Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 22 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഈ സീസണിലെ ആദ്യത്തെ എവിക്ഷൻ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഏഞ്ചലീനയാണ് ബിഗ് ബോസ് മലയാളം സീസണിൽ നിന്നും ആദ്യമായി എവിക്റ്റായ മത്സരാർത്ഥി. ഇനി 17 പേരാണ് വീടിനകത്ത് ശേഷിക്കുന്നത്. ഈ ബുധനാഴ്ചയോടെ ഒരു മിഡ് വീക്ക് എവിക്ഷൻ കൂടി നടക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല.
അതേസമയം, വീടിനകത്തെ സൗഹൃദങ്ങളുടെ സമവാക്യങ്ങളും മാറി തുടങ്ങിയിട്ടുണ്ട്. ശോഭ വിശ്വനാഥാണ് ഈ ആഴ്ചത്തെ ക്യാപ്റ്റൻ. കിച്ചൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ഗോപികയാണ്. അക്ഷരാർത്ഥത്തിൽ ഗോപികയുടെ ഭരണമാണ് കിച്ചനിൽ കാണാൻ കഴിയുന്നത്. എന്റെ അധികാരപരിധിയിൽ ഇടപെടരുതെന്ന് ശോഭയോട് പോലും ഗോപിക കയർക്കുന്നുണ്ട്. അത്ര നാളും കൂട്ടുകാരായി കരുതിയ സാഗറിനോടും ജുനൈസിനോടും വരെ വഴക്കിടുന്ന ഗോപികയേയും ഇന്നലത്തെ എപ്പിസോഡിൽ കാണാൻ കഴിയും.
അതേസമയം, കണ്ടന്റിനായി മനപൂർവ്വം സീനുകൾ ക്രിയേറ്റ് ചെയ്യാനും ഗോപിക ശ്രമിക്കാറുണ്ട്. ഗോപികയുടെ അത്തരത്തിലുള്ള ഒരു ശ്രമത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ഷിജു. എല്ലാവരെയും ലിവിംഗ് റൂമിൽ മീറ്റിംഗിന് വിളിച്ചിരുത്തി ആരും കിച്ചനിൽ വച്ച് വഴക്കുണ്ടാക്കരുത് എന്ന് നിർദേശം നൽകുകയായിരുന്നു ഗോപിക. എന്നാൽ സ്ക്രീൻ സ്പേസ് കിട്ടാനുള്ള ഗോപികയുടെ സ്ട്രാറ്റജിയാണ് അതെന്നു മനസ്സിലാക്കി ഷിജു അവിടെ നിന്നും എണീറ്റു പോയി.
പിന്നീട്, സ്മോക്കിംഗ് ഏരിയയിൽ വച്ച് മാരാറോട് ഇതേക്കുറിച്ച് ഷിജു സംസാരിച്ചു. “അവൾ ഗെയിം നല്ല പോലെ പഠിച്ചു വന്നതാണ്, ഇത് കഴിഞ്ഞ സീസണിൽ മറ്റവൻ ഇറക്കിയ സ്ട്രാറ്റജിയാണ്. നമ്മളതിന് നിന്നു കൊടുക്കേണ്ട ആവശ്യമില്ല,” എന്നാണ് അഖിൽ മാരാരോടു ഷിജു പറയുന്നത്.
ബിഗ് ബോസ് സീസൺ നാലിൽ റോബിൻ രാധാകൃഷ്ണൻ പഴറ്റിയ സ്ട്രാറ്റജിയായിരുന്നു ഇത്. സ്ക്രീൻ സ്പേസ് കിട്ടാനായി ഇത്തരത്തിലുള്ള രംഗങ്ങൾ പരമാവധി സൃഷ്ടിക്കാൻ റോബിൻ ശ്രമിച്ചിരുന്നു.