Bigg Boss Malayalam Season5:ബിഗ് ബോസ് ഹൗസിൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും ടാസ്ക്കുകളുടെ കാഠിന്യം വർധിച്ചു വരുകയാണ്. കഴിഞ്ഞ ആഴ്ച്ച നടന്ന മിഷൻ എക്സ് എന്ന ടാസ്ക്ക് അത്തരത്തിൽ ഒന്നായിരുന്നു.
ആൽഫ, ബീറ്റ എന്നിങ്ങനെ രണ്ടു ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. നാദിറ, ജുനൈസ്, റെനീഷ്, സെറീന, സാഗർ, അഞ്ജൂസ് , മിഥുൻ എന്നിവർ ആൽഫ ടീമിലും ശോഭ, ഷിജു, അഖിൽ, വിഷ്ണു, ശ്രുതി, റിനോഷ്, അനു, ഒമർ ലുലു എന്നിവർ ബീറ്റ ടീമിലുമായിരുന്നു. ശാസ്ത്ര ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ടാസ്ക്ക് നടന്നത്. ആൽഫ ടീമംഗങ്ങളുടെ കണ്ണു വെട്ടിച്ച് ബീറ്റ ടീം നാലു ഫ്യൂസുകൾ കുത്തണമെന്നായിരുന്നു ആദ്യ ടാസ്ക്ക്. ബീറ്റ ടീം വളരെ വിജയകരമായി ഒരു ഫ്യൂസ് കുത്തുകയും ചെയ്തു. ഇതിനിടയിൽ ചില സംഭവവികാസങ്ങളും ഹൗസിൽ അരങ്ങേറി.
മിഷൻ എക്സ് എന്ന ടാസ്ക്കിനിടയിൽ മത്സരാർത്ഥികൾ തമ്മിൽ നല്ല രീതിയിലുള്ള ഉന്തും തള്ളുമെല്ലാം നടന്നിരുന്നു. ഇതിനിടയിൽ വിഷ്ണുവിനെ മിഥുൻ മനപൂർവ്വം ശാരീരികമായി ഉപദ്രവിച്ചു എന്നതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. ഒടുവിൽ പ്രേക്ഷകരുടെ അഭിപ്രായ പ്രകാരം മോഹൻലാൽ ഇന്നലെ മിഥുനെ ചോദ്യം ചെയ്യുകയുണ്ടായി. താൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ലെന്നും മനപൂർവ്വം അങ്ങനെ ചെയ്യില്ലെന്നുമായിരുന്നു മിഥുന്റെ മറുപടി. റിനോഷും മിഥുനും ഇതേ കുറിച്ച് ടാസ്ക്കിനു മുൻപ് ചർച്ച ചെയ്തില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഇരുവരും പറഞ്ഞത്. മിഥുൻ തന്നെ മനപൂർവ്വം ആക്രമിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വിഷ്ണുവും പറയുകയുണ്ടായി.
മിഥുനെതിരെ മാത്രമല്ല റെനീഷയ്‌ക്കെതിരെയും വിമർശനമുയർന്നിരുന്നു. ടാസ്ക്കിനിയിൽ റെനീഷ സഹമത്സരാർത്ഥികളെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ പറഞ്ഞത്. ഇതേ കുറിച്ച് ചോദിച്ചപ്പോൾ താൻ അങ്ങനെ ചെയ്തട്ടില്ലെന്ന് പറഞ്ഞ റെനീഷ ക്ലിപ്പിങ്ങ്സ് കാണിച്ചപ്പോൾ ക്ഷമ പറയുകയായിരുന്നു.
ഒരു തരത്തിലുള്ള മാനുഷിക പരിഗണനയുമില്ലാതെ ഒരാളെ മനപൂർവ്വമായി ഉപദ്രവിച്ച മിഥുനെ ഹൗസിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. ബിഗ് ബോസ് ഇരുവരെയും ചോദ്യം ചെയ്തതിൽ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നാണ് കാഴ്ച്ചക്കാർ പറയുന്നത്.