Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ട്രാൻസ് വനിതയായ നാദിറ മെഹ്റിൻ. ഫിസിക്കൽ ടാസ്കുകളിലും മറ്റും തിളക്കമാർന്ന പ്രകടനമാണ് നാദിറ പലപ്പോഴും കാഴ്ചവയ്ക്കാറുള്ളത്. വാദപ്രതിവാദങ്ങളിലും തന്റെ നിലപാട് കൃത്യമായി തുറന്നു പറയാറുളള മത്സരാർത്ഥിയാണ് നാദിറ. സാഗറിനോട് നാദിറയ്ക്കുള്ള പ്രണയവും അതിനെ തുടർന്നുണ്ടായ സമീപനങ്ങളിലെ ചില രീതികളും മാത്രമാണ് ഇതിനകം നാദിറയ്ക്ക് നെഗറ്റീവായി മാറിയിട്ടുള്ളത്. ബാക്കിയെല്ലാ കാര്യത്തിലും മികവോടെ മുന്നോട്ട് പോവുന്ന നാദിറ ഫൈനൽ ഫൈവോളം എത്താൻ സാധ്യതയുള്ള മത്സരാർത്ഥി കൂടിയാണ്.
ബിബി ഹോട്ടൽ ടാസ്കിനിടെ രജിത് കുമാറിനോട് നാദിറയടിച്ച ഒരു തഗ്ഗ് ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബിബി ഹോട്ടൽ ടാസ്കിൽ അതിഥികളായി എത്തിയവരായിരുന്നു മുൻ സീസണിലെ മത്സരാർത്ഥികളായ രജിത് കുമാറും റോബിൻ രാധാകൃഷ്ണനും. മത്സരാർത്ഥികൾ ഗസ്റ്റുകളെ പ്രീതിപ്പെടുത്തുകയും അവരിൽ നിന്നും ഡോളർ പാരിതോഷികമായി കൈപ്പറ്റുകയും ചെയ്യുക എന്നതായിരുന്നു ടാസ്ക്. ഓരോ ദിവസവും ടാസ്ക് അവസാനിക്കുമ്പോൾ അതിഥികൾ തങ്ങളുടെ കയ്യിലുള്ള ഡോളർ, ആ ദിവസം നന്നായി പെർഫോം ചെയ്ത ആളുകൾക്ക് ടിപ്പായി നൽകും.
ഓരോരുത്തരെയായി വിളിച്ച് ടിപ്സ് നൽകുന്നതിനിടയിൽ നീ എന്തു പണിയാണിവിടെ ചെയ്തത്? എന്നാണ് രജിത് കുമാർ നാദിറയോട് ചോദിച്ചത്. “സാറിനു അറിവില്ലാത്ത കുറേ കാര്യങ്ങൾ പറഞ്ഞുതന്നു, പിന്നെ സാറിനെ ആക്രമിക്കാൻ വന്നപ്പോൾ നേതൃത്വം കൊടുത്തു,” എന്നായിരുന്നു നാദിറയുടെ ഉത്തരം.
നാദിറയുടെ തഗ്ഗ് ഡയലോഗ് ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ‘ഇത്രയും സത്യസന്ധയായ സ്റ്റാഫിനെ ഡോണ്ട് യൂ ലൈക്ക് രജിത് സാർ,” എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഉള്ളത് സത്യസന്ധമായ് പറഞ്ഞു, അത്രേ ഞാൻ ചെയ്തുള്ളു, അതിനാണ് ഇവന്മാർ ഇങ്ങനെ ചിരിക്കുന്നത് സാർ, എടുക്കെടാ ഒരു പൊന്നാട, സർകാസം ആണ് ആൾടെ മെയിൻ എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.
ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് നാദിറ മെഹ്റിൻ. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രതിനിധിയായി പാനലിനെ നയിച്ച് നാദിറ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ട്രാൻസ് വ്യക്തി നയിച്ച സംഭവം. തിരുവനന്തപുരം സ്വദേശിയാണ് നാദിറ. എംഎ തിയേറ്റർ വിദ്യാർത്ഥിയാണ് നാദിറ ഇപ്പോൾ. ന്യൂസ് റീഡറായും നാദിറ ജോലി ചെയ്തിട്ടുണ്ട്.