ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ അഞ്ചാം സീസണിന് മാർച്ച് അവസാനവാരത്തോടെ തുടക്കം കുറിക്കുകയാണ്. ആരൊക്കെയാവും ഈ സീസണിലെ മത്സരാർത്ഥികൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ വർഷത്തെ ബിഗ് ബോസ് മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ് ഷോയുടെ ആരാധകരും.
ഉണ്ണി മുകുന്ദനുമായുള്ള വാഗ്വാദങ്ങളുടെ പേരിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്ളോഗറായ സീക്രട്ട് ഏജന്റ് (സായി കൃഷ്ണ), കൊറിയന്‍ മല്ലു, സംവിധായകൻ അഖിൽ മാരാർ, സീരിയൽ താരങ്ങളായ ജിഷിൻ മോഹൻ, അനുശ്രീ എന്നിവരുടെയെല്ലാം പേരുകൾ ഇതിനകം തന്നെ ഉയർന്നു കേൾക്കുന്നുണ്ട്. നടിമാരായ ബീന ആന്റണി, ഗായത്രി സുരേഷ്, ബോഡി ബിൽഡറായ ആരതി കൃഷ്ണ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.
ഫിറ്റ്‌നസ് ഫ്രീക്കായ ആരതി കൃഷ്ണയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദം തന്നെയുണ്ട്. കഴിഞ്ഞ തവണ മിസ് കേരള ഫിറ്റ്‌നസ് കിരീടം നേടിയതും ആരതിയാണ്.
സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായ ബീന ആന്റണി ഈ സീസണിൽ മത്സരാർത്ഥിയായി എത്തുന്നുവെന്ന് അഭ്യൂഹങ്ങളുണ്ട്. ബിഗ് ബോസ് ഷോയുടെ സ്ഥിരം പ്രേക്ഷകയാണ് ബീന ആന്റണിയും ഭർത്താവ് മനോജും. ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട വീഡിയോകൾ മനോജ് യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുണ്ട്.
ഗായത്രി സുരേഷ്, പാല സജി എന്നിവരുടെ പേരുകളും സാധ്യതാ ലിസ്റ്റിലുണ്ട്. എന്നാൽ ഫൈനൽ ലിസ്റ്റിൽ ഇവരുണ്ടോ എന്നറിയണമെങ്കിൽ ഷോ വരെ കാത്തിരിക്കണം.
പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകൻ.