Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ശക്തരായ മത്സരാർത്ഥികളിലൊരാളാണ് അഖിൽ മാരാർ. ബുദ്ധിപരമായ നീക്കങ്ങളിലൂടെയും വാക്ക് സാമർത്ഥ്യത്തിലൂടെയും ഹൗസിലെ അനവധി ടാസ്ക്കുകളിൽ അഖിൽ വിജയിച്ചിട്ടുണ്ട്. രണ്ടു തവണ ക്യാപ്റ്റണാകാനുള്ള അവസരം ലഭിച്ച ആദ്യ മത്സരാർത്ഥി കൂടിയാണ് അഖിൽ. എന്നാൽ അഖിലിന്റെ ഇടുങ്ങിയ ചിന്താഗതികളെയും രോക്ഷാകുലനാകുന്ന സ്വഭാവത്തെയും പ്രേക്ഷകരും മത്സരാർത്ഥികളും വിമർശിച്ചിട്ടുമുണ്ട്. ഹൗസിലെ മറ്റൊരു മത്സരാർത്ഥിയായ ശോഭയുമായുള്ള സംഭാഷണത്തിനിടയിൽ അഖിൽ മാരാർ പറഞ്ഞ തെറ്റായ വാചകത്തെ ചോദ്യം ചെയ്തിരിക്കുകയാണ് അവതാരകനായ മോഹൻലാൽ.
ശനിയാഴ്ച്ച നടന്ന എപ്പിസോഡിലാണ് മോഹൻലാൽ അഖിലിന്റെ തെറ്റ് ചൂണ്ടികാണിച്ചത്. എല്ലാ സ്ത്രീകളുടെയും ജീവിതം ഒരുപോലെയാണെന്നും കഷ്ടപ്പാടുകൾ അനുഭവിക്കാത്ത സ്ത്രീകളില്ലെന്നും അഖിൽ പറഞ്ഞു. ഇതിനിടയിലാണ് താൻ ഭാര്യയെ അടിച്ചിട്ടുണ്ടെന്ന വാചകം അഖിൽ പറഞ്ഞത്. അഖിലിന്റെ ആ വാചനം അനവധി വിമർശനങ്ങൾക്കിടയായി. ഒടുവിൽ മോഹൻലാൽ ഇതേക്കുറിച്ച് എപ്പിസോഡിൽ ചോദിക്കുകയായിരുന്നു.
മത്സരാർത്ഥികളായ ശോഭ, ശ്രീദേവി, മനീഷ, ഒമർ ലുലു എന്നിവരോട് ഇതിനെക്കുറിച്ചുള്ള അഭിപ്രായവും മോഹൻലാൽ ആരാഞ്ഞു. നാലു പേരും അഖിലിന്റെ വാചകത്തിനെതിരെ പ്രതികരിക്കുകയും ചെയ്തു.എവിക്റ്റ് ചെയ്യപ്പെട്ട ഗോപിക അഖിലിനെ കുറിച്ചു പറഞ്ഞ പരാമർശവും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗർഭിണിയായിരിക്കെ താൻ ഭാര്യയെ തല്ലിയെന്ന് അഖിൽ മാരാർ പറഞ്ഞെന്നാണ് ഗോപിക ആരോപിച്ചത്.
അഖിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ തന്നെ താരത്തിന്റെ ഭാര്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
“സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന വഴക്കുകള്‍ക്ക് ഇടയില്‍ ഞങ്ങള്‍ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറുണ്ട്. ദേഷ്യപ്പെടാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകുന്ന ചെറിയ തള്ളുകളും മറ്റും ആരും വലിയ സംഭവം ആക്കണ്ട. എല്ലാവരുടേയും വീട്ടില്‍ നടക്കുന്നതാണ് അതും. അഖില്‍ മാരാര്‍ ഒരു മനുഷ്യനാണ്. എന്റെ ഗര്‍ഭകാലത്ത് എന്നെ അദ്ദേഹം അടിച്ചു എന്ന് പറയുന്ന സ്റ്റേറ്റ്‌മെന്റ് തികച്ചും പൊള്ളയാണ്. സത്യം അറിയാതെ ആരും സംസാരിക്കരുത്. ആവശ്യം ഇല്ലാത്തത് പറയരുത്. അത് വീട്ടില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് എത്രത്തോളം വേദന ഉണ്ടാകുമെന്ന് ആലോചിക്കണം,” രാജലക്ഷ്മി ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിച്ചു.
മോഹൻലാൽ ചോദ്യം ചെയ്തപ്പോൾ താൻ വലിയ കാര്യമായി പറഞ്ഞതല്ല മറിച്ച് ജീവിതത്തിൽ അങ്ങനെ പറ്റി പോയെന്നെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു അഖിലിന്റെ മറുപടി.