Bigg Boss Malayalam Season 5: ഒർജിനൽ മനുഷ്യരുടെ തീപാറുന്ന പോരാട്ടം എന്നാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്നത് തീപ്പാറുന്ന പോരാട്ടമായിരിക്കും എന്ന സൂചനകളാണ് ബിഗ് ബോസ് ഹൗസും നൽകുന്നത്. ബാറ്റിൽ എന്ന തീമിലാണ് ബിഗ് ബോസ് ഹൗസിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. മേരി കോം, സർബ്ജിത്, ഭൂമി, പിഎം നരേന്ദ്ര മോദി തുടങ്ങിയ സിനിമകളുടെ സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ബിഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഒമംഗ് തന്നെയായിരുന്നു വീടൊരുക്കിയത്. ബിഗ് ബോസ് ഹിന്ദി, ലോക്ക് അപ്പ് തുടങ്ങിയ ജനപ്രിയ ഷോകളുടെ കലാസംവിധായകൻ കൂടിയാണ് ഒമംഗ്.

പഴയ തറവാടുകളെ ഓർമ്മിപ്പിക്കുന്നതാണ് ബിഗ് ബോസ് വീടിന്റെ പുറം കാഴ്ച. 100 ദിവസം വീടും നാടും പ്രിയപ്പെട്ടവരെയും വിട്ടെത്തുന്ന മത്സരാർത്ഥികൾക്കായി മുംബൈയുടെ മണ്ണിലും കേരളതനിമയുള്ള ഒരു വീടൊരുക്കുകയാണ് ഉമംഗ് ചെയ്തിരിക്കുന്നത്. ട്രെഡീഷണൽ കേരള സ്റ്റെലിലുള്ളതാണ് ബിഗ് ബോസ് വീടിന്റെ പുറംകാഴ്ച. തൂണുകളും മ്യൂറൽ ചിത്രങ്ങളുമൊക്കെയായി കാഴ്ചക്കാർക്കും മത്സരാർത്ഥികൾക്കും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ധാരാളം ഘടകങ്ങൾ ഈ ഡിസൈനിലുണ്ട്.

ഊഷ്മളമായൊരു അന്തരീക്ഷവും സുഖകരമായ അനുഭൂതിയും നൽകുന്ന രീതിയിലായിരുന്നു സീസൺ നാലിന്റെ സെറ്റ്. എന്നാൽ ഇത്തവണ, അത്ര പ്ലസന്റ് മൂഡല്ല ബിഗ് ബോസ് വീട് സമ്മാനിക്കുക. അൽപ്പം പേടിപ്പെടുത്തുന്ന ധാരാളം എലമെന്റുകൾ വീടിന്റെ ഇന്റീരിയറിൽ കാണാം. പ്രധാന എൻട്രൻസ് നിങ്ങളെ ഒരു യുദ്ധമുഖം ഓർമ്മിപ്പിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കിടപ്പറകൾ എന്ന കൺസെപ്റ്റ് ഇത്തവണയും ഇല്ല. ബെഡ് റൂമുകൾക്കിടയിൽ പാർട്ടീഷനുകളൊന്നും നൽകിയിട്ടില്ല. കഥകളി മുഖങ്ങളും ത്രിഡി ഡിസൈനുകളുമെല്ലാം ബെഡ് റൂം ഇന്റീരിയറിൽ ധാരാളമായി കാണാം.

പ്രധാന ഡൈനിംഗ് റൂമിനെ കൂടാതെ, സ്വിമ്മിംഗ് പൂളിനും ഗാർഡൻ ഏരിയയ്ക്കും അടുത്തായി ഒരു ഡൈനിംഗ് ഏരിയയും ഇത്തവണ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലേതു പോലെ ഒരു ബാൽക്കണി ഏരിയ ഇത്തവണയുമുണ്ട്. ബീച്ച് കൺസെപ്റ്റിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. പോർകളം ഫീലിൽ തന്നെയാണ് കൺഫെഷൻ റൂമിന്റെയും സജ്ജീകരണം.

കഴിഞ്ഞ നാലു സീസണുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഈ വീടൊരുക്കിയിരിക്കുന്നത്. “ട്രെഡീഷണൽ കേരള ഡിസൈൻ വീടു വേണം, പക്ഷേ യുദ്ധം എന്ന തീമിനെ ഓർമ്മിപ്പിക്കുകയും വേണം എന്നായിരുന്നു ബിഗ് ബോസ് ടീം എന്നോട് ആവശ്യപ്പെട്ടത്. ആ രണ്ടു കാര്യങ്ങളും ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” ബിഗ് ബോസ് ഹൗസിനെ കുറിച്ച് ഡിസൈനർ ഒമംഗ് പറയുന്നതിങ്ങനെ.

“മത്സരാർത്ഥികൾക്ക് വീടെന്ന ഫീൽ നൽകുന്നതിനൊപ്പം തന്നെ, തങ്ങളൊരു പോരാട്ടമുഖത്താണ് എന്ന് അവരെ ഓർമ്മിപ്പിക്കാനും ഈ വീടിനാവുമെന്ന് കരുതുന്നു. അത്തരത്തിൽ ക്രേസിയായൊരു ഡിസൈനാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്,” ഒമംഗ് കുമാർ കൂട്ടിച്ചേർത്തു.