Bigg Boss Malayalam Season 5: ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാർത്ഥികളായിരുന്നു ലെച്ചുവും ഹനാനും. വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയ ഹനാനു മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ മത്സരം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. കഴിഞ്ഞയാഴ്ച്ചയാണ് ലെച്ചു ഹൗസിൽ നിന്ന് മടങ്ങിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു ലെച്ചുവും ഹൗസിനോട് വിടപറഞ്ഞത്.
ഹൗസിനു പുറത്തെത്തിയ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മത്സരത്തിനിടയിൽ ഇരുവരും തമ്മിൽ ചെറിയ കലഹങ്ങളെല്ലാം ഉണ്ടായിരുന്നു. രത്നം ശേഖരിക്കുന്ന ടാസ്ക്കിനിടയിൽ തന്റെ ടീമിലെ മത്സരാർത്ഥിയെ അക്രമിച്ച ഹനാനോട് വളരെ വേറിട്ട രീതിയിലാണ് ലെച്ചു പ്രതികരിച്ചത്. രസകരമായി നൃത്തം ചെയ്തായിരുന്നു ലെച്ചു തന്റെ പ്രതിഷേധം അറിയിച്ചത്. ലെച്ചുവിന്റെ പ്രതിഷേധത്തെ കുറിച്ച് മോഹൻലാൽ എപ്പിസോഡിൽ പറയുകയും ചെയ്തിരുന്നു. പ്രേക്ഷകർക്കിടയിലും ഇതിന് നിറയെ അഭിനന്ദനങ്ങൾ ലഭിച്ചു.
മത്സരത്തിൽ നിന്ന് ഇരുവരും പുറത്തായെങ്കിലും അതേ രീതിയിൽ വഴക്കുണ്ടാക്കിയുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ്. യൂണോ കാർഡ് ഗെയിം കളിക്കുകയാണ് ലെച്ചുവും ഹനാനും. കളിക്കുന്നതിനിടയിൽ ഇരുവരും വഴക്കടിക്കുകയും അവസാനം ലെച്ചു അതേ രീതിയിൽ തന്നെ പ്രതികരിക്കുകയും ചെയ്യുന്നു. ഒടുവിൽ പൊട്ടിച്ചിരിയിലാണ് വീഡിയോ അവസാനിക്കുന്നത്.
ഇന്നലെയും ഇത്തരത്തിൽ രസകരമായ വീഡിയോ താരങ്ങൾ പങ്കുവച്ചിരുന്നു. ‘രോമാഞ്ചം’ ചിത്രത്തിലെ ‘ആത്മാവേ പോ’ എന്ന ഗാനത്തിൽ ഇരുവരും അഭിനയിക്കുന്ന റീലാണ് ഷെയർ ചെയ്തത്. ഹൗസിനകത്ത് അടിപ്പിടിയായിരുന്നെങ്കിലും പുറത്തിറങ്ങിയ ശേഷമുള്ള ഇരുവരുടെയും സൗഹൃദത്തെ പ്രേക്ഷകരും ആഘോഷിക്കുകയാണ്.
ബോൾഡ് ഫൊട്ടൊഷൂട്ടുകളിലൂടെ പോപ്പുലറായ താരമാണ് ലച്ചുഗ്രാം എന്ന ഐശ്വര്യ സുരേഷ്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന ലെച്ചു മുംബൈയിലാണ് താമസം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലൊക്കെ പ്രാവിണ്യം നേടിയിട്ടുണ്ട്.
ബിഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതലുള്ള പേരുകളിൽ ഒന്നാണ് ഹനാനിന്റേത്. സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് ഹനാൻ. സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. പിന്നീട് നടി, മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിലും ഹനാൻ പ്രശസ്തി നേടി.