Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥികളിൽ ഒരാളാണ് പ്രശസ്ത യുട്യൂബറും കണ്ടന്റ് വീഡിയോ ക്രിയേറ്ററുമായ ജുനൈസ് വിപി. ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധ നേടിയ ജുനൈസ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്. ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ജുനൈസ് വ്ളോഗിംഗിലേക്ക് എത്തുന്നത്.
ഒട്ടും ഓർമിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടിക്കാലമല്ല ജുനൈസിനുള്ളത്. ജുനൈസിന് ആറുമാസം പ്രായമുള്ളപ്പോൾ ഉമ്മയെ ഉപ്പ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കുറ്റത്തിന് ഉപ്പ ജയിലിൽ ആയതോടെ അക്ഷരാർത്ഥത്തിൽ ജുനൈസ് അനാഥനായി. പിന്നീട് ബന്ധുക്കളാണ് ജുനൈസിനെ വളർത്തിയത്.
ജുനൈസ് ജീവിതം പറയുന്നു, “ഒരു വയസ്സിനു മുൻപെ എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. എന്റെ ഉപ്പയ്ക്ക് ഉമ്മയോട് അഗാധമായ സ്നേഹമായിരുന്നു. അവസാനം ആ സ്നേഹം കൂടികൂടി ഉപ്പയ്ക്ക് പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിന് എന്റെ ഉമ്മയെ കൊന്നുകളഞ്ഞു. ഗാർഹിക പീഡനത്തിന്റെ ഒരു ഇരയായിരുന്നു എന്റെ ഉമ്മ. ഉമ്മയെ കൊല്ലപ്പെടുത്തിയ അന്നു തന്നെ ഉപ്പയെ പൊലീസ് കൊണ്ടുപോയി. എന്നെയും എന്നേക്കാൾ ഒന്നരവയസ്സ് പ്രായം മാത്രം കൂടുതലുള്ള എന്റെ ചേട്ടനെയും ഉമ്മയുടെ സഹോദരൻ കണ്ണൂരിലെ ചെങ്ങളയെന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഉമ്മയും ഉപ്പയുമില്ലാത്തതിന്റെയോ വിഷമം അവിടെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അത്തരം ട്രോമകൾ ഒന്നും വരുത്താതെയാണ് ആ കുടുംബം എന്നെയും ജേഷ്ഠനെയും നോക്കിയത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എനിക്ക് ഉമ്മയില്ലെന്നു പോലും ഞാനറിയുന്നത്.”
നാട്ടുകാരുടെ സഹതാപമായിരുന്നു തന്നെ വേദനിപ്പിച്ചത് എന്നാണ് ജുനൈസ് പറയുന്നത്. “ഉമ്മയില്ലാത്ത വിഷമംഅറിയാതെയാണ് വളർന്നതെങ്കിലും ഹൈസ്കൂളിലൊക്കെ എത്തിയപ്പോൾ സമൂഹത്തിൽ നിന്നുള്ള സഹതാപ നോട്ടങ്ങളാണ് എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നത്. ഉപ്പയേയും ഉമ്മയേയും കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കിൽ എന്നുവരെ എനിക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ടൊക്കെയാവം, ചേട്ടനെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ ഞാൻ വളരെ നാണംകുണുങ്ങിയായ ഒരാളായിരുന്നു. ഒരു ഇൻട്രോവെർട്ടായി ഞാൻ മാറി. ഞാൻ ഒന്നിലും സ്മാർട്ടായിരുന്നില്ല. പഠിത്തതിലും ആവറേജാണ്. എക്സ്‌ട്രാ കരിക്കുലർ ആക്റ്റിവിറ്റികളൊക്കെ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിലും എന്നെ മനസ്സ് പിന്നോട്ടുവലിക്കും. എല്ലാവരും എന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്നൊക്കെ വിധിയെഴുതി തുടങ്ങി.”
