Bigg Boss Malayalam Season 5: ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ അഞ്ചാം സീസൺ മാർച്ച് അവസാനവാരത്തോടെ ആരംഭിക്കാൻ ഇരിക്കുകയാണ് അണിയറപ്രവർത്തകർ. ആരൊക്കെയാവും ഈ സീസണിലെ മത്സരാർത്ഥികൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. പതിവു പോലെ സോഷ്യൽ മീഡിയയിൽ മത്സരാർത്ഥികളെ പ്രവചിച്ചുകൊണ്ടുള്ള കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ബിനു അടിമാലിയും ബിഗ് ബോസിലേക്ക് എന്ന രീതിയിൽ ഇടയ്ക്ക് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് നടനും ഹാസ്യ കലാകാരനുമായ ബിനു അടിമാലി. “ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് അങ്ങനെ വീട് വിട്ട് മാറി നിൽക്കാനൊന്നും സാധിക്കില്ല. അങ്ങനെ വന്നാൽ ഞാൻ തകർന്ന് പോകും. എന്നെ പിടിച്ച് 90 ദിവസം പൂട്ടിയിട്ടാൽ ഞാൻ വട്ടനായി പോകും,” ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് ബിനു അടിമാലി ഇക്കാര്യം വ്യക്തമാക്കിയത്. ബിഗ് ബോസിൽ നിന്നും ഓഫർ വരികയെന്നത് വലിയ ഭാഗ്യമാണെന്ന് അറിയാമെങ്കിലും അത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് പേടിയാണെന്നും ബിനു കൂട്ടിച്ചേർത്തു.
മിമിക്രി വേദികളിൽ നിന്നുമാണ് ബിനു അടിമാലി സിനിമയിലേക്ക് എത്തിയത്. ഇതിഹാസ, ഗോദ, ഷൈലോക് തുടങ്ങി നിരവധി ചിത്രങ്ങളിലും പരമ്പരകളിലും ബിനു അടിമാലി അഭിനയിച്ചിട്ടുണ്ട്. കോമഡി സ്റ്റാർസ്, സ്റ്റാർ മാജിക്ക് തുടങ്ങിയ പരിപാടികളിലൂടെയാണ് ബിനു അടിമാലി ശ്രദ്ധ നേടുന്നത്.
മോഹൻലാല്‍ തന്നെയാണ് അഞ്ചാം സീസണിലെയും അവതാരകൻ. അൽപ്പം പുതുമകളോടെയാണ് ഈ സീസൺ എത്തുന്നത്. പ്രേക്ഷകർക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കരുത്തരായ മത്സരാർത്ഥികൾക്കൊപ്പം, ഷോയുടെ ടൈറ്റിൽ സ്പോൺസറായ എയർടെൽ മുഖേന ഒരു മത്സരാർത്ഥിയെ പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്.