Bigg Boss Malayalam Season 5: ബിഗ് ബോസ് ഷോയ്ക്കിടയിൽ, മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന ആദിവാസി യുവാവ് മധുവിനെതിരെ അഖിൽ മാരാർ നടത്തിയ അധിക്ഷേപ പരാമർശം ഏറെ വിമർശനങ്ങൾക്ക് ഇടയാകകിയിരുന്നു. ഒരു ടാസ്കിനിടയിൽ ആയിരുന്നു അഖിൽ മാരാർ മധുവിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് അധിക്ഷേപ പരാമർശം നടത്തിയത്. വീക്ക്ലി ടാസ്കിൽ മീശ മാധവനായി ഒരുങ്ങി നിൽക്കുന്ന സാഗർ സൂര്യയോട് സംസാരിക്കുമ്പോഴായിരുന്നു മാരാരുടെ പരാമർശം. “നിന്നോട് അരിയാഹാരങ്ങൾ മോഷ്ടിക്കാൻ ആണോടാ പറഞ്ഞത്. നീയാരാ മധുവോ… ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിന്റെ അവസ്ഥ വരും” എന്നായിരുന്നു അഖിലിന്റെ വാക്കുകൾ.
മാരാരുടെ ഈ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകളാണ് രണ്ടു മൂന്നു ദിവസമായി നടന്നുകൊണ്ടിരിക്കുന്നത്. ‘മാരാരുടെ ഉള്ളിലെ സവർണ്ണതയാണ് പുറത്തുചാടുന്നത്, ഒരു നേരത്തെ അന്നം എടുത്തതിന്റെ പേരിൽ ജാതി കേരളം ആൾക്കൂട്ട കൊലപാതകത്തിന് ഇരയാക്കിയ മധു അയാൾക്ക് തമാശയ്ക്കുള്ള വകയാണ്’, ‘മധു ഒരു തമാശയല്ല മാരാർ’ എന്നിങ്ങനെ ഏറെ വിമർശനങ്ങളാണ് മാരാർക്കെതിരെ ഉയർന്നുവന്നത്.
അഖിൽ മാരാറിന്റെ ഈ പരാമർശം വിവാദമായതോടെ ദിശ ഫൗണ്ടേഷൻ പൊലീസ്, SC/ST കമ്മിഷൻ, ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു.
ഇപ്പോഴിതാ, അഖിലിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി മോഹൻലാലും എത്തുന്നു എന്നാണ് ഏഷ്യാനെറ്റ് ഇന്ന് പുറത്തുവിട്ട് പ്രമോ പറയുന്നത്.
അഖിലിനെതിരെ എന്ത് അച്ചടക്കനടപടിയാണ് ബിഗ് ബോസ് കൈകൊള്ളുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
മോഷണം ആരോപിച്ച് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഈ കഴിഞ്ഞ ദിവസമായിരുന്നു കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.