Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരങ്ങളുടെ കാഠിന്യം ദിവസങ്ങൾ കഴിയുന്തോറും വർധിക്കുകയാണ്. ശാരീരികമായി മാത്രമല്ല മാനസികമായും വൈകാരികമായും ശക്തി ആർജ്ജിക്കേണ്ട ദിവസങ്ങളാണ് ഇപ്പോൾ മത്സരാർത്ഥികളും മുന്നിലൂടെ കടന്നു പോകുന്നത്.
എല്ലാ സീസണുകളിലും ഏറെ ട്വിസ്റ്റുകൾ സൃഷ്ടിക്കാറുള്ള ഒരു നോമിനേഷൻ പ്രക്രിയയാണ് കൺഫൻ റൂമിലിരുന്ന് പരസ്പരം നോമിനേറ്റ് ചെയ്യുക എന്നത്. വ്യത്യസ്തമായ രീതികളിലുള്ള നോമിനേഷൻ നടക്കാറുണ്ടെങ്കിലും ഹൗസ് അംഗങ്ങളുടെ മത്സരബുദ്ധിയെ പരീക്ഷിക്കുന്ന ഒന്നാണിത്. തങ്ങൾ എന്തുകൊണ്ട് ഈ മത്സരത്തിൽ തുടരാൻ യോഗ്യരാണെന്ന് ഓരോ മത്സരാർത്ഥികളും താരതമ്യപ്പെടുത്തി പറയും. അതിൽ ഒരാൾ കൺവിൻസ്ഡായി നേരെ നോമിനേഷനിലേക്ക് പോകുന്നതാണ് ഈ രീതിയുടെ പ്രത്യേകത. ചിലർ കൺഫഷൻ റൂമിൽ വന്നിരുക്കുമ്പോൾ തന്നെ നോമിനേഷൻ ലിസ്റ്റിലേക്ക് പോകാൻ താൻ തയാറാണെന്നും പേരു പറഞ്ഞോളൂയെന്ന് മറ്റു മത്സരാർത്ഥികളോട് പറയാറുണ്ട്. ഇതേ ഗെയിം രീതിയാണ് ഈ സീസണിൽ അഖിൽ മാരാരും റിനോഷും പരീക്ഷിച്ചത്. സ്വയം നോമിനേറ്റാകുന്നതിലൂടെ സഹ മത്സരാർത്ഥികളായ അനു, മിഥുൻ എന്നിവരെ സേവ് ചെയ്യുകയുമുണ്ടായി.
ഇത്തരത്തിൽ നാദിറ, ഷിജു, ജുനൈസ് എന്നിവരാണ് നോമിനേഷൻ പ്രക്രിയയിൽ ടീമായി തിരിഞ്ഞത്. ഷിജു ക്യാപ്റ്റനായതിനാൽ നോമിനേറ്റ് ചെയ്യാൻ അനുവാദമില്ല, എന്നാൽ അഭിപ്രായം പറയുകയും ചെയ്യാം. കഴിഞ്ഞാഴ്ച്ചത്തെ ടാസ്ക്കിലെ പ്രകടനത്തെ വച്ചാണ് ജുനൈസ് തന്റെ യോഗ്യതെക്കുറിച്ച് പറഞ്ഞത്. മാത്രമല്ല സാഗറിനോടുള്ള പ്രണയം നാദിറയുടെ മത്സര ബുദ്ധിയെ ബാധിച്ചിട്ടുണ്ടെന്നും ജുനൈസ് കൂട്ടിച്ചേർത്തു. അഖിൽ ശാരീരികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ ജുനൈസ് തന്റെ നിലപാടിൽ ഉറച്ചു നിന്നില്ലെന്നായിരുന്നു നാദിറയുടെ വാദം. ഒടുവിൽ ജുനൈസ് നോമിനേറ്റ് ചെയ്യപ്പെട്ടു.
നോമിനേഷൻ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ജുനൈസും നാദിറയും തമ്മിലുള്ള വാക്കു തർക്കങ്ങൾ ആരംഭിച്ചത്. അഖിൽ തന്നോട് ചെയ്ത ശാരീരിക ഉപദ്രവത്തെ ന്യായീകരിച്ചെന്ന ജുനൈസിന്റെ വാദത്തെ നാദിറ എതിർത്തു. ന്യായീകരിച്ചതല്ല മറിച്ച് ജുനൈസിന്റെ സ്ഥിരതയില്ലായ്മയെക്കുറിച്ചാണ് പറഞ്ഞതെന്നായി നാദിറ. തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞതു ശരിയായില്ലെന്ന് നാദിറയും പറഞ്ഞു. ഇവിടെ നിലനിൽക്കാൻ വേണ്ടിയാണ് നാദിറ പ്രണയ സ്ട്രാറ്റജി ഉപയോഗിച്ചതെന്ന വാദവും ജുനൈസ് നിരത്തി.
മത്സരാർത്ഥിയായ സാഗറിനോട് നാദിറ തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു എന്നാൽ സാഗർ അത് അംഗീകരിച്ചില്ല. നാദിറയെ ഒരു സുഹൃത്തായി മാത്രമാണ് താൻ കാണുന്നതെന്നാണ് സാഗർ പറഞ്ഞത്.