Bigg Boss Malayalam Season 5: വാരാന്ത്യത്തിലാണ് സാധാരണ മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് എത്താറുള്ളത്. എന്നാൽ പതിവിനു വിപരീതമായി ബിഗ് ബോസ് വീട്ടിലേക്ക് ഈ ബുധനാഴ്ച മോഹൻലാൽ എത്തുകയാണ്. ചില സർപ്രൈസുകളുമായാണ് താരമെത്തുന്നത് എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഞായറാഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് ആദ്യ മത്സരാർത്ഥി പടിയിറങ്ങിയിരുന്നു, നടിയും മോഡലുമായ എയ്ഞ്ചലീൻ മരിയയാണ് പുറത്തായ ആ മത്സരാർത്ഥി. മൂന്ന് ആഴ്ച്ചകൾക്കു ശേഷമാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ആദ്യ എവിക്ഷൻ നടന്നത്. ആദ്യ ആഴ്ച്ചയിൽ നോമിനേഷൻ ലിസ്റ്റിൽ വന്നവർ തന്നെയാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി വോട്ടിംഗ് ലിസ്റ്റിൽ തുടരുന്നത്. അതിനാൽ തന്നെ, ഒരാൾ കൂടി ഈ ആഴ്ച വീടിനകത്തു നിന്നു പുറത്തുപോവാനുള്ള സാധ്യത തള്ളി കളയാനാവില്ല.
വിഷ്ണു ജോഷി, റെനീഷ റഹ്മാൻ, റിനോഷ് ജോർജ്, ലെച്ചു, ഗോപിക, അനിയൻ മിഥുൻ എന്നിവരാണ് ഈ ആഴ്ചയിലും നോമിനേഷനിൽ തുടരുന്നത്. വിഷ്ണു, റെനീഷ, റിനോഷ്, ഗോപിക, അനിയൻ എന്നിവർ ഗെയിമിൽ സേഫ് ആണെന്ന് മോഹൻലാൽ ഞായറാഴ്ച എപ്പിസോഡിൽ തന്നെ പറഞ്ഞിരുന്നു. ലെച്ചുവിന്റെയും എയ്ഞ്ചലീനയുടെയും പേരുകൾ മാത്രമാണ് എടുത്തു പറയാതിരുന്നത്. ഇതിൽ എയ്ഞ്ചലീന പുറത്തു പോവുകയും ചെയ്തു.
ഇപ്പോഴിതാ, കോമണറായി എത്തിയ ഗോപിക ഗോപുവും ഷോയിൽ നിന്നും പുറത്തായിരിക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഞായറാഴ്ചയ്ക്കു ശേഷം പുനരാരംഭിച്ച വോട്ടിംഗ് ചൊവ്വാഴ്ചയോടെ ക്ലോസ് ചെയ്തിരുന്നു. വോട്ടിംഗിൽ ഏറ്റവും പിന്നിലെത്തിയതിനെ തുടർന്നാണ് ഗോപിക പുറത്തുപോവുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ആദ്യ വൈൽഡ് കാർഡ് എൻട്രിയായ ഹനാൻ വന്ന് ഒരാഴ്ച തികയും മുൻപു തന്നെ ചില ആരോഗ്യപരമായ കാരണങ്ങളാൽ ഹൗസ് വിട്ടു പോവുകയായിരുന്നു. മത്സരാർത്ഥികളുടെ സേഫ് സോൺ ഗെയിം പൊളിക്കാൻ ഒരു വൈൽഡ് കാർഡ് എൻട്രിയുടെ ആവശ്യകതയുണ്ട്. മിഡ് വീക്ക് എവിക്ഷനൊപ്പം ഒരു വൈൽഡ് കാർഡ് എൻട്രി കൂടി വീടിനകത്തേക്ക് കടന്നു വരാനുള്ള സാധ്യതയും ഏറെയാണ്. സംവിധായകൻ ഒമർ ലുലു ആണ് ആ വൈൽഡ് കാർഡ് എൻട്രി എന്ന രീതിയിലും അഭ്യൂഹങ്ങളുണ്ട്. ഏഷ്യാനെറ്റ് ഇന്ന് പുറത്തുവിട്ട പ്രമോയിലും വീടിനകത്തേക്ക് എത്തുന്ന വൈൽഡ് കാർഡ് എൻട്രി ഒരു സംവിധായകനാണെന്ന സൂചനകളുണ്ട്.
എന്തായാലും ലാലേട്ടൻ പറഞ്ഞ ആ മിഡ് വീക്ക് സർപ്രൈസിനായി കാത്തിരിക്കാം.