ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ നാലു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികൾക്കിടയിൽ സൗഹൃദവും വഴക്കും മത്സരബുദ്ധിയുമെല്ലാം ഇതിനകം തന്നെ ഉടലെടുത്തു കഴിഞ്ഞു. ചില വഴക്കുകൾക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ലെച്ചു ഗ്രാം എന്നറിയപ്പെടുന്ന ഐശ്വര്യ സുരേഷും വുഷു ചാമ്പ്യനായ അനിയൻ മിഥുനും തമ്മിലുള്ള സൗഹൃദനിമിഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ്ബോസ് വീട്ടിലെ നീന്തല്‍ കുളത്തിലേക്കുള്ള ലെച്ചുവിന്റെ സാഹസിക ജംപും ലെച്ചുവിനെ തോളിലെടുത്തുകൊണ്ടുള്ള അനിയന്റെ പ്രകടനവുമൊക്കെയാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. എന്തായാലും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ലച്ചു- മിഥുൻ കൂട്ടുക്കെട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്.
ആരാണ് അനിയൻ മിഥുൻ
വുഷു ചാംപ്യനായ അനിയൻ മിഥുൻ ഇന്ത്യൻ ടീമിലെത്തിയ ആദ്യ ദക്ഷിണേന്ത്യൻ താരമാണ്. തൃശ്ശൂർ നാട്ടിക സ്വദേശിയായ അനിയൻ മിഥുൻ കഴിഞ്ഞ വർഷം വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്നു. തായ്‌ലാൻഡിൽ നടന്ന ലോക ’പ്രോ വുഷു സാൻഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിലാണ് അനിയൻ സ്വർണം നേടിയത്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് 70 കിലോഗ്രാം വിഭാഗത്തിലായിരുന്നു അനിയന്റെ സ്വർണനേട്ടം.

സൗത്ത് ഏഷ്യൻ വുഷു സ്വർണമെഡൽ, കിക്ക് ബോക്സിങ്ങിൽ ദേശീയ ചാമ്പ്യൻഷിപ്പ്, ബെസ്റ്റ് വുഷു ഫൈറ്റർ പുരസ്കാരം, വേൾഡ് ബെസ്റ്റ് ഫൈറ്റർ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും അനിയൻ മിഥുനെ തേടിയെത്തിയിട്ടുണ്ട്. മികച്ച അത്‌ലറ്റിനുള്ള ജമ്മുകശ്മീർ ഭരണകൂടത്തിന്റെ പുരസ്കാരവും അടുത്തിടെ അനിയനെ തേടിയെത്തിയിരുന്നു.

ഐശ്വര്യ സുരേഷ്
ഐശ്വര്യ സുരേഷ് (ലെച്ചു ഗ്രാം) ബോൾഡ് ഫൊട്ടൊഷൂട്ടുകളിലൂടെ പോപ്പുലറായ താരമാണ് ലച്ചുഗ്രാം എന്ന ഐശ്വര്യ സുരേഷ്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന ലെച്ചു മുംബൈയിലാണ് താമസം.