Bigg Boss Malayalam Season 5: വീണ്ടുമൊരു വീക്ക്ലി ടാസ്കിന്റെ ആവേശത്തിലും ചൂടിലുമാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. മിഷൻ എക്സ് എന്ന ടാസ്കാണ് ഈ ആഴ്ച മത്സരാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. വീട്ടിലെ അംഗങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞാണ് ഈ ടാസ്ക് പൂർത്തിയാക്കേണ്ടത്. ജുനൈസ്, സെറീന, റെനീഷ, അഞ്ജുസ്, സാഗർ, നാദിറ, മിഥുൻ എന്നിവർ അടങ്ങുന്ന ടീമിന് ആൽഫ എന്നാണ് പേര്. അഖിൽ മാരാർ, ഷിജു, വിഷ്ണു, ശോഭ, റിനോഷ്, ശ്രുതി ലക്ഷ്മി, അനു ജോസഫ്, ഒമർ ലുലു എന്നിവരാണ് ബീറ്റ ടീമിലുള്ളത്.
ഗെയിം തുടങ്ങിയതോടെ തന്നെ ഇരു ടീമുകളും തമ്മിലുള്ള വാക്കേറ്റവും തുടങ്ങി. അതിനിടയിൽ ബഹിരാകാശ പേടകം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഫ്യൂസ് അടിച്ചുമാറ്റി എതിർ ടീമിനെ തോൽപ്പിക്കാനായി ബാത്ത് റൂമിൽ കയറി ഇരിപ്പുറപ്പിക്കുകയായിരുന്നു ആൽഫ ടീമിലെ അംഗമായ അഞ്ജുസ്. വാതിൽ തുറന്ന് പുറത്തിറങ്ങാൻ ബീറ്റ ടീം അംഗങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അഞ്ജുസ് അതിനു തയ്യാറായില്ല. അതോടെ പ്രകോപിതനായി ടോയ് ലറ്റിന്റെ വാതിൽ ചവിട്ടിപൊളിക്കുകയായിരുന്നു ഒമർ ലുലു. അതോടെ അഞ്ജുസ് ഒളിപ്പിച്ചുവച്ച ഫ്യൂസ് ബീറ്റ ടീമംഗങ്ങൾ കൈക്കലാക്കുകയും ചെയ്തു.
ബിഗ് ബോസ് വീട്ടിലെ പ്രോപ്പർട്ടികൾ നശിപ്പിക്കാൻ പാടില്ലെന്ന് ഷോയുടെ നിയമാവലിയിൽ കർശനമായി പറയുന്ന കാര്യമാണ്. കഴിഞ്ഞയാഴ്ചയും വാരാന്ത്യ എപ്പിസോഡിനായി മോഹൻലാൽ എത്തിയപ്പോൾ ഇക്കാര്യം വീണ്ടും എടുത്തു പറയുകയും മത്സരാർത്ഥികൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. പോയവാരം ടാസ്കിനിടെ പ്രോപ്പർട്ടികൾ നശിപ്പിച്ച ഷിജുവിനും ഒമർ ലുലുവിനുമുള്ള ശിക്ഷയായി ലക്ഷ്വറി ബജറ്റിൽ നിന്നും 500 പോയിന്റുകൾ കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ താക്കീതിനെയൊക്കെ കാറ്റിൽ പറത്തുന്ന പെരുമാറ്റമാണ് ഇന്നലെ ഒമർ ലുലുവിൽ നിന്നും ഉണ്ടായത്.
ബിഗ് ബോസിലെ ടോയ്‌ലറ്റ് പല സീസണിലും ഒരു പ്രശ്നബാധിത പ്രദേശമായി മാറാറുണ്ട്. ഗെയിമിനിടയിൽ മത്സരാർത്ഥികൾ എതിർടീമിനെ തോൽപ്പിക്കാനായി പലപ്പോഴും ഒളിച്ചിരിക്കുന്ന സ്ഥലം കൂടിയായി ടോയ്‌ലറ്റ് മാറുന്ന കാഴ്ച മുൻപും പ്രേക്ഷകർ കണ്ടതാണ്. നാലാം സീസണിൽ റോബിൻ- റിയാസ് വാക്കേറ്റം നടന്നതും റോബിൻ റിയാസിനെ തല്ലിയതും ടോയ്‌ലറ്റ് ഏരിയയിൽ വച്ചുതന്നെയാണ്.
അതേസമയം, ബാത്ത് റൂം വാതിൽ ചവിട്ടി പൊളിക്കുന്ന ‘കലാപരിപാടി’ മത്സരാർത്ഥികൾ ബിഗ് ബോസിനകത്ത് കാഴ്ച വയ്ക്കുന്നത് ഇതാദ്യമല്ല. സൽമാൻ ഖാൻ അവതാരകനാവുന്ന ഹിന്ദി ബിഗ് ബോസിലും സമാനമായൊരു സംഭവം നടന്നിരുന്നു. ബിഗ് ബോസ് ഹിന്ദിയുടെ പത്താം സീസണിൽ സ്വാമി ഓം എന്ന മത്സരാർത്ഥിയാണ് ടോയ്‌ലറ്റ് വാതിൽ ചവിട്ടി പൊളിച്ചത്. അതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സ്വാമി ഓമിന്റെ പ്രവൃത്തി കണ്ട് രോഷാകുലനായി താക്കീത് നൽകുന്ന ബിഗ് ബോസിന്റെ ശബ്ദവും വീഡിയോയിൽ കേൾക്കാം. ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ച് മനപൂർവ്വം പ്രോപ്പർട്ടി നശിപ്പിച്ച ഒമർ ലുലുവിന്റെ കാര്യത്തിൽ ബിഗ് ബോസും മോഹൻലാലും എന്ത് നടപടിയാണ് കൈകൊള്ളുക എന്ന് കണ്ടറിയണം.
ബിഗ് ബോസ് ഹിന്ദി പത്താം സീസണിലെ മത്സരാർത്ഥിയായ സ്വാമി ഓം ഒരു വിവാദ മത്സരാർത്ഥിയായിരുന്നു. ഷോയിൽ നിന്നും സ്വാമി ഓമിനെ പുറത്താക്കുകയായിരുന്നു. സഹമത്സരാർത്ഥികളുടെ മേൽ മൂത്രം ഒഴിച്ചു എന്ന കാരണത്താലാണ് സ്വാമി ഓമിനെ ഷോയിൽ നിന്നും പുറത്താക്കിയത്.