Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിലെ ഈ ആഴ്ച്ചത്തെ വീക്ക്‌ലി ടാസ്ക്കാണ് ബി ബി ഹോട്ടൽ. മത്സരാർത്ഥികളെല്ലാം ഹോട്ടലിലെ ജീവനക്കാരായിട്ടാണ് വേഷമിടുക. ഹോട്ടലിലെ അതിഥികളെ പ്രീതിപ്പെടുത്തുമ്പോൾ മത്സരാർത്ഥികൾക്കു ലഭിക്കുന്ന ടിപ്പിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിർണയിക്കുന്നത്. മുൻ സീസണുകളിലെ മത്സരാർത്ഥികളായിരുന്ന രജിത്ത് കുമാറും റോബിനുമാണ് അതിഥികളായെത്തിയത്. ഹൗസിലെത്തിയതു മുതൽ രജിത്ത് ചെറിയ പൊട്ടിത്തെറികൾക്കു തുടക്കമിട്ടിട്ടുണ്ട്. എന്നാൽ റോബിന്റെ ഭാഗത്തു നിന്ന് യാതൊരു വിധത്തിലുള്ള നീക്കങ്ങളുമുണ്ടായിട്ടില്ല. വളരെ സൗമ്യനായാണ് റോബിൻ പെരുമാറുന്നത്.
ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായിട്ടാണ് അഖിൽ മാരാർ വേഷമിടുന്നത്. മാനേജറായ ജുനൈസിനോട് തന്റെ തോളുകളൊന്ന് മസ്സാജ് ചെയ്യണമെന്ന് പറയുകയാണ് റോബിൻ. അതിനായി സെക്യൂരിറ്റിയെ വിളിക്കാനും ആവശ്യപ്പെടുന്നുണ്ട്. മസ്സാജ് ചെയ്യുന്നതിനിടയിൽ അഖിൽ മാരാർ പറയുന്ന വാക്കുകളാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.
“തന്ത്രപരമായി എന്നെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുകയാണല്ലേ..ഞാൻ എന്ത് വേണം..പിന്നെ നമ്മുടെ ചെക്കനല്ലേ കത്തികയറിയ ആളല്ലേ,അവനിട്ട് ഒരു പണി ഞാൻ എങ്ങനെയാ കൊടുക്കുന്നേ..അളിയൻ മനസ്സിൽ ചിന്തിച്ചാൽ നമ്മൾ മാനത്ത് ചിന്തിക്കുവേ.. ഏത് എരണം കെട്ട നേരത്താണാവോ ഇത് ഹോട്ടലാക്കി മാറ്റിയത്” എന്ന് പറഞ്ഞ് ഇരുവരും പൊട്ടിച്ചിരിക്കുകയാണ്. റോബിനെ തനിക്ക് വളരെ ഇഷ്ടമാണെന്ന്, ജീവിതത്തിലെ നേട്ടങ്ങൾ കൊയ്യുന്നതിന്റെ പുറകെ പോകുന്നത് നല്ലതാണെന്നും അഖിൽ പറയുകയും ചെയ്തു. അഖിലിനോട് തിരിച്ച് നന്ദിയും പറയുന്നുണ്ട് റോബിൻ. അഖിലിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച റോബിന്റെ പ്രവർത്തി ശരിയായില്ലെന്ന വിമർശനങ്ങളും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
അമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ ബിഗ് ബോസ് ഹൗസിൽ ഒരു ഉഗ്രൻ ട്വിസ്റ്റുണ്ടാവുകയാണ്. മുൻ സീസണുകളിലെ മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറും വീണ്ടും ഹൗസിലേക്ക് എത്തിയിരിക്കുകയാണ്.ഇതാദ്യമായാണ് ബിഗ് ബോസ് മലയാളത്തിന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു നീക്കമുണ്ടാകുന്നത്. മുൻപത്തെ സീസണുകളിലുള്ള മത്സരാർത്ഥികളൊന്നും ഇതുവരെ ഹൗസിലേക്ക് വീണ്ടുമെത്തിയ ചരിത്രമുണ്ടായിട്ടില്ല.
ബിഗ് ബോസ് മലയാളത്തിന്റെ എല്ലാ സീസണുകളിലേക്കും വച്ച് ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള മത്സരാർത്ഥികളാണ് റോബിനും രജിത്ത് കുമാറും. മത്സരത്തിന്റെ വിജയികളാകാൻ സാധിക്കാതെ ഇടയ്ക്കു വച്ച് പുറത്താകേണ്ടി വന്നരാണ് ഇരുവരും. സഹമത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളകു പുരട്ടി എന്ന കാരണത്താലാണ് രജിത്ത് പുറത്താകുന്നത്. റിയാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നതിനെ തുടർന്നാണ് റോബിൻ ഹൗസിനോട് വിടപറഞ്ഞത്.