Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് റിനോഷ്. വളരെ ജനുവിനായി സഹമത്സരാർത്ഥികളോട് ഇടപെടുന്ന, പൊതുവെ സമാധാനപ്രിയനായ, ആവശ്യമുള്ള കാര്യങ്ങൾക്കു മാത്രം ശബ്ദമുയർത്തുകയും തനിക്ക് പറയാനുള്ളത് വ്യക്തമായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യുന്ന ആളാണ് റിനോഷ്. കൂൾ ബ്രോ, വിഷയം ബ്രോ എന്നൊക്കെയാണ് പ്രേക്ഷകർ സ്നേഹത്തോടെ റിനോഷിനെ വിളിക്കുന്നത്.
അൽപ്പം മനസാക്ഷിയുള്ള, വിശ്വസിക്കാവുന്ന മത്സരാർത്ഥിയെന്നാണ് വീടിനകത്തുള്ളവരും റിനോഷിനെ വിശേഷിപ്പിക്കുന്നത്. സ്ക്രീൻ സ്പേസിനു വേണ്ടിയുള്ള ഡ്രാമകളൊന്നും റിനോഷ് സൃഷ്ടിക്കുന്നില്ലെന്നതും കൂട്ടത്തിൽ റിനോഷിനെ വ്യത്യസ്തനാക്കുന്നു. മറ്റു മത്സരാർത്ഥികളെ പോലെ റിനോഷ് ബഹളം വെയ്ക്കുന്നില്ല എന്നൊക്കെയായിരുന്നു പലരും റിനോഷിനെ വിമർശിച്ചുകൊണ്ട് ഉന്നയിച്ച പ്രധാന വിഷയം. എന്നാൽ സംസാരിക്കേണ്ടത് കൃത്യമായി സംസാരിക്കാനറിയാവുന്ന ആളാണ് താനെന്ന് പലപ്പോഴും റിനോഷ് തെളിയിക്കാറുണ്ട്.
ഈ ആഴ്ചയിലെ വീക്ക്ലി ടാസ്കായ മിഷൻ എക്സിനിടയിൽ റിനോഷ് പറഞ്ഞ ചില പ്രസ്താവനകളും നിലപാടുകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടിലെ അംഗങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞാണ് ഈ ടാസ്ക് പൂർത്തിയാക്കേണ്ടത്. ജുനൈസ്, സെറീന, റെനീഷ, അഞ്ജുസ്, സാഗർ, നാദിറ, മിഥുൻ എന്നിവർ അടങ്ങുന്ന ടീമിന് ആൽഫ എന്നാണ് പേര്. അഖിൽ മാരാർ, ഷിജു, വിഷ്ണു, ശോഭ, റിനോഷ്, ശ്രുതി ലക്ഷ്മി, അനു ജോസഫ്, ഒമർ ലുലു എന്നിവരാണ് ബീറ്റ ടീമിലുള്ളത്. ബിഗ് ബോസ് വീടിനകത്ത് റിനോഷുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് മിഥുൻ. മിഷൻ എക്സിൽ മിഥുനും റിനോഷും എതിർ ടീമുകളിൽ നിന്നാണ് കളിച്ചത്.
ടാസ്കിന്‍റെ ഇടവേളയില്‍ അനിയന്‍ മിഥുനെതിരെ അതേ ടീമിലെ തന്നെ അംഗമായ റെനീഷ നടത്തിയ ആരോപണമാണ് റിനോഷിനെ പ്രകോപിപ്പിച്ചത്. ടാസ്കിലെ പ്രധാന പ്രോപ്പര്‍ട്ടിയായ ഫ്യൂസ് വിഷ്ണു കൈക്കലാക്കിയപ്പോള്‍ അത് തിരികെ നേടാന്‍ മിഥുന്‍ ശ്രമിച്ചില്ലെന്നാണ് റെനീഷയുടെ ആരോപണം. വിഷ്ണു മിഥുന്റെ സുഹൃത്തായതുകൊണ്ടാണ് മിഥുൻ ഫ്യൂസ് തിരിച്ചെടുക്കാൻ ശ്രമിക്കാതിരുന്നത് എന്നും റെനീഷ ആരോപിച്ചു. ഗെയിമിനു ശേഷം വീട്ടിലെ അംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന മീറ്റിംഗിലും ഇക്കാര്യം ചർച്ചയായി. റെനീഷ തന്റെ ആരോപണത്തിൽ തന്നെ ഉറച്ചുനിന്നു. താൻ ഗെയിമിൽ കൃത്രിമത്വം കാട്ടിയിട്ടില്ലെന്നും ഒരു ഗെയിമിലും താൻ ഫേക്കായി കളിക്കില്ലെന്നും മിഥുൻ ആവർത്തിച്ചുപറഞ്ഞിട്ടും ആരോപണങ്ങൾ കേൾക്കേണ്ടി വന്നപ്പോഴാണ് പ്രശ്നത്തിൽ റിനോഷ് ഇടപ്പെട്ടത്.
