scorecardresearch
Latest News

Bigg Boss Malayalam Season 5: സാഗറും സെറീനയും തമ്മിലെന്ത്? ലവ് സ്ട്രാറ്റജിയാണോ ലക്ഷ്യമെന്ന് പ്രേക്ഷകർ

സാഗറും സെറീനയും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നുണ്ടോ എന്ന സംശയം റെനീഷ ഇതിനകം തന്നെ ഉന്നയിച്ചു കഴിഞ്ഞു

Sagar, Cerena, Bigg Boss Malayalam Season 5
Bigg Boss Malayalam Season 5

Bigg Boss Malayalam Season 5: ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിക്കാൻ എത്തുന്ന മത്സരാർത്ഥികൾ പലപ്പോഴും വിവിധ തരം സ്ട്രാറ്റജികളുമായാണ് എത്താറുള്ളത്. പ്രണയം, സൗഹൃദം എന്നിവയൊക്കെ ഗെയിം സ്ട്രാറ്റജിയായി ഉപയോഗപ്പെടുത്തുന്നവരെയും ബിഗ് ബോസ് ഷോയിൽ കാണാം. മലയാളം ബിഗ് ബോസ് ചരിത്രത്തിലും അത്തരത്തിൽ ലവ് സ്ട്രാറ്റജി പുറത്തെടുത്ത നിരവധി മത്സരാർത്ഥികളെ കാണാനാവും. ആദ്യ സീസണിൽ പ്രേക്ഷകരും ഏറെ ആഘോഷിച്ച ഒന്നായിരുന്നു പേളി മാണി- ശ്രീനിഷ് അരവിന്ദ് പ്രണയം. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഈ ജോഡികൾ ജീവിതത്തിലും ഒന്നായി.

രണ്ടാം സീസണിലെ അലക്സാൻട്ര- സുജോ മാത്യു സൗഹൃദവും മൂന്നാം സീസണിൽ മണിക്കുട്ടനോട് പ്രണയമാണെന്ന് പറഞ്ഞ് സൂര്യ മേനോൻ നടത്തിയ നീക്കങ്ങളുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നാലാമത്തെ സീസണിൽ ദിൽഷയോട് പ്രണയമാണെന്ന് പറഞ്ഞ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും ബ്ലെസ്സിയും ലവ് സ്ട്രാറ്റജി പുറത്തെടുത്തിരുന്നു. ഇപ്പോഴിതാ, അഞ്ചാം സീസണിലും ഒരു ലവ് സ്ട്രാറ്റജിയ്ക്കുള്ള അരങ്ങൊരുങ്ങുന്നു എന്നാണ് പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത്.

നടൻ സാഗർ സൂര്യയും മോഡലും അവതാരകയുമായ സെറീന ആൻ ജോൺസനും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നുണ്ടോ എന്ന സംശയം മത്സരാർത്ഥികളിൽ ചിലർ തന്നെ ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. ബിഗ് ബോസ് വീടിനകത്ത് സെറീനയുടെ അടുത്ത കൂട്ടുകാരിയായ റെനീഷ ഇന്നലെ ഇക്കാര്യം സെറീനയോട് സംസാരിക്കുന്നുണ്ട്. എന്നാൽ അങ്ങനെയൊരു റിലേഷനില്ല എന്ന ഉത്തരമാണ് സെറീന റെനിഷയ്ക്കു നൽകുന്നത്. അതേസമയം, പാതിരാത്രി മാറി ഇരുന്ന് സംസാരിക്കുന്ന സാഗറിന്റെയും സെറീനയുടെയും വീഡിയോയും ചിത്രങ്ങളുമാണ് ആരാധകരിൽ സംശയമുണർത്തുന്നത്.

തൃശൂർ സ്വദേശിയാണ് സിനിമ, സീരിയൽ താരമായ സാഗർ സൂര്യ. ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെയാണ് സാഗർ സൂര്യ ശ്രദ്ധ നേടിയത്. ഉപചാരപൂർവ്വം ഗുണ്ടാജയൻ, ജോ ആൻഡ് ജോ, കുരുതി, കാപ്പ, കുറി തുടങ്ങിയ ചിത്രങ്ങളിലും സാഗർ തിളങ്ങിയിരുന്നു.

ദുബായിൽ ജനിച്ചുവളർന്ന മലയാളി പെൺകുട്ടിയാണ് സെറീന. മിസ്സ് ക്യൂൻ കേരള 2022 സ്വന്തമാക്കിയതും സെറീനയായിരുന്നു. മിസ്സ് യൂണിവേഴ്സ് യുഎഇ, ഇന്റർനാഷ്ണൽ ഗ്ലാം ക്യൂൻ എന്നീ സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മേഡലിങ്ങ്, അവതരണം എന്നീ മേഖലകളിൽ സജീവമാണ്. ദുബായിൽ ഒരു മീഡിയ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജറായി വർക്ക് ചെയ്യുകയാണ് സെറീന.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 sagar and cerena love strategy