Bigg Boss Malayalam Season 5: ബിഗ് ബോസ് വീടിനെ അക്ഷരാർത്ഥത്തിൽ പോർക്കളമാക്കി മാറ്റുകയായിരുന്നു മിഷൻ എക്സ് എന്ന വീക്ക്‌ലി ടാസ്ക്. ആൽഫ, ബീറ്റ എന്നിങ്ങനെ രണ്ടു ടീമുകളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയ ടാസ്കിൽ വീറോടെയാണ് എല്ലാ മത്സരാർത്ഥികളും പങ്കെടുത്തത്. ഏറെ ശാരീരിക അധ്വാനവും ആവശ്യമായി വന്ന ടാസ്കായിരുന്നു മിഷൻ എക്സ്. കൂട്ടത്തല്ലും ബലപ്രയോഗവുമൊക്കെയായി ടാസ്കിന്റെ രണ്ടാം ഘട്ടം ഇന്നലെ അവസാനിച്ചപ്പോഴേക്കും മത്സരാർത്ഥികളെല്ലാം അവശരായിരുന്നു. വീറും വാശിയും നിറഞ്ഞ മത്സരാർത്ഥികളുടെ പോരാട്ടം ബിഗ് ബോസ് പ്രേക്ഷകരിലും ആവേശം നിറയ്ക്കുന്നതായിരുന്നു.
എന്നാൽ, ടാസ്കിനു പിന്നാലെ ഏറെ വിമർശനങ്ങളും ഉയരുന്നുണ്ട്. മത്സരാർത്ഥികളിൽ ഒരാളായ റെനീഷ ടാസ്കിനിടെ കാണിച്ച വയലൻസ് അതിരു കടന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. എല്ലാ മത്സരാർത്ഥികളും വാശിയോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ ഭൂരിഭാഗം ആളുകളും സ്വയരക്ഷയ്ക്കും എതിരാളികളെ ആക്റ്റിവിറ്റി ഏരിയയിൽ നിന്നും നീക്കാനും മാത്രമാണ് ബലപ്രയോഗം നടത്തിയത്. എന്നാൽ, കൂട്ടത്തിൽ കടുത്ത സമീപനം സ്വീകരിച്ചത് റെനീഷയാണ്. മറ്റുള്ളവരെ ദേഹോപദ്രവം ഏൽപ്പിക്കുന്ന രീതിയിലായിരുന്നു റെനീഷയുടെ പല ശ്രമങ്ങളും. ടാസ്കിനിടയിൽ ഷിജുവിനെയും ബസർ അടിച്ചതിനു ശേഷം അഖിലിനെയും റെനീഷ തല്ലുന്നതിന്റെ വീഡിയോകൾ രൂക്ഷ വിമർശനമാണ് ഏറ്റുവാങ്ങുന്നത്. ടാസ്കിനിടെ റെനീഷ ശോഭയുടെ മുഖം ശക്തമായി നിലത്തുരയ്ക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
എതിർ മത്സരാർത്ഥികളെ മനപൂർവ്വം വേദനിപ്പിക്കുന്ന രീതിയിലായിരുന്നു റെനീഷയുടെ സമീപനമെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ടാസ്ക് വരുമ്പോൾ എതിർ ടീമിലെ മൽസരാർത്ഥികളെ ബദ്ധശത്രുവിനെ പോലെ കാണുകയും പെരുമാറുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുന്ന ബിഗ് ബോസ് വീട്ടിലെ ഒരേയൊരു മൽസരാർത്ഥി റെനീഷയാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. മനപൂർവ്വം ശാരീരികമായി ഉപദ്രവിക്കുന്ന റെനീഷയെ ഗെയിമിൽ നിന്ന് പുറത്താക്കണമെന്നും മോഹൻലാൽ വീക്ക്‌ലി എപ്പിസോഡിൽ ഇത് ചോദ്യം ചെയ്യണമെന്നും വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ടാസ്കിനിടയിൽ ശ്രുതി ലക്ഷ്മി റെനീഷയെ ലേഡി ഗുണ്ട എന്നു വിളിച്ചിരുന്നു. റെനീഷയുടെ മൊത്തത്തിലുള്ള സമീപനം ആ വിളിയെ ന്യായീകരിക്കുന്നതാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
റെനീഷയെ ചോദ്യം ചെയ്യുന്നിനൊപ്പം, മിഷൻ എക്സ് ടാസ്കിൽ പരിധി വിട്ട് പെരുമാറിയ അഖിൽ, സാഗർ, മിഥുൻ, ഒമർ ലുലു എന്നിവരെ കൂടി ചോദ്യം ചെയ്യണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. വാക്കേറ്റത്തിനിടെ അഖിൽ നാദിറയെ ട്രേ കൊണ്ട് അടിക്കാൻ ഓങ്ങിയത് ശരിയായില്ല എന്നും വിമർശനമുയരുന്നുണ്ട്. അതുപോലെ വലിയ ഐസ് കട്ട വച്ച് എതിർടീമിനെ ആക്രമിക്കാൻ നോക്കിയ സാഗറിന്റെ സ്ട്രാറ്റജിയും വിഷ്ണുവിനെ മിഥുൻ മനപൂർവ്വം ഉപദ്രവിക്കാൻ നോക്കിയതുമൊക്കെ ഈ ആഴ്ചയിലെ പ്രധാന പ്രശ്നങ്ങളായി ബിഗ് ബോസ് പ്രേക്ഷകർ ഉയർത്തി കാണിക്കുന്നുണ്ട്.