Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 60 ദിവസങ്ങൾ പിന്നിടുകയാണ്. ബിഗ് ബോസ് വിജയ കിരീടത്തിലേക്ക് നാലാഴ്ച കൂടി ശേഷിക്കുമ്പോൾ മത്സരം കടുക്കുകയാണ്. വീടിനകത്ത് മിത്രങ്ങളായിരുന്ന പലരും ഇതിനകം തന്നെ അകന്നു തുടങ്ങിയിട്ടുണ്ട്. സാഗർ-ജുനൈസ് കൂട്ടുക്കെട്ടിലും അഖിൽ മാരാർ-വിഷ്ണു കൂട്ടുക്കെട്ടിലുമെല്ലാം വിളളലുകൾ വീണിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജയിൽ ടാസ്കിനിടെ സാഗറിനെയും നാദിറയേയും റോസ്റ്റ് ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ജുനൈസ്. ബിഗ് ബോസ് വീട്ടിലെത്തി ആദ്യ ആഴ്ച തന്നെ സുഹൃത്തുക്കളായി മാറിയ രണ്ടു മത്സരാർത്ഥികളാണ് സാഗറും ജുനൈസും. എന്നാൽ പിന്നീട് വീടിനകത്തുണ്ടായ സംഭവവികാസങ്ങളും സാഗർ-നാദിറ- സെറീന എന്നിവർക്കിടയിലെ ലവ് സ്ട്രാറ്റജിയുമൊക്കെ ഈ കൂട്ടുക്കെട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു.
ഈ ആഴ്ച നടന്ന ‘സൻമനസ്സുള്ളവർക്ക് സമാധാനം’ എന്ന വീക്ക്‌ലി ടാസ്കിൽ മോശം പ്രകടനം കാഴ്ച വച്ചതിനെ തുടർന്ന് സഹമത്സരാർത്ഥികളാൽ ജയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ ജുനൈസ്, സാഗർ, നാദിറ എന്നിവരായിരുന്നു. എന്നാൽ ടാസ്കിൽ വിജയിച്ച് ജയിൽ വാസത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു അവസരവും ബിഗ് ബോസ് ഇവർക്കേകി. അതുപ്രകാരം നടന്ന ടാസ്കിൽ വിജയിയായത് ജുനൈസ് ആണ്.
ചിരിയോ ചിരി ടാസ്ക്കിൽ നാദിറയേയും സാഗറിനെയും അനുകരിച്ച് സഹമത്സരാർത്ഥികളുടെ കയ്യടിയും വോട്ടും നേടിയത് ജുനൈസ് ആയിരുന്നു. ഇരുവരുടെയും ഗെയിം സ്ട്രാറ്റജികളും മാനറിസവുമെല്ലാം റോസ്റ്റ് ചെയ്യുന്ന ജുനൈസിനെയാണ് വീഡിയോയിൽ കാണാനാവുക. മൂന്നു പേരുടെയും പെർഫോമൻസിന് ശേഷം സഹ മത്സരാർത്ഥികൾ വോട്ട് ചെയ്തപ്പോൾ എല്ലാ വോട്ടും ലഭിച്ചത് ജുനൈസിനായിരുന്നു.
ജുനൈസിന്റെ പെർഫോമൻസ് പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടിയിട്ടുണ്ട്. തകർപ്പൻ പെർഫോമൻസ് കാഴ്ച വച്ച ജുനൈസിനെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. സാഗറിന്റെയും നാദിറയുടെയും എല്ലാ ഡ്രാമയും ജുനൈസ് പൊളിച്ചടുക്കിയെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം.