Bigg Boss Malayalam Season 5: വീക്ക്ലി ടാസ്കിന്റെ മത്സരചൂടിലാണ് ബിഗ് ബോസ് മത്സരാർത്ഥികൾ ഇപ്പോൾ. മാരത്തോൺ ടാസ്കായ മാണിക്യകല്ലിന്റെ പിറകെയാണ് മത്സരാർത്ഥികൾ എല്ലാം തന്നെ. ആദ്യ ദിവസം വ്യക്തിഗതമായും രണ്ടാം ദിവസം ഗ്രൂപ്പായുമാണ് ഈ ഗെയിം കളിക്കേണ്ടത് എന്ന് ബിഗ് ബോസ് നിർദേശം നൽകിയിരുന്നു.
ബിഗ് ബോസ് വീടിന്റെ ഗാർഡൻ ഏരിയയിൽ വച്ചിരിക്കുന്ന മാണിക്യകല്ല് ആരും കാണാതെ കൈക്കലാക്കി എവിടെയെങ്കിലും ഒളിപ്പിച്ചുവയ്ക്കാൻ കഴിയുന്ന ആളാവും ടാസ്കിലെ വിജയി എന്നാണ് ആദ്യദിനം ബിഗ് ബോസ് അനൗൺസ് ചെയ്തത്. പലരും കല്ല് കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും മറ്റു മത്സരാർത്ഥികളുടെ കണ്ണുവെട്ടിക്കുക എന്നത് എളുപ്പമല്ലാത്തതിനാൽ ഗെയിമിൽ ആദ്യദിവസം ആർക്കും വിജയിക്കാനായില്ല. പലരും ഉറക്കമിളച്ചിരുന്ന് കല്ലു കൈക്കലാക്കാൻ നോക്കിയിട്ടും നിരാശയായിരുന്നു ഫലം.
രണ്ടാം ദിവസം, മത്സരാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് കല്ല് കൈക്കലാക്കുക എന്നതായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്ക്. ഒർജിനൽ കല്ല് അടിച്ചുമാറ്റി മറ്റു മത്സരാർത്ഥികളെ കബളിപ്പിക്കാനായി പകരം ഡമ്മി കല്ലുകൾ വയ്ക്കാനുള്ള സാഹചര്യങ്ങളും ബിഗ് ബോസ് ഒരുക്കിയിരുന്നു. ഇതിനായി മത്സരാർത്ഥികൾ രഹസ്യഗ്രൂപ്പുകളായി തിരിയുകയും ഓരോ ഗ്രൂപ്പിലേയും ലീഡർമാർ കൺഫെഷൻ റൂമിലെത്തി തങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾ ആരൊക്കെയെന്ന കാര്യം ബിഗ് ബോസിനെ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു നിർദേശം.
തുടർന്ന് ക്യാപ്റ്റൻമാരായ അഖിൽ, സെറീന, ജുനൈസ്, ശോഭ എന്നിവർ കൺഫെഷൻ റൂമിലെത്തി ബിഗ് ബോസിനോട് തന്റെ ടീമംഗങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അഖിൽ ക്യാപ്റ്റനാവുന്ന ടീമിൽ മിഥുന്‍, വിഷ്ണു, ഷിജു എന്നിവരാണ് മറ്റു അംഗങ്ങൾ. കൂടാതെ ശ്രുതി, മനീഷ, ലച്ചു, ദേവു എന്നിങ്ങനെ ഒരു സീക്രട്ട് ഗ്രൂപ്പ് കൂടി ഈ ടീമിനെ സഹായിക്കാനുണ്ട്. സെറീന ക്യാപ്റ്റനാവുന്ന ടീമിലെ അംഗങ്ങൾ റെനീഷ, അഞ്ജൂസ് എന്നിവരാണ്. ജുനൈസ് ക്യാപ്റ്റനാവുന്ന ടീമിൽ സാഗര്‍, ദേവു, ഒമര്‍, ശ്രുതി എന്നിവരാണ് അംഗങ്ങൾ. ശോഭയും നാദിറയുമുള്ള ടീമിന്റെ ക്യാപ്റ്റൻ ശോഭയാണ്. എന്നാൽ ഇക്കൂട്ടത്തിലൊന്നും പെടാതെ പോയൊരാൾ റിനോഷ് ആണ്. ആരും റിനോഷിനെ കുറിച്ച് പറയുകയോ റിനോഷ് കൺഫെഷൻ റൂമിൽ വരികയോ ചെയ്തിരുന്നില്ല.
ഗെയിം തുടങ്ങി അൽപ്പസമയം കഴിഞ്ഞപ്പോഴാണ് റിനോഷിന് താൻ ടീം പ്രഖ്യാപിച്ചില്ലല്ലോ എന്ന് ഓർമ വന്നത്. ക്യാമറയ്ക്ക് അരികിൽ പോയി റിനോഷ് ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. താന്‍ ഒറ്റയ്ക്ക് ഒരു ടീമാണെന്നും കൺഫെഷൻ റൂമിൽ വന്നു പറയാൻ വിട്ടുപോയെന്നുമാണ് റിനോഷിന്റെ ന്യായീകരണം. “ഞാന്‍ മാത്രമേയുള്ളൂ എന്‍റെ ടീമില്‍. ഞാനിത് കണ്‍ഫെഷന്‍ റൂമില്‍ വന്ന് പറയാന്‍ മറന്നുപോയി. ബട്ട് ഞാനൊരു ടീം ആണ്. മി ആന്‍ഡ് മി. കെ ആന്‍ഡ് കെ ഓട്ടോമൊബൈല്‍സ് പോലെ ഞാനും ഞാനും. ഞാനാണ് ടീം. പറയാന്‍ മറന്നുപോയി. സോറി,” ക്യാമറയ്ക്കു മുന്നിൽ റിനോഷ് പറഞ്ഞു.
ഈ സീസണിൽ വലിയ ഫാൻ ബേസ് ഉള്ള മത്സരാർത്ഥിയാണ് റാപ്പറും നടനുമായ റിനോഷ്. ആരോടും അനാവശ്യമായ വഴക്കുകൾ ഉണ്ടാകാത്ത, ബഹളങ്ങൾക്കൊന്നും പോവാത്ത റിനോഷ് താൻ ഫെയർ ഗെയിമിലാണ് വിശ്വസിക്കുന്നതെന്ന് പലയാവർത്തി പറഞ്ഞിട്ടുണ്ട്. വീടിനകത്തും റിനോഷിനെ ഇഷ്ടപ്പെടുന്ന നിരവധി മത്സരാർത്ഥികൾ ഉണ്ട്. എന്നാൽ പോസിറ്റിവിറ്റിയുടെ പര്യായമായി ഒരു പറ്റം ആരാധകർ റിനോഷിനെ ആഘോഷിക്കുമ്പോഴും റിനോഷിന് മത്സരബുദ്ധിയില്ല എന്ന പേരിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. അതിനിടയിലാണ്, മാണിക്യകല്ല് ടാസ്കിനിടയിലെ റിനോഷിന്റെ ഈ മറവി. ഇതിനെ എങ്ങനെയാണ് പ്രേക്ഷകരും മോഹൻലാലുമൊക്കെ വിലയിരുത്തുക എന്ന് വരും ദിവസങ്ങളിൽ അറിയാം.