Bigg Boss Malayalam Season 5 Latest Update: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ഷോയാണ് ബിഗ്ഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ച് അവസാനയാഴ്ചയോടെ സീസൺ അഞ്ചിന് തിരശ്ശീല ഉയരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
കഴിഞ്ഞ നാലു സീസണുകളിലും ഷോയുടെ അവതാരകനായി എത്തിയ മോഹൻലാൽ തന്നെയാണ് ഈ സീസണിലും ബിഗ് ബോസിനെ മുന്നോട്ടു നയിക്കുക. അതേസമയം, ഈ സീസണിൽ ആരൊക്കെയാണ് അതിഥികളായി എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 20 ഓളം പേരാണ് ഓരോ സീസണിലും മത്സരാർത്ഥികളായി എത്താറുള്ളത്.
മുംബൈ ഫിലിം സിറ്റിയിലായിരുന്നു നാലാം സീസണിനുള്ള സെറ്റൊരുങ്ങിയത്. ആദ്യ സീസണും മുംബൈയിലെ സെറ്റിലായിരുന്നു സംഘടിപ്പിച്ചത്. എന്നാൽ സീസൺ രണ്ടും മൂന്നും ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു സംഘടിപ്പിച്ചത്. ഇത്തവണ എവിടെയാവും ലൊക്കേഷൻ എന്ന കാര്യം വ്യക്തമല്ല.
മുൻ സീസണുകളിൽ യഥാക്രമം സാബുമോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ എന്നിവരാണ് ബിഗ് ബോസ് വിജയകിരീടം ചൂടിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവച്ചതു കാരണം രണ്ടാം സീസണിൽ വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല.