Bigg Boss Malayalam Season 5: നാലു പകലുകൾ മാത്രം ബാക്കി, മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ തിരശ്ശീല ഉയരുന്നത് കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. മാർച്ച് 26 ഞായറാഴ്ച ഏഴു മണിയ്ക്കാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ച്. ഒറിജിനാലിറ്റിയെ ആഘോഷമാക്കുന്നതാവും ഇത്തവണത്തെ സീസൺ എന്നാണ് പ്രെമോ നൽകുന്ന സൂചന.
‘ബാറ്റിൽ ഓഫ് ഒർജിനൽസ്, തീ പാറും’ എന്നതാണ് ഈ സീസണിന്റെ ടാഗ് ലൈൻ. തീപ്പാറുന്ന മത്സരത്തിനായി എത്തുന്ന ഈ സീസണിലെ മത്സരാർത്ഥികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നടൻ ഷിജു എആർ, ജിഷിൻ മോഹൻ, സംവിധായകരായ ഒമർ ലുലു, അഖിൽ മാരാർ, വൈബർ ഗേൾ ദേവു, സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ അമല ഷാജി, വുഷു ചാമ്പ്യൻ അനിയൻ മിഥുൻ എന്നിവരുടെയെല്ലാം പേരുകൾ ഇത്തവണത്തെ സാധ്യതാ പട്ടികയിൽ ഉയർന്നു കേൾക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി, ഏഷ്യാനെറ്റ് പുറത്തുവിട്ട പോസ്റ്ററുകളിലും മത്സരാർത്ഥികളെ കുറിച്ച് സൂചനകൾ നൽകുന്നുണ്ട്. അമല ഷാജി, അനിയൻ മിഥുൻ എന്നിവരിലേക്ക് ഉള്ള സൂചനകൾ നൽകിയതും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പോസ്റ്ററുകളായിരുന്നു. ‘പ്രതിസന്ധികളെ അതിജീവിച്ച ജീവിതത്തിൽ വിജയിച്ച ശക്തയായ ഒരു വനിതയുണ്ട്’ എന്നാണ് ഇന്ന് പുറത്തുവന്ന പോസ്റ്ററിലെ സൂചന. നാദിറ മെഹ്റിനാണോ അതോ ശോഭ വിശ്വനാഥാണോ ആ മത്സരാർത്ഥി എന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്.

ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് നാദിറ മെഹ്റിൻ. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രതിനിധിയായി പാനലിനെ നയിച്ച് നാദിറ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ട്രാൻസ് വ്യക്തി നയിച്ച സംഭവം. തിരുവനന്തപുരം സ്വദേശിയാണ് നാദിറ.

ഫാഷൻ ഡിസൈനറായ ശോഭ വിശ്വനാഥനും തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. രണ്ടു വർഷങ്ങൾക്കു മുൻപ് വാർത്തകളിൽ നിറഞ്ഞുനിന്ന മുഖമാണ് ശോഭ വിശ്വനാഥന്റേത്. 2021 ജനുവരിയിൽ ശോഭയുടെ വസ്ത്രശാലയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് റെയ്ഡും കേസുമൊക്കെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ആറുമാസത്തോളമാണ് നിയമ പോരാട്ടവുമായി ശോഭ മുന്നോട്ടുപോയത്. പിന്നീട് യഥാർത്ഥ പ്രതികളെ കണ്ടെത്തുകയും ശോഭയുടെ കേസ് റദ്ദ് ചെയ്യുകയുമായിരുന്നു.