/indian-express-malayalam/media/media_files/uploads/2023/06/Bigg-Boss-malayalam-season-5-Reneesha-brother.jpg)
സെറീനയുമായുള്ള സൗഹൃദം റെനീഷയ്ക്ക് ദോഷം ചെയ്യുമെന്ന് സൂചന നൽകി സഹോദരൻ
Bigg Boss Malayalam Season 5: അടി, വഴക്ക്, മത്സരബുദ്ധി- എന്നിവയ്‌ക്കെല്ലാം ഒരിടവേള നൽകിയിരിക്കുകയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. ഫാമിലി വീക്കിൽ നിന്നുള്ള ഊഷ്മള കാഴ്ചകളാണ് ബിഗ് ബോസിൽ ഇപ്പോൾ പ്രേക്ഷകർക്ക് കാണാനാവുക. ഗ്രാൻഡ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവേ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരായി വീടിനകത്തേക്ക് എത്തുകയാണ്. ഷിജുവിന്റെ ഭാര്യ പ്രീതി, മകൾ മുസ്കാൻ, നാദിറയുടെ സഹോദരി ഷഹനാസ്, കൂട്ടുകാരി ശ്രുതി സിതാര, റെനീഷയുടെ അമ്മ, സഹോദരൻ അനീഷ്, സെറീനയുടെ അമ്മ, അഖിൽ മാരാരുടെ ഭാര്യയും മക്കളും, ജുനൈസിന്റെ സഹോദരൻ എന്നിവരെല്ലാം ബിഗ് ബോസ് വീട്ടിലേക്ക് എത്തി. മിഥുൻ, റിനോഷ്, ശോഭ എന്നിവരുടെ കുടുംബാംഗങ്ങൾ കൂടിയാണ് ഇനി എത്താനുള്ളത്.
മത്സരാർത്ഥികളുമായി സംവദിച്ചും ഫൺ ഗെയിമുകളിൽ പങ്കെടുത്തുമൊക്കെയാണ് കുടുംബാംഗങ്ങളൊക്കെ മടങ്ങിയത്. അൽപ്പസമയം മത്സരാർത്ഥികൾക്കൊപ്പം സ്വകാര്യ സംഭാഷണം നടത്താനുള്ള അവസരവും കുടുംബാംഗങ്ങൾക്ക് ബിഗ് ബോസ് നൽകിയിരുന്നു. മത്സരാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാനും വീടിനകത്തെ കാര്യങ്ങളെ കുറിച്ച് ചില സൂചനകൾ നടത്താനുമൊക്കെയാണ് പലരും ഈ അവസരം വിനിയോഗിച്ചത്.
റെനീഷയും സഹോദരനും അമ്മയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. റെനീഷയ്ക്ക് സഹോദരൻ അനീഷ് നൽകിയ ഉപദേശം സെറീനയെ കുറിച്ചാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. "ദുബായില്‍ നിന്നും ചോക്ലേറ്റുകള്‍ ഒരുപാട് കൊണ്ടുവന്നിട്ടുണ്ട്. ദുബായില്‍ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ട. അത് അത്ര നല്ലതല്ലെന്നാണ്," അനീഷ് റെനീഷയോട് പറഞ്ഞത്. ചേട്ടന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന പൊരുൾ മനസ്സിലാവാതെ, എന്താണ് പറയുന്നതെന്ന് സംശയത്തോടെ റെനീഷ വീണ്ടും ചോദിക്കുമ്പോ "ദുബായ് മിഠായി അധികം കഴിക്കേണ്ട. അത്ര നല്ലതല്ല. മിഠായിയുടെ കാര്യം സമാധാനത്തോടെ ആലോചിക്കൂ, അധികമായാല്‍ അമൃതും വിഷം," എന്ന് അനീഷ് വീണ്ടും ആവർത്തിച്ചു. സഹോദരൻ നൽകിയ സൂചന റെനീഷയ്ക്ക് മനസ്സിലായിട്ടുണ്ടോ, അത് സെറീന- റെനീഷ സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തുമോ എന്നൊക്കെ കണ്ടറിയണം.
ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 89 ദിവസം പിന്നിട്ടിരിക്കുകയാണ്. ഫൈനലിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അഖിൽ മാരാർ, ശോഭ, ജുനൈസ്, സെറീന, റെനീഷ, ഷിജു, നാദിറ, മിഥുൻ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനോഷ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. അതേസമയം, നാദിറ മെഹ്റിൻ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കിൽ ജയിച്ച് ​ഗ്രാന്റ്ഫിനാലയിൽ എത്തിയിട്ടുണ്ട്, ആരാവും ഫൈനൽ ഫൈവിലെത്തുന്ന മറ്റു മത്സരാർത്ഥികൾ എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജൂലൈ രണ്ടിനാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ഗ്രാൻഡ് ഫിനാലെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.