Bigg Boss Malayalam Season 5: മികവോടെ വീക്ക്‌ലി ടാസ്കിൽ പങ്കെടുത്തിട്ടും തന്റെ പരിശ്രമം ആരും അഭിനന്ദിച്ചില്ലെന്നും തന്നെ ക്യാപ്റ്റൻസിയിലേക്ക് നോമിനേറ്റ് ചെയ്തില്ലെന്നും അഖിൽ മാരാർ സഹമത്സരാർത്ഥികളോട് പരാതിപ്പെട്ടിരുന്നു.
“102 ഡിഗ്രി പനിയുണ്ടായിട്ടും ഞാൻ ടാസ്ക്ക് നല്ല രീതിൽ കളിച്ചു. മത്സരത്തിന്റെ പ്രധാന കാര്യമായിരുന്നു ഫ്യൂസ് കുത്തിയത് ഞാനായിരുന്നു. എന്നിട്ടും കൂടെ നിന്നവർ പോലും എനിക്ക് വേണ്ടി വോട്ട് ചെയ്തില്ല,” എന്നായിരുന്നു അഖിലിന്റെ പരിഭവം. പല തവണ ക്യാപ്റ്റൻസിയിൽ വരികയും ക്യാപ്റ്റനാവുകയും ചെയ്തു എന്ന കാരണത്താൽ ക്യാപ്റ്റൻസിയിലേക്ക് തന്നെ നോമിനേറ്റ് ചെയ്യാതെ ഇരുന്ന് ശരിയായില്ലെന്നും അഖിൽ പറഞ്ഞിരുന്നു.
വാരാന്ത്യ എപ്പിസോഡിനെത്തിയ മോഹൻലാൽ അഖിലിന്റെ ഈ പരാതിയെ കുറിച്ച് തിരക്കി. രണ്ടു തവണ ക്യാപ്റ്റനായതല്ലേ പിന്നെയെന്താണ് പരാതി എന്ന മോഹൻലാലിന്റെ ചോദ്യത്തിന് “ക്യാപ്റ്റൻസിയിലേക്ക് തിരഞ്ഞെടുക്കാതിരിക്കാൻ പറഞ്ഞ ആ വാചകത്തോട് എനിക്കു യോജിപ്പില്ല. പണ്ട് ദാസേട്ടന്റെ കാര്യത്തിലാണെന്നു തോന്നുന്നു, തുടർച്ചയായി അവാർഡ് കൊടുത്തപ്പോൾ ഇനി കൊടുക്കേണ്ടെന്ന് പറഞ്ഞത്,” എന്നായിരുന്നു അഖിലിന്റെ മറുപടി.
“ദാസേട്ടനു മാത്രമല്ല ഞങ്ങൾക്കും അത് പറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണ അവാർഡ് കിട്ടിയതല്ലേ എന്നു പറഞ്ഞ് മാറ്റി നിർത്തിയിട്ടുണ്ട്. പിന്നീടതൊരു നിയമം പോലെയായി. അതുകൊണ്ട് ദാസേട്ടൻ പാടാതിരുന്നിട്ടുണ്ടോ? ഞാൻ വീണ്ടും അഭിനയിക്കാതിരുന്നോ? അതുകൊണ്ട് മാരാർ ഇനി കളിക്കാതിരിക്കുമോ? അങ്ങനെ പറഞ്ഞാൽ വേറെ ആർക്കും കുഴപ്പമില്ല. മാരാറിനു തന്നെയാണ്. വീണ്ടും പരിശ്രമിക്കൂ. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അങ്ങനെ സംഭവിക്കണം എന്നു വിചാരിക്കരുത്. പറഞ്ഞ ആ വാക്ക് ശരിയല്ല. കളിക്കാതിരിക്കരുത്, കളിക്കണം.” മോഹൻലാൽ പറഞ്ഞു.
ബിഗ് ബോസ് അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിലൊരാളാണ് അഖിൽ മാരാർ. കൗണ്ടറുകൾ കൊണ്ടും ടാസ്ക്കിലെ പ്രകടനം കൊണ്ടും അഖിൽ മികച്ചു നിൽക്കുന്നുണ്ടെങ്കിലും ദേഷ്യം വരുമ്പോൾ അഖിൽ പറയുന്ന വാക്കുകൾ സ്വയം വിനയാകാറുമുണ്ട്. അഖിൽ – ശോഭ കോബിനേഷനും ഷോയിൽ ഹിറ്റായി നിൽക്കുകയാണിപ്പോൾ.