Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 32 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. വഴക്കുകൾക്കും മത്സരബുദ്ധിയ്ക്കുമൊപ്പം രസകരമായ മുഹൂർത്തങ്ങളും മത്സരാർത്ഥികൾ പ്രേക്ഷകർക്കു സമ്മാനിക്കാറുണ്ട്. നടിയും അഭിനേത്രിയുമായ മനീഷയുടെ രസകരമായൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കുള്ള വസ്ത്രങ്ങൾ മത്സരാർത്ഥികളുടെ വീട്ടുകാരും സുഹൃത്തുക്കളും എത്തിക്കുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ നാലു ആഴ്ചകളായി മനീഷയ്ക്കുള്ള വസ്ത്രങ്ങൾ എത്തിയിട്ടില്ല. വന്നപ്പോൾ കൊണ്ടുവന്ന വസ്ത്രങ്ങൾ തന്നെ മാറിമാറി ധരിക്കുകയായിരുന്നു മനീഷ ഇത്രനാളും. ഇപ്പോഴിതാ, വസ്ത്രങ്ങൾ എത്താത്തതിലുള്ള പ്രതിഷേധം രസകരമായി അവതരിപ്പിക്കുകയാണ് മനീഷ.
ഒമർ ലുലുവിന്റെ മുണ്ടും ഷർട്ടും എടുത്ത് അണിഞ്ഞ് മുണ്ടും മടക്കി കുത്തി ക്യാമറയോട് സംസാരിക്കുന്ന മനീഷയെ ആണ് വീഡിയോയിൽ കാണാനാവുക. പീതാംബരൻ എന്നാണ് സഹമത്സരാർത്ഥികൾ മനീഷയ്ക്ക് പേരു നൽകിയിരിക്കുന്നത്.
അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ. 32 വർഷമായി സംഗീതമേഖലയിൽ സജീവമാണ് മനീഷ ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. തട്ടീം മുട്ടീം സിനിമയിലെ വാസവദത്ത എന്ന കഥാപാത്രം മനീഷയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തു.