Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലേക്ക് ഞായറാഴ്ചയാണ് അതിഥിയായി റോബിൻ രാധാകൃഷ്ണൻ എത്തിയത്. അഞ്ചാം സീസൺ 50 എപ്പിസോഡുകൾ പിന്നിട്ടതിനു പിന്നാലെയാണ് മുൻ സീസണിലെ മത്സരാർത്ഥികളായ ഡോ. റോബിൻ രാധാകൃഷ്ണനെയും ഡോ. രജത് കുമാറിനെയും ഷോയിലേക്ക് അതിഥികളായി പ്രവേശിപ്പിച്ചത്. ഒരാഴ്ചത്തേക്കായിരുന്നു ഇരുവരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്.
എന്നാൽ, വീട്ടിൽ നടന്ന അപ്രതീക്ഷിത സംഭവങ്ങളുടെ പുറത്ത് ഇപ്പോൾ റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ബിഗ് ബോസ്.
വീടിനകത്ത് റെനീഷയും മാരാറും ജുനൈസും മറ്റു മത്സരാർത്ഥികളും തമ്മിൽ നടന്ന വാക്ക് തർക്കത്തിനിടെ മാരാർ ജുനൈസിനെ തള്ളി. ഈ വിഷയത്തിൽ ഇടപ്പെട്ട് ജുനൈസിനെ ഏഷണിക്കയറ്റി വിട്ടത് റോബിനായിരുന്നു. ‘ഫിസിക്കൽ അസോൾട്ട് എന്ന് പറഞ്ഞു കംപ്ലെയിന്റ് കൊടുത്ത് അഖിലിനെ പുറത്താക്കാൻ ബിഗ്‌ബോസിനോട് പറയ്, അല്ലെങ്കിൽ നീ ഇറങ്ങി പോവുമെന്നു പറയ്. അഖിൽ അങ്ങനെ തള്ളിയത് ശരിയല്ല ‘ എന്നാണ് റോബിൻ ജുനൈസിന്റെ ചെവിയിൽ പറഞ്ഞത്.
സംഭവത്തിനു ശേഷം ജുനൈസിനെയും മാരാരെയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു കാര്യങ്ങൾ സംസാരിക്കുകയും ഇരുവരും പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് പരസ്പരം കൈകൊടുത്ത് ഇറങ്ങുകയും ചെയ്തു. എന്നാൽ, റോബിൻ പ്രതീക്ഷിച്ച പോലെ ബിഗ് ബോസിന്റെ ഭാഗത്തു നിന്നും അച്ചടക്ക നടപടികൾ ഇല്ലാത്തത് റോബിനെ ചൊടിപ്പിച്ചു. ഇതേ തുടർന്ന് അസ്വസ്ഥനായ റോബിൻ വീടിനകത്ത് ബഹളം വയ്ക്കുകയും അലറുകയും ചെയ്തു. “ഞാൻ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കിൽ മാരാരെയും കൊണ്ടേ പോകൂ,” എന്നൊക്കെയായിരുന്നു റോബിൻ്റെ വെല്ലുവിളി.
റോബിൻ്റെ വെല്ലുവിളി അതിരു കടന്നതോടെ ബിഗ്ബോസ് റോബിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. എന്താണ് റോബിന്റെ പ്രശ്നം? എന്ന് തിരക്കി. “ഞാൻ പ്രശ്നമുണ്ടാക്കാൻ വന്നതല്ല, എന്റെ കൺമുന്നിൽ നടന്ന ഒരു സംഭവം പറയണമെന്ന് തോന്നി. സോറി,” എന്നായിരുന്നു റോബിന്റെ മറുപടി. “ഒരു സോറി പറഞ്ഞാൽ റോബിൻ ഇതുവരെ ഇതിനകത്തു പറഞ്ഞതെല്ലാം തീരുമോ? നിങ്ങൾ ഇത്രനേരം ചെയ്തതിന്റെ ഉദ്ദേശമെന്താണ്?” എന്ന് ബിഗ് ബോസ് വീണ്ടും ചോദ്യം ചെയ്തപ്പോൾ “എനിക്ക് സംസാരിക്കണമെന്നില്ല,” എന്ന നിലപാടാണ് റോബിൻ സ്വീകരിച്ചത്.
“ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കിയത് കണക്കിലെടുത്ത് ഇപ്പോൾ തന്നെ നിങ്ങളെ ഈ വീട്ടിൽ നിന്നും ഇറക്കി വിടുകയാണ്,” എന്ന വാണിംഗോടെ കൺഫെഷൻ റൂമിൽ നിന്നു തന്നെ ബിഗ് ബോസ് റോബിനെ ഇറക്കിവിടുകയായിരുന്നു.
വീടിനകത്തെ മത്സരാർത്ഥികളും റോബിനോടുള്ള വിമർശനം പ്രകടിപ്പിക്കുകയുണ്ടായി. നാലാം സീസണിൽ നിന്നും വന്ന് ഇവിടെയാരും ഷോ ഇറക്കേണ്ട എന്നതായിരുന്നു വിഷ്ണുവിന്റെ വിമർശനം. വീടിനകത്തെ മറ്റു മത്സരാർത്ഥികൾക്കും റോബിന്റെ പെരുമാറ്റം അതിരു കടന്നുവെന്നതാണ് അഭിപ്രായം.
ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി, വീട്ടിൽ നിന്നും രണ്ടു തവണ പുറത്താക്കപ്പെട്ട മത്സരാർത്ഥിയായി മാറിയ റോബിൻ രാധാകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളിലും ട്രോളുകൾ നിറയുകയാണ്. “ബിഗ് ബോസിൽ നിന്നും രണ്ടു തവണ ഔട്ടാകാൻ പറ്റുമോ സക്കീർ ഭായിയ്ക്ക്, ബട്ട് ഐ കാൻ” എന്നിങ്ങനെ പോവുന്നു ട്രോളുകൾ.