Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിൽ വിവിധ തരത്തിലുള്ള സ്ട്രാറ്റജികൾ പ്രയോഗിക്കാറുണ്ട് മത്സരാർത്ഥികൾ. അതിലൊന്നാണ് ലവ് സ്ട്രാറ്റർജി എന്നത്. ഇതിനു മുൻപുള്ള സീസണുകളിൽ ഇത് പിന്തുടർന്ന് ഫൈനൽ റൗണ്ട് വരെയെത്തിയ മത്സരാർത്ഥികളുമുണ്ട്. ഇത്തവണത്തെ സീസണിൽ അങ്ങനെ ലവ് സ്ട്രാറ്റജിയിലൂടെ മുന്നേറാൻ തയാറെടുക്കുന്ന ജോഡികൾ എന്നു പ്രേക്ഷകർ വിശേഷിപ്പിച്ചത് സെറീനയെയും സാഗറിനെയുമാണ്. ഇരുവരും തമ്മിൽ പ്രണയമാണോ അതേ മത്സരത്തിന്റെ ഭാഗമായി ഒരു സ്ട്രാറ്റജി വർക്കൗട്ട് ചെയ്യുകയാണോ എന്നത് ഇതുവരെ വ്യക്തമല്ല. എന്തിരുന്നാലും ഇരുവരും ഒന്നിച്ചിരിക്കുന്ന നിമിഷങ്ങളെല്ലാം ബിഗ് ബോസ് ക്യാമറയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നുണ്ട്.
പ്രേക്ഷകർ മാത്രമല്ല ഹൗസിലെ അംഗങ്ങളും ഇതേ കാര്യം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് ഇന്നലെ നാദിറയുടെ രസകരമായ പ്രവർത്തിയിലൂടെ വ്യക്തമായത്. ബെഡ്റൂമിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു സെറീനയും സാഗറും. പെട്ടെന്നാണ് പാത്രവും സ്പൂണുമായി നാദിറയെത്തിയത്. ഇരുവരെയും ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയതാണ് നാദിറ. നിങ്ങളോട് എപ്പോഴും ഒരുമിച്ചിരിക്കരുതെന്ന് പറഞ്ഞിട്ടില്ലേയെന്ന് നാദിറ ചോദിക്കുന്നുണ്ട്. തുടർന്ന് സാഗറിനരികിൽ നിന്ന് സെറീനയെ നാദിറ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് വിളിച്ചു കൊണ്ടുപോയി. സെറീനയും സാഗറും ഈ രംഗങ്ങളെല്ലാം പുഞ്ചിരിയോടെ ആസ്വദിക്കുന്നതായാണ് കാണപ്പെട്ടത്.
ആദ്യ സീസണിൽ പ്രേക്ഷകരും ഏറെ ആഘോഷിച്ച ഒന്നായിരുന്നു പേളി മാണി- ശ്രീനിഷ് അരവിന്ദ് പ്രണയം. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഈ ജോഡികൾ ജീവിതത്തിലും ഒന്നായി. രണ്ടാം സീസണിലെ അലക്സാൻട്ര- സുജോ മാത്യു സൗഹൃദവും മൂന്നാം സീസണിൽ മണിക്കുട്ടനോട് പ്രണയമാണെന്ന് പറഞ്ഞ് സൂര്യ മേനോൻ നടത്തിയ നീക്കങ്ങളുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നാലാമത്തെ സീസണിൽ ദിൽഷയോട് പ്രണയമാണെന്ന് പറഞ്ഞ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും ബ്ലെസ്സിയും ലവ് സ്ട്രാറ്റജി പുറത്തെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മനീഷ ഹൗസിൽ നിന്ന് പുറത്തായത്. പുത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് മനീഷ സംസാരിച്ചിരുന്നു. ഇതിനിടയിൽ സാഗറും സെറീനയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് അങ്ങനെയൊരു ഇഷ്ടമുണ്ടെങ്കിൽ അതിനു പിന്തുണ നൽകുമെന്നതായിരുന്നു മനീഷയുടെ മറുപടി. സാഗറുമായി വളരെയധികം ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മനീഷ. തട്ടീം മുട്ടീം എന്ന സീരിയലിൽ അമ്മയും മകനുമായിട്ടാണ് ഇരുവരും വേഷമിട്ടത്.