Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിലെ മത്സരങ്ങൾ 50-ാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇത്രയും ദിവസത്തിനകം മൂന്നു മത്സരാർത്ഥികളാണ് വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയത്. സോഷ്യൽ മീഡിയ താരം ഹനാൻ, സംവിധായകൻ ഒമർ ലുലു, നടി അനു ജോസഫ് എന്നിവരായിരുന്നു വൈൽഡ് കാർഡ് മത്സരാർത്ഥികൾ. ഇവരിൽ ശാരീരിക അസ്വസ്ഥകൾ മൂലമാണ് ഹനാൻ ബിഗ് ബോസ് ഹൗസിനു പുറത്തേയ്ക്ക് പോയത്. ഇപ്പോഴിതാ ഒമർ ലുലുവും ഹൗസിനോട് വിടപറഞ്ഞിരിക്കുകയാണ്.
മുന്നാഴ്ച്ച മത്സരത്തിൽ പങ്കെടുത്ത ശേഷമാണ് ഒമറിന്റെ മടക്കം. ആദ്യ ആഴ്ച്ചകളിൽ അത്രയങ്ങ് സജീവമല്ലായിരുന്ന ഒമർ മിഷൻ എക്സ് എന്ന ടാസ്ക്കിലൂടെയാണ് ജനപ്രിയനായത്. ടാസ്ക്കിനിടയിൽ ബാത്ത്റൂമിൽ കയറി ഇരുന്ന അഞ്ജൂസ് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിൽ പ്രകോപിതനായ ഒമർ വാതിൽ ചവിട്ടി പൊട്ടിക്കുകയായിരുന്നു. ഒമറിനെ പിന്തുണച്ചും എതിർത്തും മത്സരാർത്ഥികൾ രംഗത്തെത്തി. ഒടുവിൽ ലക്ഷ്വറി ബഡ്ജറ്റിൽ നിന്ന് പോയിന്റ് കുറയ്ക്കുയും ഒമറിനെ ജയിൽ ശിക്ഷയ്ക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ഹൗസിൽ എത്തിയതിനു ശേഷം രണ്ടു തവണ ഒമർ ജയിലിനകത്ത് പോയിരുന്നു.
ആദ്യ ദിവസങ്ങളിൽ പ്രത്യേക ഗ്രൂപ്പുകളോടൊന്നും അടുക്കാതിരുന്ന ഒമർ അവസാന ദിസങ്ങളിൽ ശോഭയായിട്ട് സൗഹൃദത്തിലായിരുന്നു. അഖിൽ മാരാർ നിരന്തരമായി ശോഭയെ പരിഹസിക്കുന്നതിൽ നിന്ന് എങ്ങനെ വഴിതിരിച്ചു വിടാമെന്ന വഴിയും ഒമർ മത്സരാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല, ഹൗസിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുൻപ് ശോഭയെ ഒറ്റയ്ക്കാക്കരുത്, കളിയുടെ ഗതി ഇനി മാറാൻ പോവുകയാണെന്ന നിർദ്ദേശം വിഷ്ണുവിന് നൽകുകയും ചെയ്തു. അഞ്ജൂസിന് റെനീഷയോടുള്ള പെരുമാറ്റത്തെ കുറിച്ചും ഒമർ സംസാരിച്ചിരുന്നു. ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒമർ ഹൗസിൽ നിന്ന് പോയതെന്ന ദുഖത്തിലാണ് മത്സരാർത്ഥികൾ.