Bigg Boss Malayalam Season 5: മലയാള കരയിൽ ഏറെ പ്രേക്ഷകരുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. നാലു സീസണുകൾ പിന്നിട്ട് അഞ്ചാം സീസണിലെത്തി നിൽക്കുന്ന ബിഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥികളെല്ലാം കാണികൾക്ക് സുപരിചിതരാണ്. പതിനെട്ടു മത്സരാർത്ഥികളായി ആരംഭിച്ച അഞ്ചാം സീസണിപ്പോൾ 12 പേരിലെത്തി നിൽക്കുകയാണ്. ഓരോ ദിവസങ്ങൾ കഴിയുന്തോറും മത്സരത്തിന്റെ കാഠിന്യം വർധിക്കുകയാണ്. ഹൗസിനകത്തു മാത്രമല്ല പുറത്തും ബിഗ് ബോസ് ചർച്ചകളാണ് നിറയുന്നത്. ബിഗ് ബോസ് അവലോകനങ്ങളും ട്രോൾ വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ഇപ്പോഴിതാ മറ്റൊരു രസകരമായ വീഡിയോയാണ് ബിഗ് ബോസ് ആസ്വാദകരുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ കവരുന്നത്. ഏറെ ആരാധകരുള്ള മിമിക്രി താരമായ മഹേഷാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. ബിഗ് ബോസ് താരങ്ങളുടെ ശബ്ദം അനുകരിക്കുകയാണ് മഹേഷ്. ജുനൈസ്, സാഗർ, റിനോഷ്, ഷിജു, വിഷ്ണു, അഖിൽ, മിഥുൻ, നാദിറ,റോബിൻ എന്നിവരുടെ ശബ്ദമാണ് മഹേഷ് അനുകരിക്കുന്നത്. മത്സരാർത്ഥികളുടെ മാനറിസവും മഹേഷ് അതുപോലെ പകർത്തുന്നുണ്ട്.
മഹേഷിന്റെ വീഡിയോ ധാരാളം ആളുകൾ കണ്ടു കഴിഞ്ഞു.അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുകയാണ്. ഇത് ലാലേട്ടൻ അടുത്ത ആഴ്ച്ച അവർക്ക് കാണിച്ച് കൊടുക്കണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടി, മഹേഷ് നിങ്ങളെ പോലെ ഇത്രയും പെർഫെക്ഷൻ ഉള്ള മിമിക്രി ആർടിസ്റ്റ് ലോകത്ത് വേറെ ഇല്ല, വിഷ്ണുവും സാഗറും കറക്റ്റാണ്, അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ എന്ന് തുടങ്ങിയവയാണ് കമന്റുകൾ.
ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ 70 ദിവസങ്ങൾ പിന്നിട്ടുകയാണ്. സാഗർ, ശോഭ, റിനോഷ്, ജുനൈസ്, വിഷ്ണു, അഖിൽ മാരാർ എന്നിവരാണ് ഈ ആഴ്ച്ചത്തെ നോമിനേഷനിലുള്ളത്. ഹൗസിലെ ഏറ്റവും മികച്ച അഞ്ചു മത്സരാർത്ഥികൾ ഒന്നിച്ചെത്തിയ നോമിനേഷൻ വളരെ ക്രൂഷ്യലാണെന്നാണ് പ്രേക്ഷകർ പറയുന്നത്.