Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ 5 അമ്പതാം എപ്പിസോഡിലേക്ക് കടക്കുകയാണ്. 14 മത്സരാർത്ഥികളാണ് ഇപ്പോൾ ഷോയിലുള്ളത്. ഏഞ്ചലീന, ഗോപിക, ലെച്ചു, മനീഷ, ദേവു, വൈൽഡ് കാർഡ് എൻട്രികളായി എത്തിയ ഹനാൻ, ഒമർ ലുലു, എന്നിവർ ഇതിനകം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരുന്നു.
സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, ജുനൈസ് വിപി, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടൻ ഷിജു എ ആർ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി, അഞ്ജുസ് റോഷ്, വൈൽഡ് കാർഡ് എൻട്രികളായി എത്തിയ അനു ജോസഫ് എന്നിവരാണ് ഇനി വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ നിന്നും ആരാവും ഫൈനൽ ഫൈവിലെത്തുക?
ഫൈനൽ ഫൈവിൽ എത്തുമെന്ന് താൻ പ്രതീക്ഷിക്കുന്ന മത്സരാർത്ഥികളെ കുറിച്ചു പറയുകയാണ് കഴിഞ്ഞയാഴ്ച ഷോയിൽ നിന്നും പടിയിറങ്ങിയ ഒമർ ലുലു. ടൈറ്റിൽ വിജയത്തിനൊപ്പം തന്നെ ബിഗ് ബോസ് മത്സരാർത്ഥികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ടോപ്പ് ഫൈവിൽ എത്തുക എന്നുള്ളത്. ടോപ്പ് 5ല്‍ എത്തുന്ന മത്സരാര്‍ഥികളെ വോട്ടിംഗിന് ഇട്ട് ഗ്രാന്‍ഡ് ഫിനാലെ വേദിയിലാണ് ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കുക.
“വിഷ്‍ണു ജോഷി, ജുനൈസ്, അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, സെറീന അല്ലെങ്കില്‍ റെനീഷ,” ഇവർ ഫൈനൽ ഫൈവ് ലിസ്റ്റിൽ ഉണ്ടാവുമെന്നാണ് ഒമർ ലുലു പറയുന്നത്. ഷോയിൽ നിന്നും പുറത്തായതിനു ശേഷം ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലു ഇക്കാര്യം വ്യക്തമാക്കിയത്.