“മീഡിയയിൽ വരണം, പ്രശസ്തനാവണം എന്നൊക്കെയായിരുന്നു ഡിഗ്രിയൊക്കെ ആയപ്പോൾ എന്റെ ആഗ്രഹം. ഞാനെന്ന വ്യക്തിയെ പ്രൂവ് ചെയ്യണം എന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഏഷ്യാനെറ്റിലെ സെൽമി ആൻസർ പ്രോഗ്രാമിൽ ഒരു മത്സരാർത്ഥിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അഞ്ചാമത്തെ ക്വസ്റ്റ്യനു ആ പരിപാടിയിൽ നിന്നും ഔട്ടായി. വീണ്ടും കളിയാക്കലുകൾ. ഞാൻ വീണ്ടും വിഷാദത്തിലായി. പിന്നീട് സൂര്യ ടിവിയിൽ ഡീൽ ഓർ നോട്ട് ഡീൽ പ്രോഗ്രാം വന്നപ്പോൾ ഞാൻ അപ്ലൈ ചെയ്തു, സെലക്ഷൻ കിട്ടി. അതോടെ കുറ്റപ്പെടുത്തിയ ആളുകളൊക്കെ പതിയെ അംഗീകരിച്ചു തുടങ്ങി.”
“ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലിയ്ക്ക് കയറിയ സമയത്താണ് മ്യൂസിക്കലി ആപ്പ് പോപ്പുലറായത്. ഞാനും അതിൽ വീഡിയോകൾ ക്രിയേറ്റ് ചെയ്തു തുടങ്ങി. എന്തു വെറുപ്പിക്കലാണ് നീയെന്നൊക്കെ തുടക്കത്തിൽ സഹപ്രവർത്തർ കളിയാക്കി. ആ സമയത്ത് മലയാളത്തിൽ ഓൺ വോയിസ് വീഡിയോ ചെയ്യുന്നവർ കുറവായിരുന്നു . ഞാൻ ആ ഏരിയയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നല്ല രീതിയിൽ ഫോളോവേഴ്സ് ഉണ്ടായി. ടിക്ടോക് ബാൻ ചെയ്തപ്പോഴാണ് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇൻസ്റ്റഗ്രാമിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോഴേക്കും ലോക്ക്ഡൗൺ വന്നു. പുതിയൊരു ജോലിസാധ്യതയുടെ വാതിലുകളാണ് ലോക്ക്ഡൗൺ തുറന്നിട്ടത്. ഒരു ക്രിയേറ്റർ എന്ന രീതിയിൽ എന്നെ വളർത്തിയതും ലോക്ക്ഡൗൺ കാലമാണ്. വീഡിയോകൾ അവതരിപ്പിക്കാനായി ഞാനൊരു കഥാപാത്രത്തെ ക്രിയേറ്റ് ചെയ്തു, ആമിന എന്ന പേരിൽ. ഇന്ന് നിങ്ങളിൽ പലരും എന്നെ അറിയുന്നത് ആമിന എന്ന ആ കഥാപാത്രത്തിലൂടെയാവും,” ജോഷ് ടോക് പരിപാടിയിലാണ് ജുനൈസ് തന്റെ ജീവിതകഥ പറഞ്ഞത്.
“നിങ്ങളെ രക്ഷപ്പെടുത്താൻ ആരും വരില്ല. നിങ്ങൾ തന്നെ നിങ്ങൾക്കായി ഇറങ്ങി തിരിക്കണം. ടോക്സിക് ആയ ബന്ധങ്ങൾ അത് സുഹൃത്തുക്കളായാലും റിലേഷൻഷിപ്പായാലും പാർട്ണറായാലും അതിനെ കൂടെ കൂട്ടാതിരിക്കുക. ഇമോഷണൽ ബ്ലാക്ക് മെയിലിനു മുന്നിൽ വീണ് നിങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾ വേണ്ടെന്നു വയ്ക്കരുത്,” എന്ന സന്ദേശവും ജുനൈസ് നൽകുന്നുണ്ട്.
ബിഗ് ബോസിലെ സഹമത്സരാർത്ഥികളോടും പ്രേക്ഷകരോടുമായി തന്റെ ജീവിതകഥ ഷെയർ ചെയ്തിരിക്കുകയാണ് ജുനൈസ് ഇപ്പോൾ. “സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീകൾക്ക് അത്യാവശ്യമുള്ള കാര്യം. എന്റെ ഉമ്മയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ എന്റെ ഉമ്മയും ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നേനെ,” എന്നാണ് ജീവിതാനുഭവങ്ങളുടെ കയ്പുനീർ കുടിച്ച ജുനൈസ് പറയുന്നത്.