ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ അഞ്ചാം സീസണിന് മാർച്ച് അവസാനവാരത്തോടെ തുടക്കം കുറിക്കുകയാണ്. ആരൊക്കെയാവും ഈ സീസണിലെ മത്സരാർത്ഥികൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ വർഷത്തെ ബിഗ് ബോസ് മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ് ഷോയുടെ ആരാധകരും.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാർത്ഥികളായി സംവിധായകൻ ഒമർ ലുലുവും സീരിയൽ താരം ജിഷിൻ മോഹനും എത്താനുള്ള സാധ്യതകളേറെയാണെന്ന് റിപ്പോർട്ട്. ഇരുവർക്കും ബിഗ് ബോസിൽ നിന്നും കോൾ വന്നിരുന്നുവെന്നും ആദ്യഘട്ട അഭിമുഖങ്ങളിൽ ഇരുവരും പങ്കെടുത്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേയ്ക്കു കടന്നു വന്നയാളാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക, നല്ല സമയം എന്നീ ചിത്രങ്ങളും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ഗാനം ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിരവധി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിഷിൻ. താരദമ്പതികളായ ജിഷിൻ മോഹനും വരദയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. മഴവിൽ മനോരമയിലെ ‘അമല’ എന്ന സീരിയലിൽ നായികയായി അഭിനയിക്കുമ്പോഴാണ് വരദയെ അതേ സീരിയലിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിഷിൻ മോഹൻ വിവാഹം കഴിക്കുന്നത്. ഇവർ ജിയാൻ എന്ന ഒരു മകനുണ്ട്.