരുന്നു.
മലയാളത്തിലും തെലുങ്കിലും ശ്രദ്ധേയനായ ഷിജു അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത ‘നീയും ഞാനും’ എന്ന സീരിയലില്‍ നായകനായും ഷിജു തിളങ്ങിയിരുന്നു. ഈ സീരിയൽ അടുത്തിടെയാണ് അവസാനിച്ചത്.
ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രമാണ് ഷിജുവിനെ മലയാള സിനിമപ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. പിന്നീട് കാലചക്രം, സിദ്ധാർത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ് തുടങ്ങി ധാരാളം മലയാളം ചിത്രങ്ങൾ ചെയ്തു.
കോഡിരാമ കൃഷ്ണ സംവിധാനം ചെയ്ത ദേവി എന്ന തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായിരുന്നു. ദേവി ഷിജു എന്നാണ് തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഈ നടൻ അറിയപ്പെടുന്നത്. മനസന്ത നുവ്വെ, നുവ്വു നാക്കു നച്ചാവു, സിംഹരാശി, അമ്മായികോസം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. രാജേഷ് ടച്ച്‌റൈവർ സംവിധാനം ചെയ്ത ‘ഇൻ നെയിം ഓഫ് ബുദ്ധ’ എന്ന ചിത്രത്തിലും ഷിജു ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. കൊല്ലം സ്വദേശിയായ ഷിജു ഇപ്പോൾ എറണാകുളത്താണ് താമസം.