Bigg Boss Malayalam Season 5: അമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ ബിഗ് ബോസ് ഹൗസിൽ ഒരു ഉഗ്രൻ ട്വിസ്റ്റുണ്ടാവുകയാണ്. മുൻ സീസണുകളിലെ മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറും വീണ്ടും ഹൗസിലേക്ക് എത്തിയിരിക്കുകയാണ്.ഇതാദ്യമായാണ് ബിഗ് ബോസ് മലയാളത്തിന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു നീക്കമുണ്ടാകുന്നത്. മുൻപത്തെ സീസണുകളിലുള്ള മത്സരാർത്ഥികളൊന്നും ഇതുവരെ ഹൗസിലേക്ക് വീണ്ടുമെത്തിയ ചരിത്രമുണ്ടായിട്ടില്ല.
ബിഗ് ബോസ് മത്സരാർത്ഥികളുടെ ഹോട്ടലിലേക്ക് അതിഥികളായെത്തുകയാണ് റോബിനും രജിത്തും. ഹൗസിലെത്തിയ നിമിഷം മുതൽ ചില ചെറിയ പൊട്ടിത്തെറികൾക്ക് തുടക്കമിട്ടിരിക്കുകയാണ് രജിത്ത് കുമാർ. ഒരു കൈ കൊണ്ട് മാലയിട്ട് അനുവിനോടായിരുന്നു ആദ്യ വാക്കുതർക്കം.പിന്നീട് ഓരോരുത്തരെയായി ടാർജറ്റ് ചെയ്ത ചെറിയ വാക്കുതർക്കങ്ങൾക്കു തുടക്കമിട്ടൂ രജിത്ത് കുമാർ. സാഗർ, സെറീന, ജുനൈസ്, അഖിൽ, വിഷ്ണു തുടങ്ങിയവർക്ക് നേരെയാണ് രജിത്ത് ചോദ്യങ്ങൾ ഉയർത്തിയത്.
മത്സരാർത്ഥികളോടെല്ലാം സംസാരിച്ച ശേഷം റോബിനും രജിത്തും തമ്മിൽ സംസാരിക്കുന്നുമുണ്ട്. “പല തവണ കാണണമെന്ന് വിചാരിച്ചതാണ്, പക്ഷെ കൃത്യസമയം ഇതാണെന്ന് തോന്നുന്നു എന്നാണ് റോബിൻ രജിത്തിനോട് പറയുന്നത്. പൊട്ടാനുള്ളതെല്ലാം ഞാനിട്ടു കൊടുത്തട്ടുണ്ടെന്നും” രജിത്ത് മറുപടി പറയുന്നു. പിന്നീട് ഇരുവരും പരസ്പരം കൈ കൊടുത്ത് കെട്ടിപ്പിടിക്കുകയാണ്.
ബിഗ് ബോസ് മലയാളത്തിന്റെ എല്ലാ സീസണുകളിലേക്കും വച്ച് ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള മത്സരാർത്ഥികളാണ് റോബിനും രജിത്ത് കുമാറും. മത്സരത്തിന്റെ വിജയികളാകാൻ സാധിക്കാതെ ഇടയ്ക്കു വച്ച് പുറത്താകേണ്ടി വന്നരാണ് ഇരുവരും. സഹമത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളകു പുരട്ടി എന്ന കാരണത്താലാണ് രജിത്ത് പുറത്താകുന്നത്. റിയാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നതിനെ തുടർന്നാണ് റോബിൻ ഹൗസിനോട് വിടപറഞ്ഞത്.