Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിൽ ഒരു സ്ക്വയർ ലവ് സ്റ്റോറി രൂപപ്പെട്ടിരിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ട്രയാങ്കിൽ ലവ് സ്റ്റോറിയെന്ന് പല തവണ കേട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായായിരിക്കും സക്വയർ രൂപത്തിലൊരു പ്രണയ കഥ ഉണ്ടാകുന്നത്. മത്സരാർത്ഥികളായ സെറീനയും സാഗറും തമ്മിലുള്ള സൗഹൃദവും ഇവർ തമ്മിൽ പ്രണയമാണോ എന്ന സംശയവും പ്രേക്ഷകർക്കിടയിലെന്ന പോലം ഹൗസിനകത്തും ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ മാറിയിരുന്ന് സംസാരിക്കുക ഇവർ തമ്മിലുള്ള ആശയവിനിമയങ്ങളിലെ പ്രണയഭാവങ്ങൾ എന്നിവയാണ് സംശയങ്ങളുണ്ടാകാൻ കാരണം. എന്നാൽ ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന കാര്യം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ബിഗ് ബോസ് ഹൗസിൽ സെറീന – സാഗർ കോമ്പോ കത്തി നിൽക്കുന്ന സമയത്താണ് മറ്റൊരു പ്രണയ കഥ ഉണ്ടാകുന്നത്.
സാഗറിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് നാദിറ. തനിക്ക് ഇതുവരെ ഇങ്ങനെയാരും സ്നേഹം നൽകിയിട്ടില്ലെന്നും അതുകൊണ്ട് സാഗറിനോട് തനിക്കൊരു പ്രത്യേക അടുപ്പം തോന്നുന്നുണ്ടെന്നും നാദിറ പറഞ്ഞു. സാഗറിനൊപ്പം ചെലവിടുന്ന നിമിഷങ്ങൾ സന്തോഷം നൽകുന്നതാണ്, ഇവിടെ നിന്ന് പോയാലും അതെന്നും ഓർത്തുവയ്ക്കും എന്നാണ് നാദിറ പറഞ്ഞത്. എന്നാൽ തനിക്ക് അങ്ങനെയുള്ളൊരു ഇഷ്ടം നാദിറയോട് തോന്നിയിട്ടില്ലെന്നും നല്ലൊരു സുഹൃത്ത് മാത്രമാണെന്നുമായിരുന്നു സാഗറിന്റെ മറുപടി. ഇതിനിടയിലാണ് ജുനൈസ് തന്റെ പ്രണയവുമായി രംഗത്തെത്തിയത്.
സെറീനയെ തനിക്ക് വളരെയേറെ ഇഷ്ടമാണെന്നാണ് ജുനൈസ് പറയുന്നത്. ഒരു സ്ത്രീയ്ക്ക് വേണമെന്ന് തനിക്ക് തോന്നുന്ന എല്ലാ ഗുണങ്ങളും സെറീനയ്ക്കുണ്ടെന്ന് ജുനൈസ് പറഞ്ഞു. ഒരു സഹോദരനെ പോലെ മാത്രമെ ജുനൈസിനെ കാണാൻ സാധിക്കുകയൂള്ളൂ എന്നാണ് ഇതിനു മറുപടിയായി സെറീന പറഞ്ഞത്. പ്രണയം തുറന്നു പറഞ്ഞതിനു പിന്നാലെ ഇതിനെ കുറിച്ചുള്ള ചർച്ചകളാണ് ബിഗ് ബോസ് ഹൗസിൽ നിറയുന്നത്. മാത്രമല്ല സെറീന ഈ ആഴ്ച്ച പുറത്തു പോകണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്ന് നാദിറ പറഞ്ഞതിലുള്ള അതൃപ്തിയും മത്സരാർത്ഥികൾ പ്രകടിപ്പിച്ചു.