Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിൽ ഗ്രൂപ്പിസത്തിന്റെ പേരിൽ ശ്രദ്ധ നേടുന്ന ഗ്യാങ്ങാണ് അഖിൽ മാരാർ- വിഷ്ണു- ഷിജു എന്നീ മൂവർ സംഘം. വീടിനകത്തെ ആക്റ്റിവിറ്റികളിലും ടാസ്കിലുമെല്ലാം ഈ ഗ്രൂപ്പിസത്തിന്റെ അലയൊലികൾ വ്യക്തമായി കാണാം. ബിഗ് ബോസ് വീട്ടിലെ ഏറ്റവും മുതിർന്ന അംഗമായ ഷിജുവിനെയും കായികപരമായി കരുത്തനായ വിഷ്ണുവിനെയും തന്റെ ചതുരംഗകളത്തിലെ കാലാളുകളായി നിർത്തി മുന്നോട്ടുപോവുന്ന സ്ട്രാറ്റജിയാണ് അഖിൽ മാരാർ പലപ്പോഴും കൈകൊള്ളുന്നത്. അഖിലിന്റെ പ്രജകളായി ഒതുങ്ങിപ്പോവുന്നു വിഷ്ണുവും ഷിജുവും എന്ന രീതിയിൽ മത്സരാർത്ഥികൾക്കിടയിൽ നിന്നും പ്രേക്ഷകർക്കിടയിൽ നിന്നും നിരന്തരം വിമർശനങ്ങൾ ഉയരുന്നുണ്ട്.
ബിഗ് ബോസ് വീട്ടിലെ അണ്ണനും തമ്പിയും എന്നറിയപ്പെടുന്നത് അഖിലും വിഷ്ണുവുമാണ്. അഖിലിനായി വിട്ടുകൊടുത്ത് ഗെയിം കളിക്കുന്ന രീതി മുൻപു പലപ്പോഴും വിഷ്ണു കാഴ്ച വച്ചിട്ടുമുണ്ട്. എന്തായാലും ഈ ആഴ്ചയിലെ ബിബി ഹോട്ടൽ ടാസ്ക് കഴിഞ്ഞപ്പോൾ, ടാസ്കിലും വീട്ടിലെ മറ്റു കാര്യങ്ങളിലും ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചതിന്റെ പേരിൽ ജയിൽ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് വിഷ്ണുവും അഖിലുമായിരുന്നു. ടാസ്ക് അലമ്പാക്കുകയും വീടിനകത്തെ ഉത്തരവാദിത്വങ്ങളിൽ നിന്നും ജോലികളിൽ നിന്നും ഒഴിഞ്ഞുമാറിയതും ഉറങ്ങി 100 ലക്ഷ്വറി പോയിന്റ് നഷ്ടമായതുമാണ് വിഷ്ണുവിന് വിനയായത്. അതേസമയം, ടാസ്കിൽ നിന്നും രാജിവച്ച് മാറിനിന്നതാണ് അഖിലിനെതിരെ ജയിൽ നോമിനേഷനുള്ള കാരണമായി മത്സരാർത്ഥികൾ ചൂണ്ടി കാണിച്ചത്.
“അണ്ണാനാണേ, തമ്പിയാണേ, രണ്ടാളും ഒരുമിച്ചിന്ന് ജയിലിലാണേ,” എന്ന പാട്ടും പാടികൊണ്ട് സന്തോഷത്തോടെയാണ് ഇരുവരും ജയിലിലേക്ക് പോയത്. “ഞങ്ങളുടെ ഷിജു ചേട്ടൻ തനിയെ പുറത്താണേ, ചേട്ടനെ നോക്കി കൊള്ളണേ,” എന്ന് തമാശയായി വിഷ്ണു സഹമത്സാരാർത്ഥികളോട് പറയുകയും ചെയ്യുന്നുണ്ട്.
പാട്ടും തമാശകളുമായി ഇരുവരും ജയിൽ വാസം ആഘോഷമാക്കുകയാണ്. അതേസമയം, ജയിലിൽ കിടക്കുന്ന വിഷ്ണുവിനെയും മാരാരെയും കളിയാക്കാനുള്ള അവസരം ശോഭയും ജുനൈസും പാഴാക്കിയതുമില്ല.
പാട്ടു പാടി പരസ്പരം ട്രോളുകയാണ് ഇരു ടീമുകളും. പാരഡി പാട്ടുകളുമായി പരസ്പരം കൊമ്പുകോർക്കുകയാണ് ശോഭ- ജുനൈസ് ടീമും വിഷ്ണു-മാരാർ ടീമും. എന്തായാലും ജയിൽ വാസം ആഘോഷമാക്കുകയാണ് അഖിൽ മാരാരും വിഷ്ണുവും.