Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിൽ നിന്ന് ആദ്യ മത്സരാർത്ഥി പടിയിറങ്ങിയിരിക്കുകയാണ്. നടിയും മോഡലുമായ ഏഞ്ചലീൻ മരിയയാണ് ഇന്നലെ മത്സരം അവസാനിപ്പിച്ച് ഷോയിൽ നിന്ന് പുറത്തായത്. മൂന്ന് ആഴ്ച്ചകൾക്കു ശേഷമാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ആദ്യ എവിക്ഷൻ നടക്കുന്നത്. ആദ്യ ആഴ്ച്ചയിൽ നോമിനേഷൻ ലിസ്റ്റിൽ വന്നവർ തന്നെയാണ് കഴിഞ്ഞ മൂന്ന് ആഴ്ച്ചകളായി പ്രേക്ഷകരുടെ സഹായം തേടിയത്.
ഏഞ്ചലീൻ മരിയ മാത്രമാണ് ഇതുവരെ ഹൗസിൽ നിന്ന് പുറത്തായ മത്സരാർത്ഥി. അതുകൊണ്ട് തന്നെ ഒരു മിഡ് വീക്ക് എവിക്ഷനുള്ള സാധ്യതകൾ തള്ളികളയാനാകില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സംശയത്തിന്റെ സാധ്യത കൂട്ടും വിധത്തിൽ വോട്ടിങ്ങ് ലിസ്റ്റിലുള്ളതും കഴിഞ്ഞ ആഴ്ചകളിൽ നോമിനേഷനിലുണ്ടായ മത്സരാർത്ഥികളുടെ പേര് തന്നെയാണ്. വിഷ്ണു ജോഷി, റെനീഷ റഹ്മാൻ, റിനോഷ് ജോർജ്, ലെച്ചു, ഗോപിക, അനിയൻ മിഥുൻ എന്നിവരുടെ പേരുകളാണ് ഹോട്ട്സ്റ്റാറിൽ വോട്ടിങ്ങ് ഓപ്ഷനിൽ പ്രത്യക്ഷപ്പെടുന്ന പേരുകൾ. ഞായറാഴ്ച എപ്പിസോഡിൽ മോഹൻലാൽ സൈൻ ഓഫ് പറയുന്ന സമയത്ത് ബുധനാഴ്ച വീണ്ടും കാണാമെന്ന് സൂചനയും നൽകിയിരുന്നു.
മിഡ് വീക്ക് എവിക്ഷന്റെ സാധ്യതകൾ പറയുമ്പോഴും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് പ്രതിഷേധങ്ങൾ ഉയരുകയാണ്. മൂന്ന് ആഴ്ചകളായി എന്തിനാണ് ഒരേ മത്സരാർത്ഥികളെ തന്നെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതെന്നും മോശമായി കളിക്കുന്നവർ ഹൗസിനകത്ത് സേഫാകുന്നു എന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏഞ്ചലീനു പുറകെ ഇനി ബിഗ് ബോസ് വീട്ടിൽ നിന്നും ആരാകും പുറത്തേക്ക് പോകുക എന്ന സംശയത്തിലാണ് പ്രേക്ഷകർ.