Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഇതുവരേയ്ക്കും മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്കുകളിൽ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു മിഷൻ എക്സ് എന്ന വീക്ക്‌ലി ടാസ്ക്ക്. ആൽഫ, ബീറ്റ എന്നിങ്ങൻെ രണ്ടു ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം.
നാദിറ, ജുനൈസ്, റെനീഷ്, സെറീന, സാഗർ, അഞ്ജൂസ് , മിഥുൻ എന്നിവർ ആൽഫ ടീമിലും ശോഭ, ഷിജു, അഖിൽ, വിഷ്ണു, ശ്രുതി, റിനോഷ്, അനു, ഒമർ ലുലു എന്നിവർ ബീറ്റ ടീമിലുമായിരുന്നു. ശാസ്ത്ര ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ടാസ്ക്ക് നടന്നത്. ആൽഫ ടീമംഗങ്ങളുടെ കണ്ണു വെട്ടിച്ച് ബീറ്റ ടീം നാലു ഫ്യൂസുകൾ കുത്തണമെന്നായിരുന്നു ആദ്യ ടാസ്ക്ക്. ബീറ്റ ടീം വളരെ വിജയകരമായി ഒരു ഫ്യൂസ് കുത്തുകയും ചെയ്തു. ഇതിനിടയിൽ ചില സംഭവവികാസങ്ങളും ഹൗസിൽ അരങ്ങേറി.
മിസ്റ്റർ എക്സ് എന്ന ടാസ്ക്കിനിടയിൽ മത്സരാർത്ഥികൾ തമ്മിൽ നല്ല രീതിയിലുള്ള ഉന്തും തള്ളുമെല്ലാം നടന്നിരുന്നു. എന്നാൽ ഇനി വരുന്ന ദിവസം വളരെ രസകരമായി ഈ ടാസ്ക്ക് താൻ മുന്നോട്ട് കൊണ്ടു പോകുമെന്ന് സാഗർ തീരുമാനമെടുത്തു. ഇതിനു പിന്നാലെയാണ് രണ്ടാം ദിവസം നടന്ന ടാസ്ക്കിനിടയിൽ സാഗർ എതിർ ടീമിലെ മത്സരാർത്ഥികളുടെ മുഖത്തും ശരീരത്തിലും ഐസ് കട്ട വച്ചത്. വിഷ്ണു, അഖിൽ എന്നിവരുടെ മുഖത്തും കഴുത്തിലുമായാണ് സാഗർ കൂടുതൽ ഐസ് വച്ചത്. മത്സരത്തിനിടയ്ക്ക് ആരും ഇതു ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് റിനോഷ് ഈ കാര്യം ചോദ്യം ചെയ്തു.
“എന്റെ കൈയ്യിൽ ചൂട് ചായയുണ്ട്, ഇതു മുഖത്തേയ്ക്ക് ഒഴിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ ഒഴിക്കാതിരിക്കുക എന്നതാണ് കോമൺസെൻസ്” റിനോഷ് പറഞ്ഞു. കളി രസകരമാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ചെയ്ത കാര്യമാണതെന്നായിരുന്നു സാഗറിന്റെ വാദം. ഇതിൽ തൃപ്തനാകാതിരുന്ന റിനോഷ് സാഗറിനെ അസഭ്യം പറയുകയും ചെയ്തു. ഒടുവിൽ ഹൗസിലെ അംഗങ്ങളിൽ ഭൂരിഭാഗം ആളുകളും സാഗറിനെതിരെ തിരിഞ്ഞു. മാന്യമായ രീതിയിലല്ല സാഗർ ഗെയിമിനെ കണ്ടതെന്നായിരുന്നു മത്സരാർത്ഥികൾ പറഞ്ഞത്. മുളക് കണ്ണിൽ എഴുതിയത് തെറ്റാണെങ്കിൽ ഐസ് വയ്ക്കുന്നതും തെറ്റാണെന്ന് മത്സരാർത്ഥികൾ പറഞ്ഞു. തങ്ങൾക്ക് വ്യക്തിപരമായി പരാതിയില്ലെങ്കിലും റിനോസ് ആ കാര്യത്തെ കുറിച്ച് ചോദിച്ചതിൽ തെറ്റൊന്നും കാണുന്നില്ലെന്നാണ് അഖിലും വിഷ്ണുവും പറഞ്ഞത്.
ബിഗ് ബോസ് രണ്ടാം സീസണിലാണ് സഹമത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ മുളക് എഴുതിയെന്ന കാരണത്താൽ രജിത്ത് കുമാറിനെ പുറത്താക്കിയത്. ശിക്ഷയുടെ ഭാഗമായി രജിത്തിനെ ഹൗസിൽ നിന്ന് മാറ്റി നിർത്തുകയും ഒടുവിൽ രേഷ്മയുടെ ആവശ്യ പ്രകാരം ഹൗസിൽ നിന്ന് പുറത്താക്കുകയും ചെയ്തു.