Bigg Boss Malayalam Season 5: ഹനാൻ, ഒമർ ലുലു എന്നിവർക്കു ശേഷം ഒരു പുതിയ വൈൽഡ് കാർഡ് എൻട്രി കൂടി ബിഗ് ബോസ് ഹൗസിലെത്തിയിരിക്കുകയാണ്. സീരിയൽ – സിനിമാരംഗത്ത് സുചിരിതയായ താരം അനു ജോസഫാണ് ബിഗ് ബോസ് അഞ്ചാം സീസണിലെ പുതിയ മത്സരാർത്ഥി. ഇന്നലെ മോഹൻലാലെത്തിയ എപ്പിസോഡിൽ അനുവിന്റെ ഇൻട്രോ കാണിച്ചിരുന്നു. ജപ്പാനിൽ നിന്ന് വീഡിയോ കോൾ വഴിയാണ് മോഹൻലാൽ മത്സരാർത്ഥികളോട് സംസാരിച്ചത്. അനുവിനെ കൺഫഷൻ റൂമിലിരുത്തിയാണ് മോഹൻലാൽ സ്വാഗതം പറഞ്ഞത്. ഇന്നത്തെ എപ്പിസോഡിലായിരിക്കും ഹൗസിലേക്കുള്ള അനുവിന്റെ എൻട്രി കാണിക്കുക.
ബിഗ് ബോസ് അഞ്ചാം സീസണിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതൽ ഉണ്ടായിരുന്ന പേരാണ് അനുവിന്റേത്. എന്നാൽ വൈൽഡ് കാർഡ് എൻട്രിയായി അനു എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ബിഗ് ബോസ് താൻ കാണാറുണ്ടെന്നും എന്നാൽ ആരോടും ഒരു പ്രത്യേക താത്പര്യമില്ലെന്നും അനു മോഹൻലാലിനോട് പറഞ്ഞിരുന്നു. ഒരു തരത്തിലുള്ള സ്ട്രാറ്റജിയും തന്റെ പദ്ധതിയിലില്ലെന്നും അനു കൂട്ടിച്ചേർത്തു. ശ്രുതി ലക്ഷ്മി, ഷിജു എന്നിവർക്കൊപ്പം താൻ മുൻപ് പ്രവർത്തിച്ചിട്ടുണ്ടെന്നും അഞ്ജൂസിനെ വ്യക്തിപരമായി അറിയാമെന്നും അനു പറഞ്ഞു.
കലാഭവൻ ഡാൻസ് ട്രൂപ്പിലൂടെ ക്ലാസ്സിക്കൽ നർത്തകിയായെത്തിയാണ് അനുവിന്റെ കലാജീവിതം ആരംഭിച്ചത്. പിന്നീട് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ‘ചിത്രലേഖ’ എന്ന സീരിയലിലൂടെ അഭിനയലോകത്തെത്തി. അമ്മ, മിന്നുക്കെട്ട്, ആലിലത്താലി, സ്നേഹചന്ദ്രിക,പഴശ്ശി രാജ, ഒരിടത്തൊരിടത്ത് തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ‘കാര്യം നിസ്സാരം’ എന്ന സീരിയലിലെ അഡ്വക്കേറ്റ് സത്യഭാമ എന്ന കഥാപാത്രമാണ് അനുവിന് കൂടുതൽ ശ്രദ്ധ നേടി കൊടുത്തത്. അനീഷ് രവിയായിരുന്നു സീരിയിൽ മറ്റു പ്രധാന വേഷം ചെയ്തത്. ഇരുവരും തമ്മിലുള്ള കോബിനിനേഷൻ മിനിസ്ക്രീനിൽ ഹിറ്റായി മാറി.
അവതാരകയായും അനു തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അനു ജോസഫ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുമുണ്ട്. നാലു ലക്ഷം സബ്സ്ക്രൈബേഴ്സാണ് നിലവിലുള്ളത്. പാടം ഒന്ന്: ഒരു വിലാപം, ആയിരത്തിൽ ഒരുവൻ, ലിസ്സമ്മയുടെ വീട്, സപ്തമശ്രീ തസ്ക്കര, വെള്ളിമൂങ്ങ,പത്തേമാരി, ദി ഗ്രേറ്റ് ഫാദർ തുടങ്ങി അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഹാന – ഷൈൻ ടോം ചിത്രം ‘അടി’ ആണ് അവസാനം റിലീസിനെത്തിയത്.