Bigg Boss Malayalam Season 5: ബിഗ് ബോസ് വീടിനകത്ത് ശ്രദ്ധേയമായ നിരവധി കൂട്ടുകെട്ടുകൾ ഉണ്ട്. വിഷ്ണു- മിഥുൻ-അഖിൽ-ഷിജു- മനീഷ ഗ്യാങ്ങ്, സാഗർ-ജുനൈസ് ടീം, നാദിറ-ശോഭ കൂട്ടുക്കെട്ട്, റിനോഷ്- ശ്രുതി… എന്നിങ്ങനെ പരസ്പരം സൗഹൃദം പങ്കിട്ട് മുന്നോട്ടുപോവുന്ന നിരവധി കൂട്ടുകെട്ടുകൾ കാണാം. അതിൽ ആദ്യം മുതൽ ശ്രദ്ധ നേടിയ ഒരു കൂട്ടുക്കെട്ടാണ് റെനീഷ-സെറീന- അഞ്ജു ഗ്യാങ്ങ്.
മൂവരും തമ്മിൽ നല്ലൊരു സൗഹൃദം തന്നെയുണ്ട്. എന്നാൽ സൗഹൃദത്തിനൊപ്പം തന്നെ ബിഗ് ബോസ് വീട്ടിലെ മറ്റു അംഗങ്ങളെ അറിയിക്കാതെ അവർ കൊണ്ടുനടക്കുന്ന ചില രഹസ്യങ്ങളുമുണ്ട്. റെനീഷയോട് തനിക്ക് പ്രണയം തോന്നുന്നുവെന്ന് അഞ്ജു ഷോയ്ക്കിടയിൽ തുറന്നുപറഞ്ഞിരുന്നു. എന്നാൽ അഞ്ജുവിന്റെ പ്രണയാഭ്യാർത്ഥന നിരസിക്കുകയാണ് റെനീഷ ചെയ്തത്. ഇക്കാര്യം കൂടുതൽ സംസാരിച്ച് മറ്റു മത്സരാർത്ഥികൾ അറിയാൻ ഇട വരരുത് എന്ന കരുതലിലാണ് റെനീഷ-സെറീന- അഞ്ജു ഗ്യാങ്ങ് മുന്നോട്ട് പോവുന്നതും.
എന്നാൽ ഇന്നലെ ബിഗ് ബോസ് നൽകിയ പാമ്പും കോണിയും ടാസ്കിനിടെ ഈ ഗ്യാങ്ങിനിടയിലുണ്ടായ ചില സംഭവങ്ങൾ പബ്ലിക്കായി എടുത്തിടുകയായിരുന്നു റെനീഷ. ഇത് അഞ്ജുവിനും റെനീഷയ്ക്കുമിടയിൽ വലിയ തർക്കങ്ങൾക്കു കാരണമായി. പാമ്പും കോണിയും ഗെയിമിൽ അഞ്ജുസിന്റെ മുന്നോട്ടുപോവലിനെ വരെ ബാധിക്കുന്നതായിരുന്നു റെനീഷ ഉന്നയിച്ച ചില ചോദ്യങ്ങൾ.
റെനീഷയുടെ ചോദ്യങ്ങളും വിചാരണയും അഞ്ജുസിനെ വേദനിപ്പിച്ചുവെന്നാണ് പിന്നീട് നടന്ന സംഭവങ്ങളിൽ നിന്നും മനസ്സിലാവുന്നത്. റെനീഷയോട് സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് അഞ്ജുസ് പറഞ്ഞെങ്കിലും കാര്യങ്ങൾ തുറന്നു സംസാരിക്കാനായി റെനീഷ പിന്നാലെ കൂടുകയായിരുന്നു. ഗാർഡൻ ഏരിയയിൽ മാറി ഇരുന്ന് റെനീഷ-സെറീന- അഞ്ജു എന്നിവർ ഇക്കാര്യങ്ങൾ സംസാരിച്ചെങ്കിലും ചർച്ചകൾ രമ്യതയിലെത്തിയില്ല. ‘നിന്നെ സ്നേഹിച്ചതാണ് ഞാൻ ചെയ്ത കുറ്റം, അതിനുള്ളത് എനിക്കു നീ തന്നു,’ എന്ന് വൈകാരികമായി പ്രതികരിക്കുന്ന അഞ്ജുസിനെയും വീഡിയോയിൽ കാണാം.
അതേസമയം, റെനീഷ അഞ്ജുസിനോട് ചെയ്തത് വളരെ തെറ്റായിപോയി എന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഇത്രയും നാൾ ഫ്രണ്ട്ഷിപ് എന്ന് പറഞ്ഞു നടന്നിട്ട് ഇന്ന് അവരുടെ ഗ്രൂപ്പിലെ കാര്യങ്ങൾ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞു ഫ്രണ്ട്‌ഷിപ്പിനെ മിസ് യൂസ് ചെയ്യുകയായിരുന്നു റെനീഷ എന്നാണ് നല്ലൊരു വിഭാഗം പ്രേക്ഷകരും വിലയിരുത്തുന്നത്. റെനീഷ ചെയ്തത് തെറ്റായിപ്പോയെന്ന് സെറീനയും ഇന്നലെ ചർച്ചയ്ക്കിടയിൽ തുറന്നു പറഞ്ഞിരുന്നു.