Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണിലെ മത്സരാർത്ഥികളിലൊരാണ് നാദിറ മെഹ്റിൻ. ട്രാൻസ് യുവതിയായ നാദിറ തന്റെ വീട്ടുക്കാരുമായി അകന്നു കഴിയുകയാണ്. തന്റെ മാതാപിതാക്കൾ ഒരിക്കൽ എല്ലാം മനസ്സിലാക്കി തിരികെ വിളിക്കണമെന്നാണ് ആഗ്രഹമെന്ന് നാദിറ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട്. ഹൗസിലെ മറ്റു മത്സരാർത്ഥികൾ തങ്ങളുടെ വീട്ടുകാരുമായി സംസാരിച്ചപ്പോഴും നാദിറയുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിരുന്നില്ല. ഈദ് ആഘോഷ സമയത്തും തന്റെ ഈ ആഗ്രഹം നാദിറ ആവർത്തിച്ചു. ഇപ്പോഴത് സഫലീകരിച്ചിരിക്കുകയാണ് ബിഗ് ബോസ്.
ഇന്നലെ മാതൃദിനത്തോടനുബന്ധിച്ച് നടന്ന എപ്പിസോഡിലാണ് നാദിറയുടെ അമ്മ ഫോൺ ചെയ്തത്. മത്സരാർത്ഥികളോട് അമ്മയ്ക്കായി കത്തുകൾ എഴുതാൻ ബിഗ് ബോസ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. തങ്ങളുടെ വിടപറഞ്ഞ അമ്മമാരെ ഓർത്ത് സാഗറും ജുനൈസും കത്തെഴുതി ഹൗസ് അംഗങ്ങളെയും പ്രേക്ഷകരെയും കണ്ണീരിലാഴ്ത്തി. അമ്മമാരുടെ ആശംസ വീഡിയോ പ്ലാസ്മ ടീവിയിലൂടെ മത്സരാർത്ഥികളെ കാണിക്കുകയും ചെയ്തു ബിഗ് ബോസ്.
ഉമ്മയ്ക്കായി എഴുതിയ കത്ത് നാദിറ വായിച്ചു കഴിഞ്ഞപ്പോഴായിരുന്നു അമ്മയോട് സംസാരിക്കണമോയെന്ന് മോഹൻലാൽ ചോദിച്ചത്. ഉടൻ തന്നെ നാദിറയുടെ ഉമ്മയുടെ ശബ്ദം ബിഗ് ബോസിൽ നിറഞ്ഞു. നിറക്കണ്ണുകളോടയാണ് നാദിറയും മറ്റു മത്സരാർത്ഥിളും ആ നിമിഷത്തെ ഏറ്റെടുത്തത്. മോളെയെന്ന് വിളിച്ചാണ് ഉമ്മ സംസാരിച്ചത്. ബിഗ് ബോസ് കാണാറുണ്ടെന്നും സന്തോഷമായിരിക്കാനും അമ്മ നാദിറയോട് പറഞ്ഞു. ബിഗ് ബോസ് ഷോയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും നല്ലൊരു പ്രവർത്തിയായിരുന്നു അതെന്നാണ് പ്രേക്ഷകർ പറയുന്നത്.
ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് നാദിറ മെഹ്റിൻ. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രതിനിധിയായി പാനലിനെ നയിച്ച് നാദിറ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ട്രാൻസ് വ്യക്തി നയിച്ച സംഭവം. തിരുവനന്തപുരം സ്വദേശിയാണ് നാദിറ. എംഎ തിയേറ്റർ വിദ്യാർത്ഥിയാണ് നാദിറ ഇപ്പോൾ. ന്യൂസ് റീഡറായും നാദിറ ജോലി ചെയ്തിട്ടുണ്ട്.