ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളിലൊരാളണ് സീരിയൽ താരമായ കെ എസ് മനീഷ. മത്സരത്തിനിടയിൽ മനീഷയുടെ ഭാഗത്തു നിന്നുണ്ടായ വളരെ തെറ്റായൊരു വാചകം ഏറെ വിമർശിക്കപ്പെട്ടിരുന്നു. റിനോഷുമായി ബെഡ് ഷെയർ ചെയ്യുന്നതിനിടയിൽ മനീഷ ദേവുവിനോട് പറഞ്ഞ വാചകമാണ് പ്രേക്ഷകർ ചോദ്യം ചെയ്തത്.”റിനോഷ് ഇന്ന് ഇവിടെയാണ് കിടക്കുന്നത്. ഞാൻ റിനോഷിനെ റേപ്പ് ചെയ്യാൻ പോകുകയാണ്.” ഇതു കേട്ടയുടനെ ദേവു പറയുന്നത് ശബ്ദമൊന്നും പുറത്തു കേൾക്കരുതെന്നാണ്. ഇതെല്ലാം കേട്ടു കിടക്കുന്ന റിനോഷ് ഒന്നിനോടും പ്രതികരിക്കുന്നുമില്ല.
എങ്ങനെയാണ് റേപ്പ് പോലൊരു ക്രൈം തമാശപൂർവം പറയാൻ കഴിയുന്നതെന്നാണ് പ്രേക്ഷകർ ചോദിച്ചത്. മത്സരാർത്ഥിയായ ലച്ചുവിന്റെ ദുരവസ്ഥ കേട്ട് പൊട്ടിക്കരഞ്ഞവർ തന്നെ ഇത്തരത്തിൽ ജോക്ക് നിർമിക്കുന്നതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ലെന്നും സോഷ്യൽ മീഡിയ പറയുന്നു.
അമ്മയ്ക്കു വേണ്ടി പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ് മനീഷയുടെ മകൾ നീരദ ഷീൻ. എന്നമ്മയല്ലാതാകുമോ എന്നാണ് നീരദ ചോദിക്കുന്നത്. അമ്മ അങ്ങനെ പറയുന്നതു കേട്ടപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും എത്ര മാപ്പ് പറഞ്ഞാലും പൊറുക്കാനാകുന്നതല്ലെന്നും കുറിപ്പിൽ പറയുന്നു.
ഒരവസരം ലഭിച്ചാൽ അമ്മ അത് തിരുത്തുമെന്നും മനുഷ്യരാരും പൂർണരല്ലെന്നും നീരദ കുറിച്ചു. അമ്മ ചെയ്തത് തെറ്റാണെന്ന് ഞാനും പറയുന്നെന്നും നീരദ കൂട്ടിച്ചേർത്തു. “പരീക്ഷ മുറിയിൽ ഇരുന്ന് ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 375 നെ കുറിച്ച് ശക്തമായി തർക്കിച്ചെഴുതുമ്പോൾ എന്റെ മനസ്സിനെ ഇവിടെ കുറിച്ച വാക്കുകൾ അലട്ടിക്കൊണ്ടിരുന്നു… ” നീരദയുടെ വാക്കുകളിങ്ങനെ.