രണ്ടു കാലിനും പരുക്കു പറ്റിയിട്ടും കളിയോടുള്ള ആത്മാർത്ഥ കൊണ്ട് ആദ്യാവസാനം തന്റെ ടീമംഗങ്ങൾക്ക് നൂറുശതമാനം പിന്തുണയുമായി നിന്ന മിഥുനെ സഹടീമംഗം തള്ളിപറഞ്ഞതിനെയും സംശയിച്ചതിനേയും രൂക്ഷമായ ഭാഷയിലാണ് റിനോഷ് വിമർശിച്ചത്. റെനീഷയുടെ ആരോപണം മിഥുൻ അർഹിക്കുന്നില്ലെന്നും തനിക്കതിനോട് യോജിക്കാനാവില്ലെന്നും റിനോഷ് വ്യക്തമാക്കി.
റെനീഷയോട് തന്റെ നിലപാടു വ്യക്തമാക്കുന്നതിനിടയിൽ റിനോഷ് പറഞ്ഞൊരു ഭാഷാപ്രയോഗം റെനീഷയേയും സെറീനയേയും ചൊടിപ്പിച്ചു. പിന്നെ അതിനെ ചൊല്ലിയായിരുന്നു റെനീഷ- സെറീന- സാഗർ ടീം റിനോഷിനെ ആക്രമിച്ചത്. ആ വാക്ക് പറഞ്ഞതിൽ കുറ്റബോധമുണ്ടോ എന്ന് മൂവർ സംഘം റിനോഷിനെ ചോദ്യം ചെയ്തപ്പോഴും ‘എന്‍റെ വായില്‍ നിന്നായിരിക്കും ഞാനത് പറഞ്ഞത്, പക്ഷേ അതെന്‍റെ ഹൃദയത്തില്‍ നിന്നാണ് ഞാൻ പറഞ്ഞത്. അതിൽ കുറ്റബോധം തോന്നുന്നില്ല’ എന്നായിരുന്നു റിനോഷ് മറുപടി നൽകിയത്.
ഇന്നു രാവിലെ നടന്ന മോണിംഗ് ടാസ്കിൽ വീണ്ടും ഈ സംഭവം ചർച്ചയായി. ആരാണ് കൂട്ടത്തിൽ ചീഞ്ഞു തുടങ്ങിയ പഴമായി നിങ്ങൾക്ക് തോന്നുന്നത് എന്ന് കാരണസഹിതം പറയുക എന്ന ടാസ്കാണ് ബിഗ് ബോസ് നൽകിയത്. മത്സരാർത്ഥികളിൽ ഭൂരിഭാഗം പേരും റിനോഷിന്റെ പേരാണ് പറഞ്ഞത്. ഇതിനു റിനോഷ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഞാനൊരു മനുഷ്യനായാണ് സംസാരിച്ചത്. എന്റെ ഹൃദയത്തിൽ നിന്നാണ് പറഞ്ഞത്, ബ്രെയിനിൽ നിന്നാണെങ്കിൽ ഞാൻ സോറി പറഞ്ഞേനെ. ഞാൻ അത് റെനീഷ യോട് പറഞ്ഞതല്ല, മിഥുന്റെ വിശ്വസ്തതയെ ചോദ്യം ചെയ്ത എല്ലാവരോടും കൂടി പറഞ്ഞതാണ്.
സോറി എന്നത് എനിക്ക് കടല പോലെ എടുത്തു വാരി എറിയാൻ ഉള്ളതല്ല, എല്ലാവരും കൂടെ വന്നു ‘സോറി പറ സോറി പറ’ എന്നു പറഞ്ഞാൽ. നിങ്ങൾ അല്ല, എന്റെ അപ്പനല്ല, എന്റെ അമ്മയല്ല, ബിഗ്‌ബോസ് അല്ല, ലാലേട്ടൻ അല്ല, ആരായാലും എന്റെ മനസ്സിൽ തോന്നാതെ ഞാൻ സോറി പറയില്ല. ഞാൻ പറയില്ല. ഞാൻ പറയില്ല,” റിനോഷിന്റെ വാക്കുകൾ ഇങ്ങനെ.
ചീഞ്ഞ പഴമായി തന്നെ വിലയിരുത്തിയവർക്കുള്ള മറുപടിയും റിനോഷ് നൽകി. “ഞാൻ ചീഞ്ഞു തുടങ്ങിയ പഴമാണെങ്കിൽ എന്റെയുള്ളിൽ ഒരു പുഴുവുണ്ടെങ്കിൽ നിങ്ങളത് പുറത്തുകാണും. പക്ഷേ ഞാനൊരിക്കലും മരുന്നടിച്ച് ഫേക്കായി ഇവിടെ നിൽക്കില്ല. കാരണം ഞാൻ ഒർജിനലാണ്,” റിനോഷിനെ വിമർശിച്ചവരെ പോലും കയ്യടിപ്പിക്കുന്നതായിരുന്നു ആ മറുപടി.