Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ ഒൻപതാം വാരത്തിലേക്ക് കടക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ പോരാട്ടവീര്യത്തോടെ മുന്നോട്ടുപോവുകയാണ്. അതോടൊപ്പം പുറത്ത് സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റും കടുക്കുകയാണ്. ബിഗ് ബോസ് മത്സരാർത്ഥിയായ റിനോഷ് ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് റിനോഷിന്റെ സുഹൃത്തുക്കളും കുടുംബവും. റിനോഷിനെ ഡീഗ്രേഡ് ചെയ്യുന്നവർക്കെതിരെ ഇനി നിയമനടപടി സ്വീകരിക്കുമെന്നാണ് റിനോഷിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
“റിനോഷിനും കുടുംബത്തിനും വ്യക്തിത്വത്തിനുമെതിരായി തുടര്‍ച്ചയായ ഡീഗ്രേഡിംഗും വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ച് ഇനി നിശബ്ദത പറ്റില്ല എന്ന സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് ഞങ്ങള്‍. മറ്റു മത്സരാര്‍ഥികളെ പിന്തുണയ്ക്കുന്ന ചില മോശം ആരാധകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ഇതിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം വ്യക്തികള്‍ക്കെതിരെ സൈബര്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചുകൊള്ളുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ അക്കൗണ്ടുകളും ഞങ്ങള്‍ പരസ്യപ്പെടുത്തുന്നതായിരിക്കും. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളാണെങ്കില്‍ ഇതൊരു അവസാന മുന്നറിയിപ്പായി കരുതുക,” എന്നാണ് കുറിപ്പിൽ പറയുന്നത്.

ബിഗ് ബോസ് സീസൺ അഞ്ചിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് റിനോഷ് ജോര്‍ജ്. ഫെയർ ഗെയിം എന്നതിൽ വിശ്വസിക്കുന്ന റിനോഷിന്റെ നിലപാടുകൾ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. മറ്റുള്ളവർ മത്സരബുദ്ധിയോടെ ഗെയിമിനെ സമീപിക്കുമ്പോൾ തന്റേതായ വേറിട്ട രീതിയിലാണ് റിനോഷ് ബിഗ് ബോസ് വീടിനകത്തെ ടാസ്കുകളെ നോക്കി കാണുന്നത്.
ഐ ആം മല്ലൂ എന്ന റാപ്പ് സോങ്ങ് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ആ പാട്ടിന്റെ പിറവിയ്ക്ക് പിന്നിൽ റിനോഷാണ്. റാപ്പർ, നടൻ, കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും റിനേഷ് ശ്രദ്ധേയനാണ്. ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്. നോൺസൻസ് എന്ന ചിത്രത്തിലും റിനേഷ് അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ് റിനോഷ്.