Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ മത്സരാർത്ഥികൾ വീടിനകത്ത് ഇതിനകം 55 ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. വ്യക്തമായ ഗെയിം പ്ലാനോടെയും നിലപാടുകൾ ഉറക്കെ പറഞ്ഞും മുന്നോട്ടു പോവുകയാണ് മത്സരാർത്ഥികൾ. കഴിഞ്ഞയാഴ്ച, മത്സരാർത്ഥികൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില ട്വിസ്റ്റുകളും വീടിനകത്ത് നടന്നിരുന്നു. മാധ്യമപ്രവർത്തകരുമായുള്ള പ്രസ് മീറ്റും ബിബി ഹോട്ടൽ ടാസ്കിനിടെ വീട്ടിലേക്ക് അതിഥികളായി മുൻ സീസണിലെ മത്സരാർത്ഥികളായ രജിത് കുമാറിന്റെയും റോബിൻ രാധാകൃഷ്ണന്റെയും എൻട്രിയുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ഷോയുടെ നിയമങ്ങൾ തെറ്റിച്ച റോബിനെ ബിഗ് ബോസ് പുറത്താക്കുക കൂടി ചെയ്തതോടെ സംഭവബഹുലമാവുകയായിരുന്നു പോയവാരം.
ബിബി ഹോട്ടൽ ടാസ്കിനിടെ നിരവധി വാദപ്രതിവാദങ്ങൾക്കും സംഘർഷങ്ങൾക്കും വീട് സാക്ഷിയായപ്പോൾ രസകരമായ ചില നർമ്മ മൂഹൂർത്തങ്ങളും അവിടെ അരങ്ങേറുകയുണ്ടായി. അതിലൊന്ന് ജുനൈസ് മാരാർക്കു നൽകിയ പ്രാങ്ക് ആയിരുന്നു.
ബിബി ഹോട്ടൽ ടാസ്കിന്റെ ആദ്യദിനത്തിൽ മാനേജരുടെ വേഷം ലഭിച്ചത് ജുനൈസിനായിരുന്നു. സെക്യൂരിറ്റിയുടെ വേഷമായിരുന്നു അഖിൽ മാരാർക്ക് ലഭിച്ചത്. കിട്ടിയ മാനേജർ വേഷം നന്നായി ഉപയോഗിക്കാനും ജുനൈസിനു സാധിച്ചു. അതുവരെ ജുനൈസിന്റെ വാക്കുകൾക്ക് വലിയ വിലകൽപ്പിക്കാത്ത മത്സരാർത്ഥികളെയെല്ലാം ചൊൽപ്പടിയ്ക്ക് നിർത്താൻ ഈ മാനേജർ വേഷത്തിലൂടെ ജുനൈസിനു കഴിഞ്ഞുവെന്നു വേണം പറയാൻ. എന്നാൽ, രണ്ടാം ദിവസം മത്സരാർത്ഥികൾക്കു നൽകിയ കഥാപാത്രങ്ങളിൽ വലിയ മാറ്റങ്ങളാണ് ബിഗ് ബോസ് വരുത്തിയത്.
കൺഫെഷൻ റൂമിലേക്ക് ജുനൈസിനെ വിളിപ്പിച്ച് ടാസ്ക് ലെറ്റർ ബിഗ് ബോസ് കൈമാറി. തന്റെ മാനേജർ സ്ഥാനം പോയെന്ന് മനസ്സിലാക്കിയ ജുനൈസ് ലിവിംഗ് റൂമിലെത്തി സഹമത്സരാർത്ഥികളെ പുതിയ ടാസ്ക് ലെറ്റർ വായിച്ചു കേൾപ്പിച്ച രീതിയും അതിനിടയിൽ ഒപ്പിച്ച പ്രാങ്കും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
“ബിബി ഹോട്ടലിന്റെ സുവർണാഘോഷങ്ങളോട് അനുബന്ധിച്ച് സ്റ്റാഫിന്റെ തസ്തികകളിൽ ചില മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി പുതിയ മാനേജരായി…” എന്ന് വരെ വായിച്ച ജുനൈസ് അഖിലിനെ കൈകൊണ്ട് വരാൻ ക്ഷണിക്കുന്നു. ചിരിയോടെ എണീറ്റുവന്ന അഖിൽ ‘നായകൻ വീണ്ടും വരാ’ എന്ന ബിജിഎം ഒക്കെയിട്ട് സ്റ്റൈലോടെ അടുത്തേക്ക് വരുന്നു. അഖിലിൽ നിന്നും ഒരു ആലിംഗനവും ചോദിച്ചു വാങ്ങിയതിനു ശേഷമാണ് ജുനൈസ് കത്തിന്റെ ബാക്കി വായിക്കുന്നത്, “പുതിയ മാനേജരായി റിനോഷിനെ തിരഞ്ഞെടുത്തിരിക്കുന്നു.” ജുനൈസിന്റെ പ്രാങ്ക് എല്ലാവരിലും ചിരിയുണർത്തുകയും ചമ്മിയ അഖിൽ ജുനൈസിനെ തൂക്കിയെടുത്ത് ചമ്മൽ മറയ്ക്കുകയും ചെയ്യുന്നു.
ഈ സീസണിൽ കണ്ട ഏറ്റവും രസകരമായ പ്രാങ്ക് എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം, ആ പ്രാങ്കിനെ അതിന്റെ സെൻസിൽ തന്നെയെടുത്ത് രസകരമായി പ്രതികരിച്ച അഖിൽ മാരാറിനെയും ആളുകൾ അഭിനന്ദിക്കുന്നുണ്ട്.