Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. എന്റർടെയിനർ, പെർഫോമർ എന്നീ നിലകളിൽ ജനപ്രീതി നേടിയ മത്സരാർത്ഥി. പ്രേക്ഷകരുടെ ഇഷ്ടം നേടുമ്പോഴും അഖിലിന്റെ ദേഷ്യവും സഹമത്സരാർത്ഥികളെ തല്ലാനോങ്ങുന്ന പ്രകൃതവുമൊക്കെ ഏറെ വിമർശങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നിരിക്കിലും ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർക്കും പ്രതീക്ഷ നൽകുന്നൊരു മത്സരാർത്ഥിയാണ് അഖിൽ.
എന്നാൽ, ഏതാനും ദിവസങ്ങളായി അഖിൽ ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിഗ് ബോസ് 24×7 ലൈവ് സ്ട്രീമിംഗിലും ഇപ്പോൾ അഖിലിന്റെ സാന്നിധ്യമില്ല. ബിഗ് ബോസ് ഹൗസിൽ നടന്ന ജയിൽ ടാസ്കിലും അഖിൽ ഇല്ലായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച് മാരാർ ഷോയിലേക്ക് തിരിച്ചുവരുമോ എന്ന ആശങ്കയിലാണ് മാരാർ ഫാൻസും പ്രേക്ഷകരും. ഈ സീസണിൽ ഇടയ്ക്ക് വച്ച് ആരോഗ്യപ്രശ്നത്തെ തുടർന്ന് ലെച്ചുവും ഹനാനും പുറത്തുപോയിരുന്നു. എന്തായാലും, മാരാരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് മാരാർ ഫാൻസ്.
അതേസമയം, മാരാരെ ചികിത്സയ്ക്കായി മെഡിക്കൽ റൂമിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ശോഭ നടത്തിയ ചില പരാമർശങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ വിമർശനത്തിന് കാരണമായിട്ടുണ്ട്. “ആ വഴി അങ്ങോട്ട് പോയാൽ മതിയായിരുന്നു, ഇപ്പോൾ ഇവിടെ ശാന്തതയുണ്ട്,” എന്നൊക്കെയാണ് നാദിറയോടും സാഗറിനോടുമായി ശോഭ പറയുന്നത്. ഒരാൾക്ക് അസുഖമായിരിക്കുമ്പോഴും എങ്ങനെയാണ് ഇങ്ങനെ ചിന്തിക്കാനാവുക എന്നാണ് സോഷ്യൽ മീഡിയ രൂക്ഷമായ ഭാഷയിൽ ശോഭയെ വിമർശിക്കുന്നത്.
“മാരാർക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. എല്ലാ രീതിയിലുള്ള ഭക്ഷണമൊന്നും കഴിക്കാൻ പറ്റില്ല,” എന്ന് മാരാരുടെ ഭാര്യ രാജലക്ഷ്മിയും ബിഹൈൻഡ്സ് വുഡിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പലപ്പോഴും വീടിനകത്ത് തൈരും ചോറുമാണ് മാരാരുടെ ഭക്ഷണം. മാരാർ തൈര് കൂടുതൽ കഴിക്കുന്നു എന്നു പറഞ്ഞും വീടിനകത്ത് വഴക്കുകൾ നടന്നിരുന്നു.